കെ.പി.എ.സി. ലളിത അന്തരിച്ചു
Kerala News
കെ.പി.എ.സി. ലളിത അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd February 2022, 11:03 pm

കൊച്ചി: നടി കെ.പി.എ.സി ലളിത അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 74 വയസായിരുന്നു.

നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സണായിരുന്നു. യശശ്ശരീരനായ പ്രശസ്ത സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍.

തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ല്‍ കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങള്‍ ചെയ്തു. സഹനായിക വേഷങ്ങളിലായിരുന്നു കെ.പി.എ.സി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്.

CONTENT Highlights: Actress KPAC Lalitha passes away