നാടന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെത്തി വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്ത് ആരാധകരുടെ മനസില്‍ ഇടംപിടിച്ച നടിയാണ് ലെന. രണ്ടാം ഭാവം എന്ന ചിത്രത്തിലെ ലെനയുടെ കഥാപാത്രം അന്ന് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. നാടന്‍ പെണ്‍കുട്ടിയായി രണ്ടാം ഭാവത്തില്‍ അഭിനയിച്ച സമയത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ലെന. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലെന.
രണ്ടാം ഭാവം ചെയ്യുന്ന സമയത്ത് ഞാന്‍ അങ്ങനെ ഒരു നാടന്‍ പെണ്‍കുട്ടിയായിരുന്നില്ല. ഹെവി മെറ്റലൊക്കെ ഇട്ട് ടാറ്റൂവൊക്കെ ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു. ആ സമയത്തായിരുന്നു നാടന്‍ റോളുകള്‍ കിട്ടിയത്. കാരണം അന്ന് സിനിമ അങ്ങനെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കുറച്ചുകൂടി നാടനായെന്നാണ് തോന്നുന്നത് (ചിരി).
ഇപ്പോള്‍ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അത്ര ചൂസി ആകേണ്ടി വരാറില്ലെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. എന്നെ ഇങ്ങോട്ട് തിരഞ്ഞുവരുന്ന റോളുകള്‍ പലതും മികച്ചതാണ്. എന്റെ ഭാഗ്യത്തിന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് എല്ലാം. പിന്നെ അങ്ങനെയുള്ള സംവിധായകര്‍ കാസ്റ്റ് ചെയ്യുന്നതുകൊണ്ട് ഈസിയായി ഓക്കെ പറയാന്‍ പറ്റുന്നുണ്ട്. അതുകൊണ്ട് തന്നെ വേണ്ടെന്ന് വെക്കുന്ന സിനിമകള്‍ കുറവാണ്. അത് വലിയ ഭാഗ്യമാണ്,’ ലെന പറഞ്ഞു.
സീരിയലില്‍ നിന്നും സിനിമയില്‍ എത്തിയതിനെ കുറിച്ചും അഭിമുഖത്തില്‍ താരം പറയുന്നുണ്ട്.
ഞാന്‍ സീരിയലില്‍ വന്ന സമയത്ത് സീരിയല്‍ യഥാര്‍ത്ഥത്തില്‍ ഒരു കാസ്റ്റിങ് ഗ്രൗണ്ട് ആയിരുന്നു. ആ ഒരു ചെറിയ സമയത്ത് മാത്രം. സുരേഷ് കൃഷ്ണ, അനൂപ് മേനോന്‍ തുടങ്ങിയവരൊക്കെ ആ സമയത്ത് സീരിയലില്‍ ഉണ്ടായിരുന്ന ആളുകളാണ്. പിന്നെ ഞാന്‍ കൂടെ അഭിനയിച്ചിരുന്നത് ശ്രീവിദ്യാമ്മ, തിലകന്‍ ചേട്ടന്‍, അശോകന്‍ ചേട്ടന്‍, സിദ്ദിഖ് ഇക്ക എന്നിവര്‍ക്കെല്ലാം ഒപ്പമായിരുന്നു. സിനിമയിലേക്കുള്ള ഒരു ചെറിയ വിന്‍ഡോ ആയിരുന്നു യഥാര്‍ത്ഥത്തില്‍ സീരിയല്‍. ഓമനത്തിങ്കള്‍ പക്ഷിയിലെ എന്റെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് ബിഗ് ബിയിലേക്ക് അമല്‍ നീരദ് കാസ്റ്റ് ചെയ്യുന്നത്, ലെന പറഞ്ഞു.
ബിഗ് ബിയുടെ സമയത്ത് തനിക്ക് എല്ലാവരേയും പേടിയായിരുന്നെന്നും ഒന്ന് സെറ്റില്‍ ആകാത്ത സമയമായിരുന്നു അതെന്നും ലെന പറയുന്നു. അന്നൊക്കെ മമ്മൂക്ക ഒരു വശത്തൂടെ വരുന്നത് കാണുമ്പോള്‍ ഞാന്‍ മറ്റൊരു വശത്തുകൂടി ഓടുമായിരുന്നു. ആ അവസ്ഥയായിരുന്നു.
ഭീഷ്മ ചെയ്യുമ്പോഴേക്കും മമ്മൂക്ക ചില്‍ഡ് ഔട്ട് ആയതാണോ അതോ എനിക്ക് ധൈര്യം കൂടിയതാണോ എന്നറിയില്ല. എന്തായാലും മമ്മൂക്ക ഇപ്പോള്‍ രൂപത്തില്‍ മാത്രമല്ല സ്വഭാവത്തിലും വളരെ യങ്ങര്‍ ആയിക്കൊണ്ടിരിക്കുകയാണ്. എല്ലാവരേക്കാളും യോ യോ മമ്മൂക്കയാണ്, താരം പറഞ്ഞു.
റിലീസ് ആകാനുള്ളതില്‍ ലവ് ജിഹാദ് വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണെന്നും വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലേതെന്നും ലെന പറഞ്ഞു. വേഷത്തിലും സ്വഭാവത്തിലും സംസാരത്തിലുമൊക്കെ ആ കഥാപാത്രം വ്യത്യസ്തമാണ്. അതുപോലെ മോണ്‍സ്റ്റര്‍ ആണ് റിലീസിന് തയ്യാറെടുക്കുന്ന വലിയ ചിത്രം. പിന്നെ ഓളവും, ലെന പറഞ്ഞു.
Content Highlight: Actress Lena About Randambhavan Movie and Bheeshmaparvam