പൃഥ്വിരാജിനെ പോലെ ഒരുപാട് കാര്യങ്ങള്‍ ഒരേസമയത്ത് ബാലന്‍സ് ചെയ്ത് പോകാനുള്ള കഴിവ് തനിക്കില്ലെന്ന് നടി ലെന. ലെന തിരക്കഥ എഴുതുന്ന ഓളം എന്ന സിനിമയെ കുറിച്ച് പറഞ്ഞതിനിടയിലാണ് പൃഥ്വിരാജിനെ കുറിച്ചും ലെന സംസാരിച്ചത്.
പൃഥ്വിരാജിനെ പോലെ സംവിധാനവും അഭിനയവുമൊക്കെ ഒരേസമയം ചെയ്ത് മുമ്പോട്ട് പോകാന്‍ നോക്കുകയാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് താരം. പൃഥ്വിരാജ് വളരെ ബ്രില്യന്റാണെന്നും അദ്ദേഹം മലയാള സിനിമയിലെ ഓള്‍ റൗണ്ടറാണെന്നുമാണ് ലെന പറഞ്ഞത്. ക്ലബ്ബ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.
‘പൃഥ്വിരാജിനെ പോലെ എല്ലാം ഒരേ പോലെ ബാലന്‍സ് ചെയ്ത് പോകാനുള്ള കഴിവ് എനിക്കില്ല. എനിക്കൊക്കെ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ കുറച്ച് മാസം വേറെ ഒന്നും ചെയ്യാതെ അക്കാര്യത്തില്‍ മാത്രം ഫോക്കസ് ചെയ്യേണ്ടി വരും. പൃഥ്വിരാജ് ഭയങ്കര ബ്രില്യന്റ് ആയിട്ടുള്ള വ്യക്തിയാണ്. ശരിക്കും അദ്ദേഹമൊരു ഓള്‍ റൗണ്ടറാണ്.
നിര്‍മാതാവ്, സംവിധായകന്‍ നടന്‍ എന്നീ റോളുകളെല്ലാം വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പൃഥ്വിരാജിന് കഴിയും. എന്നെകൊണ്ടൊന്നും അത് പറ്റില്ല. പൃഥ്വിയെ പോലെ എല്ലാം ഒരേസമയത്ത് ചെയ്യാന്‍ പോയിട്ട് എങ്ങാനും ഓള്‍ റൗണ്ടറായില്ലെങ്കില്‍ എന്റെ പണി പോകില്ലേ,’ ലെന പറഞ്ഞു.
അടുത്തിടെ താന്‍ അഭിനയിച്ച ബ്രിട്ടീഷ് ഇന്ത്യന്‍ സിനിമയായ ‘ഫൂട്ട് പ്രിന്റ്സ് ഓണ്‍ വാട്ടര്‍’നെ കുറിച്ചും ലെന അഭിമുഖത്തില്‍ പറഞ്ഞു.
‘ഞാന്‍ ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ സിനിമ ചെയ്ത് കഴിഞ്ഞു. ഫൂട്ട് പ്രിന്റ്സ് ഓണ്‍ വാട്ടര്‍ എന്നാണ് സിനിമയുടെ പേര്. ശരിക്കും ആ സിനിമയുടെ ഡയറക്ടര്‍ അടക്കമുള്ളവര്‍ എന്റെ കുടുംബം പോലെയായി മാറി. ആദില്‍ ഹുസൈന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു എന്നത് വലിയ കാര്യമാണ്.
സിനിമയുടെ സംവിധായകരായ നതാലി ശ്യാമും നിത ശ്യാമും മുകേഷേട്ടന്റെ നീസാണ്. അവര്‍ വര്‍ഷങ്ങളായി യു.കെയില്‍ സെറ്റില്‍ഡാണ്. അങ്ങനെയാണ് ഞാനൊരു ഇംഗ്ലീഷ് സിനിമയിലേക്ക് എത്തുന്നത്. ശരിക്കും അതൊരു ബ്രില്ല്യന്റ് എക്സ്പീരിയന്‍സായിരുന്നു,’ ലെന പറഞ്ഞു.
content highlight: actress lena about prithviraj