മലയാളത്തിന്റെ പ്രിയ നടന്‍ നെടുമുടി വേണു വിടവാങ്ങിയതില്‍ അനുശോചനവും ആദരാഞ്ജലികളും അര്‍പ്പിക്കുകയാണ് സിനിമാലോകം.
നെടുമുടി വേണുവിന്റെ സുഹൃത്ത് കൂടിയായ നടി കെ.പി.എ.സി ലളിത വളരെ ഹൃദയസ്പര്‍ശിയായാണ് അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചത്. ട്വന്റിഫോര്‍ ചാനലിനോടായിരുന്നു സംസാരിക്കുകയായിരുന്നു അവര്‍.
നെടുമുടി വേണുവിന്റെ വിയോഗത്തിലൂടെ തനിക്ക് നഷ്ടമായത് താങ്ങും തണലുമായി നിന്ന സുഹൃത്തിനെയാണെന്നാണ് കെ.പി.എ.സി ലളിത പറഞ്ഞത്. പ്രതിസന്ധിഘട്ടങ്ങളില്‍ വിളിച്ചന്വേഷിക്കുകയും തന്നെ സമാധാനിപ്പിക്കുകയുമെല്ലാം ചെയ്തിരുന്ന വ്യക്തിയാണെന്നും വേര്‍പാടിന്റെ ദുഃഖം സഹിക്കാവുന്നതിലും അപ്പുറമാണെന്നും കെ.പി.എ.സി ലളിത പ്രതികരിച്ചു.
ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് സ്വകാര്യ ജീവിതത്തിലും ഞങ്ങള്‍ തമ്മില്‍ വലിയ അടുപ്പമുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം എനിക്ക് താങ്ങും തണലുമായി നിന്ന വ്യക്തിയായിരുന്നു വേണു.
ഗോപി ചേട്ടന്‍, പത്മരാജന്‍, വേണു, പവിത്രന്‍, ഭര്‍ത്താവ് ഭരതന്‍ എല്ലാവും ഉറ്റ സുഹൃത്തുക്കളായിരുന്നു. രാത്രിയും പകലുമെല്ലാം ഒരുമിച്ച് കൂടി പാട്ടും ബഹളവുമായി ഒത്തുകൂടുമായിരുന്നു. വേണു പോയി എന്ന കേള്‍ക്കുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല. ഒന്ന് പോയി കാണാന്‍ പോലും സാധിക്കുന്നില്ല, കെ.പി.എ.സി ലളിത ദുഖത്തോടെ പറഞ്ഞു.
പ്രിയദര്‍ശന്‍ ചിത്രം ‘തേന്മാവിന്‍ കൊമ്പത്തി’ലെ നെടുമുടി വേണു-കെ.പി.എ.സി ലളിത കൂട്ടുകെട്ട് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഒന്നാണ്. ഭരതന്‍ സംവിധാനം ചെയ്ത പാളങ്ങള്‍, സ്ഫടികം, ദശരഥം, മണിച്ചിത്രത്താഴ്, തിളക്കം, മേഘം, ഭാഗ്യദേവത തുടങ്ങി അനവധി സിനിമകളില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസന്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ് സുകുമാരന്‍ തുടങ്ങി മലയാളത്തിലെ നിരവധി താരങ്ങള്‍ ഈ അതുല്യകലാകാരനെ ഓര്‍മിച്ചുകൊണ്ട് കുറിപ്പുകള്‍ പങ്കുവെച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് നെടുമുടി വേണുവിന്റെ വിയോഗവാര്‍ത്ത പുറത്ത് വരുന്നത്. ഉദരസംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ കഴിയവെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
കൊവിഡ് പോസിറ്റീവായിരുന്നെന്നും ഇതിനു പിന്നാലെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.
നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ സജീവ സാന്നിധ്യമായ അദ്ദേഹം മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും പ്രദര്‍ശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന ആന്തോളജി ചിത്രമാണ് അദ്ദേഹത്തിന്റേതായി അവസാനം റിലീസ് ചെയ്തത്.
ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ ‘ഇന്ത്യന്‍ 2’ ലും അദ്ദേഹം അഭിനയിക്കും എന്ന് വാര്‍ത്ത പുറത്ത് വന്നിരുന്നു.
തിയേറ്റര്‍ റിലീസ് കാത്തിരിക്കുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actress KPAC Lalitha about Nedumudi Venu