വോയ്‌സ് മോഡുലേഷന്‍ ഒരഭിനേതാവിന്റെ പ്രകടനത്തിലെത്രത്തോളം നിര്‍ണായകമാണെന്നത് മലയാള സിനിമയില്‍ മമ്മൂട്ടിയോളം പ്രകടമായി അനുഭവിപ്പിച്ചവര്‍ ചുരുക്കമായിരിക്കും. പില്‍ക്കാലത്ത് അത് ഫലപ്രദമായി തന്റെ കരിയറില്‍ വിനിയോഗിച്ച മറ്റൊരു നടന്‍ സിദ്ധിഖാണ്. എന്തുകൊണ്ടോ ആ ലിസ്റ്റില്‍ പലപ്പോഴും ആരും പരിഗണിക്കാതെ പോകുന്ന ഒരു പേരാണ് കെ.പി.എ.സി. ലളിതയുടേത്.
ശബ്ദത്തിന്മേല്‍ അവര്‍ പുലര്‍ത്തുന്ന നിയന്ത്രണം അന്യാദൃശവും, അസൂയാവഹവുമാണ്.
മതിലുകളില്‍ രൂപത്തിന്റെ സാന്നിധ്യമില്ലാതെ തന്നെ നാരായണിയായി അവര്‍ ശബ്ദത്തിലൂടെയാണ് അടയാളപ്പെടുന്നത്. ഏറ്റവും പ്രണയാതുരമായ ശബ്ദങ്ങളിലൊന്നായേ അതിനെ വിലയിരുത്താനും കഴിയൂ. വൈകാരിക രംഗങ്ങളില്‍ കെ.പി.എ.സി ലളിതയുടെ ശബ്ദം വിസ്‌ഫോടനാത്മകമാകുന്നത് നമ്മള്‍ പലതവണ അനുഭവിച്ചറിഞ്ഞതാണ്.
സ്ഫടികത്തില്‍ ചാക്കോ മാഷിനോട് അവര്‍ പൊട്ടിത്തെറിക്കുന്ന രംഗമൊന്നോര്‍ത്തു നോക്കുക. കല്ലിന്മേല്‍ കല്ലു തട്ടുമ്പോഴുള്ള തീപ്പൊരി, തിലകനുമായുള്ള ആ രംഗത്ത് ദൃശ്യമാണ്.
‘ഊതിക്കാച്ചിയ പൊന്ന് കരിക്കട്ടയാക്കിയില്ലേ?’
എന്ന ഡയലോഗ് തുടങ്ങി അവസാനിക്കുന്നയിടത്തെ മോഡുലേഷന്‍ ഷിഫ്റ്റിനെ ഗംഭീരമെന്നല്ലാതെ വിശേഷിപ്പിക്കാന്‍ പറ്റില്ല. രോഷത്താല്‍ തുടങ്ങുന്ന വാചകം അവസാനിക്കുന്നത് സങ്കടത്തിലാണ്. (അപ്പുറത്ത് തിലകനെന്ന മഹാനടന്‍ ‘ഉലയൂതിയവന്റെ മനസ്സ് ഉരുകിയ പൊന്നറിഞ്ഞില്ല മേരീ’ എന്ന ആയിരം കല്ലുകളുടെ ഭാരം പേറുന്ന മോഡുലേഷനാല്‍ രംഗം കയ്യടക്കിയതു കൊണ്ട് മാത്രം രണ്ടാമതായിപ്പോയതാണ് കെ.പി.എ.സി ലളിതയാ സീനില്‍)
തേന്മാവിന്‍ കൊമ്പത്തില്‍ പ്രിയദര്‍ശന്‍ കെ.പി.എ.സി ലളിതയുടെ ഈ സിദ്ധി അതിസുന്ദരമായി ഉപയോഗിച്ചിട്ടുണ്ട്. കെ.പി.എ.സി ലളിതയുടെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ ഓര്‍ക്കുക. ‘മുതലാളി എനിക്കിപ്പോള്‍ ചരക്കുകളൊന്നും തരുന്നില്ല’ എന്ന് കുണുങ്ങിപ്പറഞ്ഞു കൊണ്ടാണ് സംഭാഷണമാരംഭിക്കുന്നത്. പിന്നീട് മോഹന്‍ലാല്‍ നെടുമുടി വേണുവിന്റെ അവസ്ഥ വിവരിക്കുന്നിടത്ത് കെ.പി.എ.സി ലളിതയുടെ ശബ്ദമൊരിക്കല്‍ കൂടി വൈകാരികതയുടെ പല തലങ്ങളും സ്പര്‍ശിക്കുന്നു.
പ്രണയവും, വേദനയും, വിരഹവും, പ്രതീക്ഷയുമൊക്കെ മാത്രകള്‍ക്കുള്ളിലാണ് അമ്പരപ്പിക്കും വിധം ആ ശബ്ദത്തിലൂടെ ഊര്‍ന്നു വീഴുന്നത്. രംഗമവസാനിക്കുന്നത് ലാലിന്റെ കുസൃതിയില്‍ കപട രോഷം പ്രകടിപ്പിക്കുന്ന കെ.പി.എ.സി ലളിതയിലാണ്. മോഡുലേഷന്‍ ഷിഫ്റ്റിന്റെ അപാര പ്രകടനങ്ങളിലൊന്ന്.
