ഒരു രക്ഷയും ഇല്ലാത്ത ലുക്കായിരുന്നു, മമ്മൂക്കയെ തിയേറ്ററില്‍ കണ്ടപ്പോള്‍ ഞാനും സാധാരണ കാഴ്ചക്കാരിയായി: ലെന
Entertainment news
ഒരു രക്ഷയും ഇല്ലാത്ത ലുക്കായിരുന്നു, മമ്മൂക്കയെ തിയേറ്ററില്‍ കണ്ടപ്പോള്‍ ഞാനും സാധാരണ കാഴ്ചക്കാരിയായി: ലെന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th April 2023, 10:31 pm

അടുത്ത കാലത്ത് തനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമായ അഭിനയം മമ്മൂട്ടിയുടേതാണെന്ന് നടി ലെന. അദ്ദേഹത്തിന്റെ അഭിനയം കണ്ട് തനിക്ക് ആകെ അതിശയം തോന്നിയെന്നും ലെന പറഞ്ഞു.

ഭീഷ്മപര്‍വത്തിലെ അദ്ദേഹത്തിന്റെ അഭിനയം കണ്ടിട്ടാണ് തനിക്ക് പറയാന്‍ കഴിയാത്ത അനുഭവം ഉണ്ടായതെന്നും താരം പറഞ്ഞു. ഇതുവരെ കാണാത്ത ഒരു മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കണ്ടതെന്നും ലെന പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഭീഷ്മപര്‍വം ആയിരുന്നു ശരിക്കും എനിക്ക് എന്നാലും എന്റെ അളിയാ എന്ന ഫീല്‍ തോന്നിയ അഭിനയം. നമ്മള്‍ ഇതുവരെ കാണാത്ത ഒരു മമ്മൂക്കയാണ് ഭീഷ്മപര്‍വത്തില്‍ കണ്ടത്.

ആ പടത്തിന്റെ ഭാഗമാണെങ്കിലും തിയേറ്ററില്‍ കണ്ടപ്പോള്‍ സാധാരണ കാഴ്ചക്കാരിയെ പോലെയായിരുന്നു ഞാനും. മള്‍ട്ടിപ്പിള്‍ ടൈംസ് കണ്ട പടമാണ് ഭീഷ്മ. തിയേറ്ററില്‍ ഇരുന്ന് കയ്യടിയല്ല, ബഹളമായിരുന്നു.

ചിത്രത്തിലെ മമ്മൂക്കയുടെ ലുക്ക് ഒരു രക്ഷയും ഇല്ലാത്തതാണ്. അദ്ദേഹത്തെയാണ് ഞാന്‍ റോള്‍ മോഡലായിട്ട് കാണുന്നത്. ആ സിനിമ ഒരു രക്ഷയുമില്ല. അത്രയും മികച്ച പെര്‍ഫോമന്‍സാണ് മമ്മൂക്കയുടേത്,” ലെന പറഞ്ഞു.

വനിതയാണ് അവസാനം തിയേറ്ററില്‍ റിലീസ് ചെയ്ത ലെനയുടെ ചിത്രം. ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കഥ പറയുന്ന വനിത റഹിം ഖാദര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

ലെനയെ കൂടാതെ സീമ .ജി. നായര്‍, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത് രവി, സലിം കുമാര്‍, കലാഭവന്‍ നവാസ് തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഒപ്പം ഒരു കൂട്ടം യഥാര്‍ത്ഥ പൊലീസുകാരും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രം ജനുവരി 20നാണ് തിയേറ്ററുകളിലെത്തിയത്.

content highlight: actress lena about mammootty