| Thursday, 23rd September 2021, 3:34 pm

മോഹന്‍ലാലിന്റെ പേരില്‍ ജയസൂര്യ തന്ന പണി; രസകരമായ അനുഭവം പങ്കുവെച്ച് ലെന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റെ പേരില്‍ നടന്‍ ജയസൂര്യ തനിക്ക് തന്ന ഒരു കിടിലന്‍ പണിയെ കുറിച്ച് പറയുകയാണ് നടി ലെന. മുന്‍പ് ലാലേട്ടന്റെ പേരില്‍ താന്‍ ഒരു സുഹൃത്തിനെ പറ്റിച്ചിരുന്നെന്നും എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അതേ നാണയത്തില്‍ തന്നെ തനിക്ക് അതിന് തിരിച്ചടി കിട്ടിയെന്നുമാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ലെന പറയുന്നത്.

‘എനിക്ക് ഒരു സുഹൃത്തുണ്ട്. മോഹന്‍ലാലിന്റെ വലിയ ആരാധികയാണ്. ഒരിക്കല്‍ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ഞാന്‍ നമ്മുടെയൊരു മിമിക്രി താരത്തോടൊപ്പം ഇരിക്കുകയായിരുന്നു. അങ്ങനെ ഞാന്‍ അദ്ദേഹത്തോട് എന്റെ സുഹൃത്തിനെ കുറിച്ച് പറയുകയും അവളെ വിളിച്ച് ലാലേട്ടനെപ്പോലെ ഫോണില്‍ സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. പുള്ളി ഉടന്‍ തന്നെ അവളെ വിളിച്ച് ലാലേട്ടനെ പോലെ സംസാരിക്കുകയും ചെയ്തു.

പിന്നെ നമ്മള്‍ ചെയ്യുന്ന ഒരു കര്‍മം നമുക്ക് തന്നെ തിരിച്ചുകിട്ടുമെന്നാണല്ലോ. അത്തരത്തിലൊരു അനുഭവമാണ് എനിക്ക് പിന്നീടുണ്ടായത്.

ഞാന്‍ ഏഷ്യാനെറ്റില്‍ യുവര്‍ ചോയ്‌സ് എന്നൊരു പ്രോഗ്രാം ചെയ്തിരുന്നു. 12ാം ക്ലാസിലോ മറ്റോ പഠിക്കുമ്പോളാണ് അത്. ഓണം സ്‌പെഷ്യല്‍ എപ്പിഡോഡ് ചെയ്യാന്‍ എനിക്കൊപ്പം ജയസൂര്യയും ഉണ്ടായിരുന്നു.

ജയസൂര്യ അന്നത്ര പോപ്പുലറല്ല. ഞാനും ജയനുമൊക്കെ ഒരേ ഏജ് ഗ്രൂപ്പില്‍പ്പെട്ട, 12ാംക്ലാസൊക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. ഒരു കോളിങ് പ്രോഗ്രാമായിരുന്നു അത്. അങ്ങനെ പരിപാടിയുടെ അവസാനത്തില്‍ ജയസൂര്യ പറഞ്ഞു, ‘ഇന്ന് നമുക്കൊരു സ്‌പെഷ്യല്‍ കോളറുണ്ട്, ഞാന്‍ ഇപ്പോള്‍ റിവീല്‍ ചെയ്യാന്‍ പോകുന്നു, ഓണം സ്‌പെഷ്യലായിട്ട് നമ്മളെ വിളിക്കുന്നത് ലാലേട്ടനാണ് എന്ന് ‘.

അന്ന് മൊബൈല്‍ ഫോണും വീഡിയോ കോളുമൊന്നും ഇല്ലല്ലോ. അങ്ങനെ ലാലേട്ടന്‍ ഏഷ്യാനെറ്റിലെ ആ പ്രോഗ്രാമില്‍ ലാന്‍ഡ് ലൈനില്‍ വിളിച്ചു. ഞാന്‍ വളരെ ഭവ്യതയോടെ ‘നമസ്‌ക്കാരം സര്‍’ എന്നൊക്കെ പറഞ്ഞ് സംസാരിച്ചു തുടങ്ങി. അങ്ങനെ കോളൊക്കെ കഴിഞ്ഞ ശേഷം ‘ഇന്നത്തെ സര്‍പ്രൈസ് ലാലേട്ടന്‍ വിളിച്ചു എന്നുള്ളതല്ല, വിളിച്ചത് ലാലേട്ടന്‍ അല്ലെന്നുള്ളതാണ് ‘ എന്നായിരുന്നു ജയസൂര്യ പറഞ്ഞത്.

ലാലേട്ടന്റെ പേരില്‍ വിളിച്ചത് തന്റെ സുഹൃത്തായ ഒരു മിമിക്രി ആര്‍ടിസ്റ്റ് ആയിരുന്നു എന്നും ഇത് ലെനയ്ക്ക് കൊടുത്ത ചെറിയൊരു പണിയാണെന്നുകൂടി ജയന്‍ പറഞ്ഞു.

അങ്ങനെ മുന്‍പ് തന്റെ സുഹൃത്തിന് താന്‍ പേഴ്‌സണലായി കൊടുത്ത ഒരു പണി പബ്ലിക്കായി തനിക്ക് തിരിച്ചുകിട്ടിയെന്നും ലെന അഭിമുഖത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Actress Lena Share a Funny Experiance with Jayasurya

We use cookies to give you the best possible experience. Learn more