പതറാതെ തന്നെ ഡയലോഗ് പറയാന്‍ പഠിപ്പിച്ചത് മോഹന്‍ലാലാണെന്ന് നടി ലെന. സ്പിരിറ്റ് എന്ന സിനിമയില്‍ ഒന്നര പേജുള്ള ഡയലോഗ് താന്‍ പഠിക്കുന്നത് കണ്ടിട്ടാണ് മോഹന്‍ലാല്‍ തന്നെ സഹായിച്ചതെന്നാണ് ലെന പറഞ്ഞത്. ആ രഹസ്യം താന്‍ ആര്‍ക്കും വെറുതെ പറഞ്ഞ് കൊടുക്കില്ലെന്നും താരം പറഞ്ഞു.
മലയാള സിനിമയില്‍ പെട്ടെന്ന് ഡയലോഗ് പഠിക്കുന്ന മൂന്ന് താരങ്ങളാണ് ഉള്ളതെന്നും മോഹന്‍ലാല്‍, പൃഥ്വിരാജ്, സിദ്ദീഖ് എന്നിവരാണ് അതെന്നും ലെന കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”പതറാതെ ഡയലോഗ് പഠിപ്പിച്ചത് ലാലേട്ടനാണ്. സ്പിരിറ്റ് എന്ന സിനിമയില്‍ കുറേ സീനുകള്‍ പുതുതായിട്ട് എഴുതുമായിരുന്നു. അതില്‍ ഒരു പൊലീസ് സ്റ്റേഷന്‍ സീനുണ്ട്. ഞാന്‍ വലിയ ഡയലോഗ് പറയുന്ന സീനാണ്.
രാത്രി ലാലേട്ടനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടു വരുന്ന സീനായിരുന്നു അത്. ആ സീനില്‍ മുഴുവന്‍ ഡയലോഗും പറയുന്നത് ഞാനാണ്. ഒരു ആക്ടര്‍ എന്ന നിലയില്‍ നമുക്ക് വരുന്ന ഒരു ടെന്‍ഷനുണ്ട്. ലാലേട്ടനെ പോലെ ഇത്രയും വലിയ നടന്റെ മുന്നില്‍ നമ്മള്‍ ഇങ്ങനെ വെല്ലുവിളിക്കുന്ന ഡയലോഗുകള്‍ പറയുക എന്നത് ആക്ടര്‍ എന്ന നിലയില്‍ വലിയ വെല്ലുവിളിയാണ്. നമ്മുടെ ചങ്കുപിടക്കും.
അന്ന് എനിക്ക് ഇത്രപോലും എക്‌സ്പീരിയന്‍സായിട്ടില്ല. ഒന്നര പേജ് ഡയലോഗ് കയ്യില്‍ കിട്ടിയപ്പോള്‍ തന്നെ ഞാന്‍ ആകെ പേടിച്ചു. ഞാന്‍ ഓടി നടന്ന് ഇത് പഠിക്കുന്നത് ലാലേട്ടന്‍ ശ്രദ്ധിക്കുന്നുണ്ട്.
ഹലോ… എന്താ കാണിക്കുന്നതെന്ന് എന്നോട് ചോദിച്ചു. ഡയലോഗ് ഇത്രയും ഉള്ള കാര്യം ഞാന്‍ പറഞ്ഞു. പിന്നീട് അദ്ദേഹം പഠിക്കേണ്ട കൃത്യം രീതി എനിക്ക് പറഞ്ഞു തന്നു. ആ ടെക്‌നിക്ക് പക്ഷെ ഞാന്‍ ആര്‍ക്കും പറഞ്ഞ് കൊടുക്കില്ല. അതാണ് എന്റെ കരിയറും സിനിമയും എല്ലാം മാറ്റിയത്.
ഡയലോഗ് കയ്യില്‍ കിട്ടിയാല്‍ അപ്പോള്‍ തന്നെ പഠിക്കാനുള്ള കഴിവുള്ള മൂന്ന് നടന്മാരെ മലയാളത്തില്‍ ഉള്ളു. ലാലേട്ടന്‍, പൃഥ്വിരാജ്, സിദ്ദീഖ് ഇക്ക എന്നിവരാണ് അവര്‍,” ലെന പറഞ്ഞു.
എന്നാലും ന്റെ അളിയാ ആണ് ലെനയുടെ ഏറ്റവും പുതിയ ചിത്രം. സിദ്ദീഖ്, സുരാജ്, ഗായത്രി അരുണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിച്ചത്.
content highlight: actress lena about mohanlal