ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ത്രില്ലറുകള്‍ ഇറങ്ങുന്നത് മലയാളത്തില്‍; മോണ്‍സ്റ്റര്‍ കാണാനെത്തുന്നവരോട് ഒരു അഭ്യര്‍ത്ഥനയുണ്ട്: ലെന
Entertainment
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ത്രില്ലറുകള്‍ ഇറങ്ങുന്നത് മലയാളത്തില്‍; മോണ്‍സ്റ്റര്‍ കാണാനെത്തുന്നവരോട് ഒരു അഭ്യര്‍ത്ഥനയുണ്ട്: ലെന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 19th October 2022, 4:11 pm

ഒക്ടോബര്‍ 21ന് റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ കാണാനെത്തുന്നവരോട് അഭ്യര്‍ത്ഥനയുമായി നടി ലെന. ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ സ്‌പോയിലറുകള്‍ പുറത്തുവിടരുതെന്നാണ് ലെന വീഡിയോയിലൂടെ പറയുന്നത്.

മലയാളികള്‍ സസ്‌പെന്‍സ് കാത്തുസൂക്ഷിക്കാന്‍ കഴിയുന്നവരാണെന്നും അതുകൊണ്ടാണ് ഇവിടെ ഇത്രയധികം ത്രില്ലറുകള്‍ ഇറങ്ങുന്നതെന്നും ലെന പറഞ്ഞു. മലയാളികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഴോണറാണ് ത്രില്ലറെന്നും നടി കൂട്ടിച്ചേര്‍ത്തു.

 

‘മലയാളികള്‍ക്ക് എന്നും എപ്പോഴും ഏറ്റവും ഇഷ്ടപ്പെട്ട ഴോണറാണ് ത്രില്ലര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ത്രില്ലറുകളും സസ്‌പെന്‍സ് ത്രില്ലറുകളും ഇറങ്ങുന്നത് മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്നാണ്. അതില്‍ മലയാളി പ്രേക്ഷകരോട് പ്രത്യേകം നന്ദി പറയുന്നു.

മലയാളികള്‍ എല്ലാ സസ്‌പെന്‍സും അങ്ങനെ കാത്തുസൂക്ഷിക്കുന്ന പ്രേക്ഷകരായതുകൊണ്ടാണ് അത് സാധിക്കുന്നത്. അതുകൊണ്ട് മോണ്‍സ്റ്റര്‍ കണ്ടവരാരും സ്‌പോയിലറുകള്‍ പുറത്തുപറയരുത്.


ഒരുപാട് ട്വിസ്റ്റുകളും ടേണുകളും ത്രില്ലിങ് എലമെന്റുകളുമുള്ള ചിത്രമാണ് മോണ്‍സ്റ്റര്‍. അതുകൊണ്ട് തന്നെ എല്ലാവരും പോയി മോണ്‍സ്റ്റര്‍ കാണുക അതിന് ശേഷം സ്‌പോയിലറുകള്‍ പുറത്തു പറയാതിരിക്കുക(ചുണ്ടത്ത് വിരല്‍ വെച്ചുകൊണ്ട്),’ ലെന വീഡിയോയില്‍ പറഞ്ഞു.

മോണ്‍സ്റ്ററിലെ നായകനും വില്ലനും തിരക്കഥ തന്നെയാണെന്നായിരുന്നു കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പറഞ്ഞത്. ഒരുപാട് പ്രത്യേകതകളുള്ള സിനിമയാണ് മോണ്‍സ്റ്ററെന്നും മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്ര ധൈര്യപൂര്‍വം ഇങ്ങനെയൊരു പ്രമേയം അവതരിപ്പിക്കുന്നതെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞു.

‘ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് മോണ്‍സ്റ്റര്‍. ഒരുപാട് സര്‍പ്രൈസ് എലമെന്റുകളുണ്ട്. പ്രമേയമാണ് ഇതിലെ പ്രത്യേകത. ഒരുപക്ഷേ മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു പ്രമേയം ഇത്ര ധൈര്യപൂര്‍വം അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥ തന്നെയാണ് താരം.

ഹീറോ, വില്ലന്‍ കോണ്‍സെപ്റ്റൊക്കെ ഈ സിനിമയിലുണ്ടോന്ന് ചോദിച്ചാല്‍ തിരക്കഥ തന്നെയാണ് നായകന്‍, തിരക്കഥ തന്നെയാണ് വില്ലന്‍. ആ സിനിമയെ പറ്റി ഇത്രയേ പറയാനുള്ളൂ. വളരെ അപൂര്‍വമാണ് ഇത്തരം സിനിമകളില്‍ ഒരു ആക്ടറെന്ന നിലയില്‍ അഭിനയിക്കാന്‍ സാധിക്കുന്നത്. ഈ സിനിമയില്‍ അഭിനയിച്ചതില്‍ വളരെയധികം ഹാപ്പിയാണ് ഞാന്‍,’ മോഹന്‍ലാല്‍ പറഞ്ഞു.

പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ഉദയകൃഷ്ണയാണ് തിരക്കഥ.

അതേസമയം എല്‍.ജി.ബി.ടി.ക്യു രംഗങ്ങള്‍ ഉള്ളതിനാല്‍ ഗള്‍ഫ് മേഖലയില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുകയും തുടര്‍ന്ന് റീസെന്‍സറിങ് ചെയ്ത് ചില ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.

Content Highlight: Actress Lena requests audience not to give out spoilers of Mohanlal movie Monster