| Monday, 20th February 2023, 2:41 pm

ശരിക്കും ഇതൊരു വേള്‍ഡ് ക്ലാസ് സിനിമയാണ്, ഇനി എനിക്ക് ഇംഗ്ലീഷില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടും: ലെന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നതാലി ശ്യാം, നിത ശ്യാം എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ബ്രിട്ടീഷ് ഇന്ത്യന്‍ സിനിമയാണ് ‘ഫൂട്ട് പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍'(foot prints on water). ചിത്രത്തില്‍ നടി ലെന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആ സിനിമയില്‍ അഭിനയിച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ലെനയിപ്പോള്‍.

ലോകത്തിന്റെ പല കോണില്‍ നിന്നുമുള്ള ആളുകള്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ അതൊരു വേള്‍ഡ് ക്ലാസ് സിനിമയായിരിക്കുമെന്നും ലെന പറഞ്ഞു. ഈ സിനിമയില്‍ നിരവധി സ്ത്രീകള്‍ ടെക്‌നിക്കല്‍ സൈഡില്‍ വരെ കാര്യമായി സംഭാവന ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ സിനിമ ചെയ്ത് കഴിഞ്ഞു. ഫൂട്ട് പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍ എന്നാണ് സിനിമയുടെ പേര്. ശരിക്കും ആ സിനിമയുടെ ഡയറക്ടര്‍ അടക്കമുള്ളവര്‍ എന്റെ കുടുംബം പോലെയായി മാറി. ആദില്‍ ഹുസൈന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു എന്നത് വലിയ കാര്യമാണ്.

സിനിമയുടെ സംവിധായകരായ നതാലി ശ്യാമും നിത ശ്യാമും മുകേഷേട്ടന്റെ നീസാണ്. അവര്‍ വര്‍ഷങ്ങളായി യു.കെയില്‍ സെറ്റില്‍ഡാണ്. അങ്ങനെയാണ് ഞാനൊരു ഇംഗ്ലീഷ് സിനിമയിലേക്ക് എത്തുന്നത്. ശരിക്കും അതൊരു ബ്രില്ല്യന്റ് എക്‌സ്പീരിയന്‍സായിരുന്നു. സിനിമ മുഴുവനും യു.കെയില്‍ തന്നെയാണ് ഷൂട്ട് ചെയ്തത്.

ഈ സിനിമ റിലീസാകുന്നതോടെ എനിക്ക് കൂടുതല്‍ ഇംഗ്ലീഷ് സിനിമയില്‍ അവസരം കിട്ടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സിനിമയുടെ പേര് പോലെ എന്റെ സ്വപ്‌നങ്ങള്‍ വെള്ളത്തിലാവില്ല എന്നാണ് ഞാന്‍ കരുതുന്നത്. സിനിമയുടെ റിലീസ് ഒക്കെ എങ്ങനെയായിരിക്കും എന്ന കാര്യത്തില്‍ എനിക്ക് വലിയ പിടിയില്ല. ഇത് എന്റെയും ആദ്യത്തെ അനുഭവമാണല്ലോ.

എനിക്ക് തോന്നുന്നു അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലൊക്കെ പ്രദര്‍ശിപ്പിച്ചതിന് ശേഷം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലായിരിക്കും സിനിമ വരുകയെന്ന്. ഞങ്ങളുടെ സിനിമയുടെ ക്രൂ എന്നുപറയുന്നത് ശരിക്കും വേള്‍ഡ് ക്ലാസായിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ആളുകള്‍ സിനിമയുടെ ഭാഗമായിട്ടുണ്ട്.

പിന്നെ ഈ സിനിമയില്‍ ഒരുപാട് സ്ത്രീകള്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ലൈറ്റിങ് ഏരിയയിലൊന്നും ഇതിന് മുമ്പ് ഞാന്‍ സ്ത്രീകളെ കണ്ടിട്ടില്ല. എന്നാല്‍ ഈ സിനിമയില്‍ ലൈറ്റിങ് ഏരിയയിലും ആര്‍ട്ടിലുമൊക്കെ സ്ത്രീകളായിരുന്നു. അതുപോലെ തന്നെ കഥ എഴുതിയതും സംവിധാനം ചെയ്തതുമൊക്കെ സ്ത്രീകളായിരുന്നു,’ ലെന പറഞ്ഞു.

content highlight: actress lena about her new english movie

We use cookies to give you the best possible experience. Learn more