നടി കോഴിക്കോട് ശാരദ അന്തരിച്ചു
Movie Day
നടി കോഴിക്കോട് ശാരദ അന്തരിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th November 2021, 10:48 am

കോഴിക്കോട്: നാടക, ടെലിവിഷന്‍ നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. 1979 ല്‍ അങ്കക്കുറി എന്ന സിനിമയിലൂടെയാണ് ശാരദ സിനിമാരംഗത്തേക്ക് എത്തുന്നത്.

1985 – 87 കാലങ്ങളില്‍ ഐ.വി. ശശി സംവിധാനം ചെയ്ത അനുബന്ധം, നാല്‍ക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, യുഗപുരുഷന്‍, കുട്ടിസ്രാങ്ക് എന്നിവയുള്‍പ്പെടെ എണ്‍പതോളം ചിത്രങ്ങളില്‍ ശാരദ അഭിനയിച്ചിട്ടുണ്ട്.

ഭൂരിഭാഗം സിനിമകളിലും വളരെ ചെറിയ വേഷങ്ങളായിരുന്നുവെങ്കിലും സ്വതസിദ്ധമായ സംസാര ശൈലിയും അഭിനയപാടവവും കൊണ്ട് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ശാരദയ്ക്കായിരുന്നു.

സിനിമകള്‍ കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും കോഴിക്കോട് ശാരദ സജീവമായിരുന്നു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങള്‍ പിടിപെട്ടതിന് പിന്നാലെയാണ് സിനിമാ-സീരിയല്‍ രംഗത്തുനിന്നും മാറിനിന്നത്.

എലത്തൂര്‍ സ്വദേശിയാണെങ്കിലും കോഴിക്കോട് നഗരത്തിലാണ് ശാരദ വളര്‍ന്നത്. ശാരദയുടെ അമ്മ കോര്‍പറേഷനില്‍ ജീവനക്കാരിയായിരുന്നു. നാടകചലച്ചിത്ര താരമായ എ.പി. ഉമ്മറാണ് ശാരദയുടെ ഭര്‍ത്താവ്. മെഡിക്കല്‍ കോളജില്‍ 27 വര്‍ഷം ജീവനക്കാരിയായിരുന്നു.

ഉമ്മര്‍-ശാരദ ദമ്പതികള്‍ക്ക് 4 മക്കളാണ്. വെള്ളിപറമ്പ് ഇളയിടത്തുകാവ് ക്ഷേത്രത്തിനു സമീപം ശാരദാസ് എന്ന വീട്ടിലായിരുന്നു താമസം.

സിനിമാ സീരിയല്‍ നാടക ലോകത്തു നിന്നുള്ള നിരവധി പേര്‍ ശാരദയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Kozhikkode Sarada Passes away