ഗോഡ്ഫാദറിന്റെ ക്ലൈമാക്‌സില്‍ അതുവരെയും ജ്വലിച്ചു നിന്നിരുന്ന ഫിലോമിനയുടെ ആനപ്പാറ അച്ചാമ്മയുടെ സകല ഓറയെയും ‘കൊട്ടടാ, എടാ കെട്ടടാ’ എന്ന ഡയലോഗിന്റെ മൂര്‍ച്ചയോടെ കെ.പി.എ.സി ലളിത അനായാസം നിഷ്പ്രഭമാക്കുന്നത് അസൂയാവഹമായ അനായാസതയോടെയാണ്.
കെ.പി.എ.സി ലളിതയുടെ ശബ്ദ നിയന്ത്രണം മറ്റുള്ളവരെ നിഷ്പ്രഭമാക്കുന്ന മറ്റൊരു രംഗം അനിയത്തിപ്രാവിന്റെ ക്ലൈമാക്‌സാണ്. എങ്ങനെയാണിതവസാനിക്കുന്നതെന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോള്‍, ശ്രീവിദ്യയുടെ ചോദ്യത്തിന് മറുപടിയായി ‘നിങ്ങളെടുത്തോ’ എന്നു പറഞ്ഞ് കെ.പി.എ.സി ലളിതയുടെ പത്തു മുപ്പത് സെക്കന്റ് നീളുന്ന സംഭാഷണമുണ്ട്. മറ്റാര് ചെയ്താലും ഒരു പക്ഷേ പാളിപ്പോയേക്കാവുന്ന ആ ഡയലോഗിനെ കൃത്യമായി ഇടര്‍ച്ചകളാല്‍ അനശ്വരമാക്കുന്ന കെ.പി.എ.സി ലളിത ടെക്‌നിക് ഒരു ടെക്സ്റ്റ് ബുക്ക് എക്‌സിബിഷനാണ്.
അതേ ടെക്‌നിക് തന്നെയാണ് കന്മദത്തിലും, പിന്നീട് ഭ്രമരത്തിലും മോഹന്‍ലാലുമൊത്തുള്ള കോമ്പിനേഷന്‍ രംഗങ്ങളില്‍ അവര്‍ കാഴ്ച്ചവെക്കുന്നത്. ഒരു സിനിമാറ്റിക് ആഡംബരത്തിന്റെയും അകമ്പടിയില്ലാതെ, വെറും ആര്‍ട്ടിസ്റ്റിക് പെര്‍ഫോമന്‍സാലാണ് കന്മദത്തില്‍ അവര്‍ നമ്മുടെ കണ്ണു നനയിക്കുന്നതെങ്കില്‍ ഭ്രമരത്തില്‍ കൃത്യമായ ഒരു ഡയലോഗ് പോലും അവര്‍ക്കതിന് വേണ്ടി വരുന്നില്ല. ‘മോനേ, എന്റെ മോനേ’ എന്ന് അവര്‍ അലറിക്കരയുന്നിടത്ത് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ നഷ്ടം മുഴുവന്‍ നമുക്ക് അനുഭവിച്ചറിയാന്‍ കഴിയുന്നുണ്ട്.
കഥപറച്ചിലില്‍ കൊണ്ടുവരുന്ന ആഴവും പരപ്പുമാണ് കെ.പി.എ.സി ലളിതയുടെ ശബ്ദത്തിലെ മറ്റൊരു പ്രത്യേകത. മണിച്ചിത്രത്താഴില്‍ ശോഭനയോട്, നാഗവല്ലിയുടെയും രാമനാഥന്റെയും കഥ അവര്‍ പറഞ്ഞു കൊടുക്കുന്ന രംഗമൊന്നോര്‍ത്തു നോക്കൂ. ഒരേ സമയം അതൊരു നാട്ടിന്‍ പുറത്തുകാരിയുടെ നേരം കൊല്ലിക്കഥയായും, പേടിപ്പിക്കുന്ന ഒരു മിത്തിന്റെ ആഖ്യാനമായും മാറുന്നു. കെ.പി.എ.സി ലളിതയുടേതല്ലാതെ മറ്റാരുടെ ശബ്ദത്തിനാണ് ആ കഥ പറയാനുള്ള അര്‍ഹതയുള്ളത്?!
അവരുടെ ശബ്ദത്തിലെ ഭീതിജനകതയും, മിസ്റ്റിക്കല്‍ ഡെപ്തും അതേ പടി പകര്‍ത്തിയ മറ്റൊരു ചിത്രമാണ് ആദം ജൊവാന്‍. കറുത്തച്ചനെപ്പറ്റിയും, സാത്താനെ ആരാധിക്കുന്നതിനെപ്പറ്റിയും കെ.പി.എ.സി ലളിത പറയുന്ന ടോണ്‍ കേള്‍ക്കുന്നവന്റെ നട്ടെല്ലില്‍ പതിയെ ശീതക്കാറ്റടിപ്പിക്കുന്നതാണ്.
കെ.പി.എ.സി.ലളിതയെന്ന അഭിനേത്രി മലയാള സിനിമയുടെ സ്‌പേസില്‍ അടയാളപ്പെട്ടു നില്‍ക്കുന്ന കോര്‍ഡിനേറ്റ് സമാനതകളില്ലാത്തതാണ്. ആ കോര്‍ഡിനേറ്റില്‍ അവരെ പ്ലേസ് ചെയ്യുന്നതില്‍ വലിയൊരു പങ്ക് അവരുടെ ശബ്ദത്തിനു തന്നെയാണു താനും. ആദരാഞ്ജലികള്‍.
Content Highlight: Actress KPAC Lalitha – Voice modulation skills – Jithesh Mangalath writes