സുരേഷ് ഗോപിയെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമാണ് രണ്ടാം ഭാവം. മണിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലെന അവതരിപ്പിച്ചത്. ചിത്രം തിയേറ്ററില്‍ റിലീസ് ആയപ്പോള്‍ മണികുട്ടിയെ സ്‌ക്രീനില്‍ കാണിക്കുമ്പോള്‍ പ്രേക്ഷകര്‍ കൂവുകയായിരുന്നുവെന്ന് ലെന പറഞ്ഞു.
സിനിമയില്‍ കഥാപാത്രത്തിന് താന്‍ സ്വന്തം ശബ്ദത്തിന് പകരം വളരെ ലൈറ്റായിട്ടാണ് ഡബ്ബ് ചെയ്തതെന്നും ഇതാണ് ആളുകളെ കൂവാനായി പ്രേരിപ്പിച്ചതെന്നും അതിന്റെ പേരില്‍ സിനിമ നിര്‍ത്തിയാലോയെന്ന് വരെ താന്‍ ചിന്തിച്ചിട്ടുണ്ടെന്ന് ലെന പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എനിക്ക് പണ്ട് എന്റെ വോയ്സ് ഇഷ്ടമല്ലായിരുന്നു. രണ്ടാം ഭാവം എന്ന സിനിമയില്‍ എന്റെ സ്വന്തം വോയ്സ് അല്ല ഉള്ളത്. ഞാന്‍ വളരെ പതുക്കെ നൈസായിട്ടാണ് അതില്‍ സംസാരിച്ചത്. എന്റെ തന്നെ വോയ്സില്‍ ഡബ്ബ് ചെയ്യാനായിരുന്നു ലാല്‍ജോസ് സാര്‍ പറഞ്ഞിരുന്നത്.
ഞാന്‍ സിനിമയില്‍ വരുന്നതിന് മുമ്പ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ പാറപ്പുറത്ത് ചിരട്ട ഉരക്കുന്ന ശബ്ദമാണ് എനിക്കെന്ന് പറഞ്ഞിരുന്നു. ഇതെന്റെ തലയില്‍ എപ്പോഴോ കേറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്നെ കൊണ്ട് ഡബ്ബ് ചെയ്യിക്കല്ലേയെന്ന് ഞാന്‍ സാറിനോട് പറഞ്ഞിരുന്നു.
കാരണം അന്ന് നല്ല കിളിനാദം പോലെയുള്ള ശബ്ദമാണ് ഹീറോയിന്‍സിന് ഉണ്ടാവുക. ഈ പാറപ്പുറത്ത് ചിരട്ട ഉരക്കുന്ന ശബ്ദം മണികുട്ടി എന്ന കഥാപാത്രത്തിന് എങ്ങനെ ചേരുമെന്നായിരുന്നു എന്റെ ടെന്‍ഷന്‍.
അന്ന് ഡബ്ബ് ചെയ്യാന്‍ ഇന്നത്തെ പോലെയായിരുന്നില്ല. ഡബ്ബ് ചെയ്ത് സിനിമ ഇറങ്ങിയപ്പോള്‍ കാണാന്‍ ഞാന്‍ തിയേറ്ററില്‍ പോയി. മണികുട്ടി സ്‌ക്രീനില്‍ വരുന്നു, വന്നപാടെ തിയേറ്ററിലെ ആളുകള്‍ മൊത്തം വലിയ കൂവല്‍. ആ ഒറ്റ അനുഭവം കൊണ്ട് സിനിമ നിര്‍ത്തിയാലോ എന്ന് ഞാന്‍ ആലോചിച്ചു,” ലെന പറഞ്ഞു.
content highlight: actress lena about dubbing experience