പതിനായിരം വട്ടം നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരുവന്‍, അയാളെ തടയാന്‍ ഒരാള്‍ക്കും കഴിയില്ല; ജോജുവിന് പിന്തുണയുമായി ലക്ഷ്മി പ്രിയ
Malayalam Cinema
പതിനായിരം വട്ടം നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരുവന്‍, അയാളെ തടയാന്‍ ഒരാള്‍ക്കും കഴിയില്ല; ജോജുവിന് പിന്തുണയുമായി ലക്ഷ്മി പ്രിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd November 2021, 3:17 pm

കൊച്ചി: നടന്‍ ജോജു ജോര്‍ജ്ജിന് പിന്തുണയുമായി നടി ലക്ഷ്മി പ്രിയ. ജോജുവിന്റെ കണ്ണുകളില്‍ നിങ്ങള്‍ കണ്ടത് മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ലെന്നും അദ്ദേഹം കടന്നു വന്ന വഴികളിലെ നൂറ് കണക്കിന് തിരസ്‌കാരങ്ങളുടെയും അവജ്ഞയുടെയും മാറ്റിനിര്‍ത്തപ്പെടലുകളുടെയും മുറിപ്പാടുകളില്‍ നിന്നും ആര്‍ജ്ജിച്ച കരളുറപ്പിന്റെ കരുത്താണെന്നും ലക്ഷ്മി പ്രിയ ഫേസ്ബുക്കില്‍ എഴുതി.

ജോജുവിന്റെ പ്രതിഷേധം സാധാരണക്കാരന്റെ പ്രതിഷേധമാണ്, അയാളുടെ ഉയര്‍ന്ന ശബ്ദം സാധാരണക്കാരന്റെ ശബ്ദമാണ്. അയാളുടെ വാക്കുകള്‍ നമ്മുടെ വാക്കുകളാണ്. അതെ അയാള്‍ നമ്മുടെ പ്രതിനിധിയാണ്.

പതിനായിരം വട്ടം നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരുവന്‍. അയാളെ തടയാന്‍ ഒരാള്‍ക്കും കഴിയില്ല. അയാള്‍ പ്രതികരിച്ചു കൊണ്ടേ ഇരിക്കും. കൂടുതല്‍ കൂടുതല്‍ കരുതത്തോടെ, ലക്ഷ്മി പ്രിയ പറഞ്ഞു.

ഇയാളെ സന്തോഷിപ്പിച്ചിട്ട് വേണം ചേച്ചിയ്ക്ക് ചാന്‍സ് ഉണ്ടാവാന്‍ എന്ന് കമന്റ് ഇട്ട് സന്തോഷിക്കാന്‍ നോക്കുന്നവരോട്, ഇത്ര കാലം മലയാള സിനിമയില്‍ തുടരാം എന്നും ഇത്ര സിനിമകള്‍ ചെയ്തു കൊള്ളാം എന്നും ഞാനാര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാനുള്ള വകയൊക്കെ ഞാന്‍ സമ്പാദിച്ചു വച്ചിട്ടുണ്ട്. ഓക്കെ താങ്ക്‌സ്, ലക്ഷ്മി പ്രിയ കുറിച്ചു.

ലക്ഷ്മിപ്രിയയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ മനുഷ്യന്റെ കണ്ണുകളില്‍ നിങ്ങള്‍ കണ്ടത് മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ല! അദ്ദേഹം കടന്നു വന്ന വഴികളിലെ നൂറ് കണക്കിന് തിരസ്‌കാരങ്ങളുടെയും അവജ്ഞയുടെയും, പുച്ഛത്തിന്റെയും മാറ്റിനിര്‍ത്തപ്പെടലുകളുടെയും മുറിപ്പാടുകളില്‍ നിന്നും ആര്‍ജ്ജിച്ച കരളുറപ്പിന്റെ കരുത്താണ്! നിരാസങ്ങളുടെ ഇടയില്‍ നിന്നും സ്വന്തമായി വഴി വെട്ടി മുന്നേറിയവന്റെ നിശ്ചയ ദാര്‍ഢ്യം! ദന്ത ഗോപുരങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നവരില്‍ നിന്നും ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്ന പിന്‍ബലം അനുഭവങ്ങളുടെ മൂശയില്‍ ഉരുകി ഉറച്ച മനക്കരുത്താണ്. ഒരാള്‍ക്കും ഊഹിക്കാന്‍ പോലും കഴിയാത്തത്ര ബലം അതിനുണ്ട്!

അതുകൊണ്ട് തന്നെ അയാള്‍ കരയുമ്പോള്‍ അത് സാധാരണക്കാരന്റെ കരച്ചില്‍ ആവുന്നു. അയാളുടെ ചിരി സാധാരണക്കാരന്റെ സന്തോഷമാവുന്നു. അയാളുടെ പ്രതിഷേധം സാധാരണക്കാരന്റെ പ്രതിഷേധമാണ്, അയാളുടെ ഉയര്‍ന്ന ശബ്ദം സാധാരണക്കാരന്റെ ശബ്ദമാണ്, അയാളുടെ വാക്കുകള്‍ നമ്മുടെ വാക്കുകളാണ്. അതേ അയാള്‍ നമ്മുടെ പ്രതിനിധിയാണ്. പതിനായിരം വട്ടം നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരുവന്‍. അയാളെ തടയാന്‍ ഒരാള്‍ക്കും കഴിയില്ല.അയാള്‍ പ്രതികരിച്ചു കൊണ്ടേ ഇരിക്കും. കൂടുതല്‍ കൂടുതല്‍ കരുതത്തോടെ. Support Joju George

നിങ്ങള്‍ക്ക് തല്ലിത്തകര്‍ക്കാന്‍ നോക്കാം, എന്നാല്‍ തടയാന്‍ നിങ്ങള്‍ക്ക് കഴിയില്ല.

നബി : ഇയാളെ സന്തോഷിപ്പിച്ചിട്ട് വേണം ചേച്ചിയ്ക്ക് ചാന്‍സ് ഉണ്ടാവാന്‍ എന്ന കമെന്റ് ഇട്ട് സന്തോഷിക്കാന്‍ നോക്കുന്നവരോട്, ഇത്ര കാലം മലയാള സിനിമയില്‍ തുടരാം എന്നും ഇത്ര സിനിമകള്‍ ചെയ്തു കൊള്ളാം എന്നും ഞാനാര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാനുള്ള വകയൊക്കെ ഞാന്‍ സമ്പാദിച്ചു വച്ചിട്ടുണ്ട്. Ok Thanks.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlight: Actress Lakshmi Priya Support Joju George