| Wednesday, 27th July 2022, 12:55 pm

നിക്കറിട്ട് ഡാന്‍സ് കളിച്ചാലൊന്നും സിനിമയില്‍ അവസരം കിട്ടില്ലെന്നാണ് ചിലരുടെ കമന്റുകള്‍; വിവരം ഇല്ലാത്തവരല്ലേ വിട്ടുകളയും: കൃഷ്ണപ്രഭ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയനടിയായി മാറിയ താരമാണ് കൃഷ്ണപ്രഭ. മാടമ്പി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ കൃഷ്ണപ്രഭ മികച്ച ഒരു നര്‍ത്തകിയും ഗായികയും കൂടിയാണ്.

ഇന്‍സ്റ്റഗ്രാം റീല്‍സുകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരംകൂടിയാണ് കൃഷ്ണപ്രഭ. കൃഷ്ണപ്രഭയും സുഹൃത്ത് സുനിതയും ചേര്‍ന്നുള്ള ഡാന്‍സ് റീലുകള്‍ക്ക് ലക്ഷണക്കണക്കിന് ആരാധകരാണുള്ളത്. ഒരേ കോസ്റ്റിയൂം ധരിച്ചുകൊണ്ടുള്ള ഇരുവരുടേയും ഡാന്‍സിന് വലിയ കയ്യടിയാണ് ലഭിക്കാറുള്ളത്.

നിരവധി അഭിനന്ദനങ്ങള്‍ വീഡിയോയ്ക്ക് ലഭിക്കുമ്പോഴും ചില നെഗറ്റീവ് കമന്റ്‌സുകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരാറുണ്ടെന്ന് പറയുകയാണ് കൃഷ്ണപ്രഭ. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന മോശം കമന്റുകളെ കുറിച്ച് താരം മനസുതുറന്നത്.

എന്നെ കുറിച്ച് വരുന്ന ഗോസിപ്പുകളൊന്നും കാര്യമായി ശ്രദ്ധിക്കാറില്ല. ഞങ്ങളുടെ റീല്‍സിന്റെ താഴെ ചിലര്‍ കമന്റ്‌സിടും. ഞാന്‍ കമന്റ്‌സ് വായിച്ചാല്‍ പിന്നെ അവന്റെ അവസാനമായിരിക്കും. അതോണ്ട് വായിക്കാറില്ല(ചിരി). ചില വീഡിയോകളില്‍ ഞങ്ങള്‍ ഷോട്ട്‌സ് ഇട്ടിട്ടാണ് ഡാന്‍സ് ചെയ്യാറ്. അപ്പോള്‍ അതിന് താഴെ ചില കമന്റ്‌സ് വരും.

അതില്‍ എനിക്ക് ഏറ്റവും കോമഡി തോന്നിയ കമന്റ് നിക്കറിട്ട് ഡാന്‍സ് കളിച്ചാലൊന്നും സിനിമയില്‍ അവസരം കിട്ടില്ല എന്ന് ചിലര്‍ പറയുന്നതാണ്. അങ്ങനെയായിരുന്നെങ്കില്‍ എളുപ്പമുണ്ടായിരുന്നല്ലോ എന്നാണ് അപ്പോള്‍ എനിക്ക് തോന്നുക (ചിരി).

ഇറിറ്റേറ്റ് ചെയ്യിക്കുന്ന രീതിയിലുള്ള കമന്റുകളാണ് അതെല്ലാം. പക്ഷേ എനിക്കങ്ങനെ ഇറിറ്റേഷന്‍ തോന്നാറില്ല മറ്റൊന്നുമല്ല അവന്റെ വിവരം അത്രയേ ഉള്ളൂ എന്നതുകൊണ്ടാണ്. ഇങ്ങനത്തെ വസ്ത്രമൊക്കെ ഇട്ടാല്‍ പ്രായം കുറയുമെന്ന് വിചാരിക്കണ്ട എന്നായിരുന്നു മറ്റൊരു കമന്റ്. ഇതിന് ശേഷം ഞങ്ങള്‍ ഇന്‍സ്റ്റയില്‍ ഒരു ക്യൂ ആന്‍ഡ് എ സെഷന്‍ ഇട്ടിട്ടുണ്ടായിരുന്നു.

ഞങ്ങളുടെ പ്രായം പറയാന്‍ ഞങ്ങള്‍ക്ക് ഒരു മടിയുമില്ല. എനിക്ക് 35 വയസാവുന്നു. ചേച്ചിക്ക് 42 വയസും. ഈ കമന്റിടുന്ന ആള്‍ 42 ആവുമ്പോഴും ആരോഗ്യത്തോടെ ഇരിക്കണം എന്നതാണ്. എയ്ജ് ഈസ് ജസ്റ്റ് എ നമ്പര്‍. നമ്മള്‍ നമ്മുടെ ഫിറ്റ്‌നെസ് എങ്ങനെ നോക്കുന്നു എന്നത് ഒരു ക്വാളിറ്റിയാണ്. ഒരാളുടെ ക്വാളിറ്റിയെ മനസിലാക്കാനും അംഗീകരിക്കാനും ആദ്യം പഠിക്കണം.

ആര്‍ക്കും അവര്‍ ഇഷ്ടമുള്ള രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കാം. അത് അവനവന് ചേരുന്നുണ്ടോ എന്ന് കൂടി നോക്കണം. ചേരുന്നുണ്ട് എന്നുണ്ടെങ്കില്‍ അഭിനന്ദിക്കുന്നതുകൊണ്ട് കുഴപ്പമൊന്നും ഇല്ല. ഇങ്ങനത്തെ ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ദേഷ്യം വരും.

നല്ലവണ്ണം പണിയെടുത്തിട്ട് തന്നെയാണ് ഇവിടെ വരെ എത്തിയത്. സിനിമയിലായാലും ചാന്‍സ് ചോദിച്ചും ഡാന്‍സിലാണെങ്കില്‍ പ്രാക്ടീസ് ചെയ്തുമൊക്കെ തന്നയാണ് ഇവിടെ എത്തിയത്. നമ്മള്‍ വഴി നമ്മുടെ പേജ് വഴി ഒരു കമന്റിട്ട് സ്റ്റാറാവാന്‍ നടക്കുന്ന കുറേ ആള്‍ക്കാരുണ്ട്. അത് അത്ര ശ്വാശ്വതമായ കാര്യമല്ല, കൃഷ്ണപ്രഭ പറഞ്ഞു.

Content Highlight: Actress Krishnaprabha about the negative comments she faced

We use cookies to give you the best possible experience. Learn more