പുരുഷന്മാര്‍ കരയാന്‍ പാടില്ല, സ്ത്രീകള്‍ക്ക് ഒരുപാട് ധൈര്യവും പാടില്ല; എന്ത് കഷ്ടമാണ്: ലെന
Entertainment news
പുരുഷന്മാര്‍ കരയാന്‍ പാടില്ല, സ്ത്രീകള്‍ക്ക് ഒരുപാട് ധൈര്യവും പാടില്ല; എന്ത് കഷ്ടമാണ്: ലെന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th April 2023, 10:14 pm

ഇവിടെ പുരുഷനായിട്ട് ജീവിക്കാനും സ്ത്രീയായിട്ട് ജീവിക്കാനും എളുപ്പമല്ലെന്ന് നടി ലെന. പുരുഷന്മാര്‍ കരയാന്‍ പാടില്ലെന്ന് പറയുന്നത് പോലെ സ്ത്രീ അധികം ധൈര്യം കാണിക്കാന്‍ പാടില്ലെന്നും സമൂഹം പറയുന്നുണ്ടെന്നും ലെന പറഞ്ഞു.

2023ല്‍ എങ്കിലും ലിംഗവ്യത്യാസങ്ങള്‍ കളയാന്‍ വേണ്ടിയാണ് നോക്കേണ്ടതെന്നും ലെന പറഞ്ഞു. മനുഷ്യനെ മനുഷ്യനായിട്ട് കാണേണ്ടതുണ്ടെന്നും ലെന പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഈ ഭൂമിയില്‍ പുരുഷനായിട്ട് ജീവിക്കാനും സ്ത്രീയായിട്ട് ജീവിക്കാനും എളുപ്പമല്ല. രണ്ടിനും അതിന്റേതായ കഷ്ടപ്പാടുണ്ട്. പുരുഷന്മാര്‍ക്ക് കരയാന്‍ പാടില്ല. കരഞ്ഞാല്‍ അവര്‍ വീക്കാണെന്നാണ് അര്‍ത്ഥം. എന്ത് കഷ്ടമാണെന്ന് നോക്കണം. മനുഷ്യന്മാര്‍ ആയാല്‍ കരയില്ലേ.

അതുപോലെ സ്ത്രീകള്‍ക്ക് ഒരുപാട് ധൈര്യം പാടില്ല. കുറച്ച് സ്ത്രൈണത കാണിക്കണം. എല്ലാത്തിനും അതിന്റേതായ കുറച്ച് ക്ലീഷേ സാധനങ്ങളുണ്ട്. നമ്മള്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്ന 2023ല്‍ ലിംഗവ്യത്യാസങ്ങള്‍ കളയാനാണ് നോക്കേണ്ടത്.

മനുഷ്യനെ മനുഷ്യനായിട്ട് കാണുക എന്നതാണ് എനിക്ക് തോന്നിയിട്ടുള്ള ഏറ്റവും വലിയ കാര്യം. ഞാന്‍ എന്നെ മെയില്‍ ഡൊമിനേറ്റഡ് വേള്‍ഡിലെ ഒരു സ്ത്രീയെന്ന രീതിയില്‍ കാണാന്‍ നോക്കിയിട്ടില്ല. എന്തിനേക്കാള്‍ വലിയ വാക്കാണ് റെസ്പെക്ട്. അത് പരസ്പരം കൊടുക്കുക,” ലെന പറഞ്ഞു.

വനിതയാണ് ലെനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. റഹിം ഖാദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊലീസ് ഉദ്യോഗസ്ഥയുടെ കഥ പറയുന്ന ചിത്രം ഫാമിലി എന്റര്‍ടെയ്നര്‍ ആയിരുന്നു. ശക്തമായ കഥാപാത്രമാണ് ചിത്രത്തില്‍ ലെനയുടേത്. ഷട്ടര്‍ സൗണ്ട് എന്റര്‍ടെയിന്‍മെന്റ്, മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളില്‍ ജബ്ബാര്‍ മരക്കാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

സീമ ജി നായര്‍, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത് രവി, സലിം കുമാര്‍, കലാഭവന്‍ നവാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം ഒരു കൂട്ടം യഥാര്‍ത്ഥ പോലീസുകാരും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

content highlight: actress lena about gender difference