Kerala News
എന്റെ വീടിന് വെള്ളയടിക്കാന്‍ സാറിനെ ഏല്‍പ്പിച്ചാലോ; വെടിയേറ്റയാളുടെ നെഞ്ചിലേക്ക് ചാടിയ ഫോട്ടോഗ്രാഫറെ ന്യായീകരിക്കാന്‍ ശ്രമിച്ച രവിചന്ദ്രനെതിരെ ലാലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Sep 25, 02:23 pm
Saturday, 25th September 2021, 7:53 pm

കോഴിക്കോട്: അസമിലെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ഗ്രാമവാസിയുടെ നെഞ്ചിലേക്ക് ചാടിയ ഫോട്ടോഗ്രാഫറെക്കുറിച്ചുള്ള നിരീശ്വരവാദി സി. രവിചന്ദ്രന്റെ പ്രതികരണത്തിനെതിരെ നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായി ലാലി പി.എം.

വെടിയേറ്റ് വീണ് കിടക്കുന്നയാളുടെ ദേഹത്തേക്ക് ചാടിവീഴുന്ന ഫോട്ടോഗ്രാഫറെ അക്രമാസക്തനാക്കുന്നതിന്റെ കാരണമെന്താണ് എന്ന് വ്യക്തമല്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു രവിചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇതിനെതിരെയാണ് ലാലിയുടെ പ്രതികരണം.

‘ എന്റെ വീടിന് വെള്ളയടിക്കാന്‍ സാറിനെ ഏല്‍പ്പിച്ചാലോന്ന് ഒരാലോചന. എത്രയാ റേറ്റ്,’ എന്നായിരുന്നു ലാലി, രവിചന്ദ്രന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

ഫോട്ടോഗ്രാഫറെ അക്രമത്തിന് പ്രേരിപ്പിച്ചത് മുസ്‌ലിമിനോടുള്ള കുടിയേറ്റ വിരോധവും ഹിന്ദുവിന്റെ അമിതദേശീയതയുമാണെന്ന് പറഞ്ഞ് മറ്റൊരു പോസ്റ്റ് ലാലി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.


വ്യാഴാഴ്ചയാണ് കൈയേറ്റമൊഴിപ്പിക്കാനെന്ന പേരില്‍ ധറാംഗ് ജില്ലയിലെ സിപാജര്‍ ഗ്രാമത്തില്‍ പൊലീസ് വെടിവെപ്പ് നടത്തിയത്.

സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്.

അതേസമയം സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാരെ ക്രൂരമായി ആക്രമിച്ച ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ധറാംഗ് ജില്ലാ അഡ്മിനിസ്ട്രഷന്‍ ഫോട്ടോഗ്രാഫര്‍ ബിജയ് ഷങ്കര്‍ ബനിയയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ ദിവസം പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ വ്യക്തിയെ ബിജയ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഫോട്ടോഗ്രാഫര്‍ ക്രൂരമായി ഇയാളെ മര്‍ദ്ദിക്കുന്നതും ഒന്നിലേറെ തവണ ചാടി നെഞ്ചില്‍ ചവിട്ടുകയും ചെയതത്.

ഓടി വന്ന് നെഞ്ചിലേക്ക് ചാടി ചവിട്ടുന്നതും പിന്നീട് കാലുപയോഗിച്ച് കഴുത്തില്‍ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഒടുവില്‍ പൊലീസ് ഇയാളെ പിടിച്ചുമാറ്റിയിരുന്നു. എന്നാല്‍ വീണ്ടും ഇയാള്‍ ഓടി വന്ന് പരിക്കേറ്റയാളെ മര്‍ദ്ദിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഫോട്ടോഗ്രാഫറെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ അസം സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Lali PM trolls Ravichandran C