| Monday, 18th April 2022, 3:29 pm

ലെന ഓവറാക്കി ചളമാക്കുമോ എന്നായിരുന്നു പേടിയെന്ന് അമല്‍ നീരദ് പറഞ്ഞു; ഭീഷ്മ പര്‍വ്വം, കെ.ജി.എഫ് 2 ഡബ്ബിങ് വിശേഷങ്ങളുമായി ലെന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെയ്യുന്ന ഏത് വേഷവും അത് ചെറുതായാലും വലുതായാലും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്ന താരമാണ് ലെന.

അമ്മയായും സഹോദരിയായും ഭാര്യയായും കാമുകിയായും എത്തി രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ തുടരുകയാണ് ലെന. മമ്മൂട്ടി നായകനായ അമല്‍ നീരദ് ചിത്രം ഭീഷ്മയില്‍ മൈക്കിളപ്പന്റെ സഹോദരി വേഷത്തിലെത്തിയാണ് താര വീണ്ടും ശ്രദ്ധേയമായ ഒരു പ്രകടനം പ്രേക്ഷകന് മുന്നിലെത്തിച്ചത്.

സ്വന്തം താത്പര്യപ്രകാരം തെരഞ്ഞെടുത്ത വിവാഹജീവിതം വലിയ പരാജയമായതിന്റെ വേദനങ്ങള്‍ ഉള്ളിലടക്കി ജീവിക്കുന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ ലെനയുടേത്. ചിത്രത്തിലെ ലെനയുടെ ഡബ്ബിങ്ങും കയ്യടി നേടിയിരുന്നു.

ചിത്രത്തിലുടനീളമുള്ള കൊച്ചി സ്ലാംഗ് പഠിച്ചെടുത്തതിനെ കുറിച്ചും ഏറ്റവും ഒടുവില്‍ കെ.ജി.എഫ് 2 വില്‍ ഡബ്ബ് ചെയ്തതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ലെന. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഡബ്ബിങ് വിശേഷങ്ങള്‍ താരം പങ്കുവെച്ചത്.

‘ഭീഷ്മ പര്‍വ്വത്തില്‍ ഒരു കൊച്ചി സ്ലാംഗ് ഉണ്ടാവുമെന്ന് എനിക്ക് അറിയാമായിരുന്നു. ആകെയുള്ള ടെന്‍ഷന്‍ സിംഗ് സൗണ്ട് ആണ് എന്നുള്ളതായിരുന്നു. കൂടെ അഭിനയിക്കുന്നവരില്‍ മിക്കവരും കൊച്ചിക്കാരാണ്. പിന്നെ മമ്മൂക്കയാണ്. മമ്മൂക്ക ഏത് സ്ലാംഗും പിടിക്കും. അതിന്റെ ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും ഞാന്‍ ഹെവിയായിട്ട് ശ്രദ്ധിച്ച് അതിന് വേണ്ടി പ്രത്യേകിച്ച് ഒരു ഹോം വര്‍ക്കോ ഒന്നും ചെയ്തിട്ടില്ലായിരുന്നു.

ഏറ്റവും സഹായകരമായ ഒരു കാര്യം എന്ന് പറഞ്ഞാല്‍ സ്‌ക്രിപ്റ്റില്‍ ആ ഡയലോഗ് ആ ഭാഷയിലാണ് എഴുതിയിരുന്നത് എന്നതാണ്. അപ്പോള്‍ കുറേക്കൂടി എളുപ്പമായി. പിന്നെ നമ്മുടെ ചുറ്റും സംസാരിക്കുന്നവര്‍ ആ ഭാഷയാണ് ഉപയോഗിക്കുന്നത്. പിന്നെ ദേവദത്ത് ഷാജി നമ്മുടെ കൂടെ നിന്ന് സ്ലാംഗ് കറക്ട് ചെയ്യാനായിട്ട് സഹായിക്കുമായിരുന്നു.

ഒരുപാട് എഫേര്‍ട്ട് എടുത്ത് ചെയ്തതല്ല ആ സ്ലാംഗ്. കാരണം ഒരുപാട് ഫോഴ്‌സ് ചെയ്ത് ചെയ്തതായിട്ട് തോന്നാന്‍ പാടില്ല എന്നതുകൊണ്ട് കാഷ്വലി പറഞ്ഞതാണ്. പിന്നെ അമല്‍ നീരദിന്റെ മേക്കിങ്ങിന് തന്നെ ഒരു പ്രത്യേക ഒഴുക്കാണ്. നമ്മള്‍ ആ സെറ്റില്‍ എത്തിക്കഴിഞ്ഞാല്‍ തന്നെ ആ ഒരു മൂഡിലേക്ക് എത്തും.

അങ്ങനെ ഞാന്‍ പോലും അറിയാതെയാണ് ആ സ്ലാംഗ് പിടിച്ചത്. തിയേറ്ററില്‍ കണ്ടപ്പോള്‍ നന്നായി തോന്നി. പലരും മികച്ച അഭിപ്രായം പറഞ്ഞു. ഞാന്‍ അഭിനയിക്കുമ്പോള്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല.

‘ലെന ആ സ്ലാംഗ് പിടിച്ചത് എനിക്ക് സമാധാനമായി, ഞാന്‍ വിചാരിച്ചു ഇനി ലെന തൃശൂര്‍ ഭാഷയോ വേറെ ഏതെങ്കിലും ഭാഷയോ കവറപ്പ് ചെയ്യാന്‍ വേണ്ടി ഓവറാക്കുമോ എന്നായിരുന്നു പേടി’യെന്ന് അമല്‍ നീരദ് പറഞ്ഞിരുന്നു. പിന്നെ ഡയലോഗ് ആ ലാംഗ്വേജില്‍ എഴുതിയതുകൊണ്ടാണ് അത്രയും എളുപ്പമായത്, ലെന പറഞ്ഞു.

കെ.ജി.എഫ് 2 വില്‍ രവീണ ടന്‍ഡന് വേണ്ടി ഡബ്ബ് ചെയ്തത് വലിയൊരു അനുഭവമായിരുന്നെന്നും ലെന പറഞ്ഞു. കെ.ജി.എഫ് 2 കണ്ടപ്പോള്‍ ഞാനും ആ സിനിമയില്‍ അഭിനയിച്ച ഫീലായിരുന്നു എനിക്ക്. ഇത്രയും വലിയ ഫ്രാഞ്ചൈസിന്റെ ഭാഗമാകാന്‍ പറ്റിയതില്‍ ഭയങ്കര സന്തോഷമുണ്ട്.

മലയാളത്തില്‍ ഒരു സിനിമയിലും ഇതുപോലെ ഡബ്ബ് ചെയ്യാന്‍ അവസരം കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഇതുപോലെ പഞ്ച് ഡയലോഗ് മാത്രം പറയുന്ന സിനിമകള്‍ നമ്മള്‍ ചെയ്യാറില്ലല്ലോ. ഇതൊരു വ്യത്യസ്തമായ അനുഭവമായിരുന്നു.

ബെംഗളൂരുവിലെ ആകാശ് സ്റ്റുഡിയോ ആയിരുന്നു ഡബ്ബിങ് കേന്ദ്രം. അവരുടെ വര്‍ക്കിങ് സ്‌റ്റൈല്‍ തന്നെ വേറെയാണ്. ശങ്കര്‍ രാമകൃഷ്ണനാണ് കെ.ജി.എഫ് 2 വിന്റെ ഡയലോഗ് മലയാളത്തിലേക്ക് എഴുതിയിരിക്കുന്നത്. കെ.ജിഎഫ് 2 മലയാളത്തില്‍ കാണുമ്പോള്‍ ഒരു മലയാളം സിനിമ കാണുന്ന അതേ ഫീലോടെ കാണാന്‍ സാധിക്കുന്നത് ഓരോ ഡയലോഗ്‌സും പഞ്ചോട് കൂടി റീ റിട്ടണ്‍ ആയി മലയാളത്തില്‍ എഴുതിയതുകൊണ്ടാണ്. പിന്നെ വോയ്‌സ് ആര്‍ടിസ്റ്റും ആക്ടേഴ്‌സും ചേര്‍ന്ന് വലിയൊരു മലയാള സിനിമയുടെ ഫീലാണ് കൊടുത്തിരിക്കുന്നത്. നോണ്‍ മലയാളം മേക്കിങ്ങില്‍ ഉള്ള മലയാളം സിനിമ കാണുന്ന ഇഫക്ട് ആണ് ഉള്ളത്. പിന്നെ റോക്കി ഭായ് തകര്‍ക്കുകയാണല്ലോ, ലെന പറഞ്ഞു.

Content Highlight: Actress Lena About Bheeshmaparvam and KGF 2 dubbing

We use cookies to give you the best possible experience. Learn more