അച്ഛനും അമ്മയും വിവാഹത്തിന് മുമ്പ് ഏഴ് വര്‍ഷം ഡേറ്റ് ചെയ്തു, അതുകണ്ടാണ് ഞാന്‍ വളര്‍ന്നത്: കിയാര അദ്വാനി
Entertainment news
അച്ഛനും അമ്മയും വിവാഹത്തിന് മുമ്പ് ഏഴ് വര്‍ഷം ഡേറ്റ് ചെയ്തു, അതുകണ്ടാണ് ഞാന്‍ വളര്‍ന്നത്: കിയാര അദ്വാനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th February 2023, 8:11 am

ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ലസ്റ്റ് സ്റ്റോറീസ് എന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രത്തിന്റെ പാക്കപ്പ് പാര്‍ട്ടിയില്‍ വച്ച് ആരംഭിച്ച പരിചയമാണ് ഇരുവര്‍ക്കുമിടയിലെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമൊക്കെ നീണ്ടത്. ഷേര്‍ഷ എന്ന സിനിമയിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

പ്രണയ സങ്കല്‍പത്തെക്കുറിച്ച് കിയാര മുമ്പ് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. തന്റെ അച്ഛന്റെയും അമ്മയുടെയും പ്രണയത്തെക്കുറിച്ചാണ് കിയാര സംസാരിച്ചത്. മാതാപിതാക്കളുടേത് ലവ് മാരേജായിരുന്നുവെന്നും ഹൈസ്‌കൂള്‍ തൊട്ടെ അവര്‍ പ്രണയത്തിലായിരുന്നുവെന്നും കിയാര പറഞ്ഞു.

വിവാഹത്തിന് മുമ്പ് ഏഴ് വര്‍ഷം അവര്‍ ഡേറ്റ് ചെയ്തിരുന്നുവെന്നും ചെറുപ്പം മുതല്‍ അങ്ങനെയൊരു പ്രണയം കാണുന്നത് കൊണ്ട് വിവാഹത്തിലും ഫാമിലിയിലും തനിക്കും വിശ്വസമുണ്ടെന്നും കിയാര പറഞ്ഞു. പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് കിയാര ഇക്കാര്യങ്ങള്‍ പറഞ്ഞത്.


”എന്റെ അച്ഛനും അമ്മയും ലവ് മാരേജായിരുന്നു. അവരുടെ രണ്ടു പേരുടേതും ആദ്യ പ്രണയമായിരുന്നു. ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയം തൊട്ടെ അവര്‍ പ്രണയത്തിലാണ്. അതുപോലെ കല്യാണം കഴിക്കുന്നതിന് മുമ്പ് ഏഴ് വര്‍ഷം അവര്‍ ഒരുമിച്ച് ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നിട്ടാണ് അവര്‍ വിവാഹം കഴിക്കുന്നത്.

ആ പ്രണയമാണ് ചെറുപ്പം മുതല്‍ ഞാന്‍ കാണുന്നത്. അവര്‍ ഇപ്പോഴും മനോഹരമായി പ്രണയിക്കുകയാണ്. ഞാന്‍ എന്റെ ബ്രദറിനോട് അവരുടെ പ്രണയത്തെക്കുറിച്ച് പറയാറുണ്ട്. ഇതാണ് പ്രണയമെന്ന് ഞാന്‍ കാണിച്ചുകൊടുക്കും.

ഞാന്‍ ചെറുപ്പം മുതല്‍ അവരുടെ പ്രണയം കാണുന്നത് കൊണ്ട് അവരുടേത് പോലെയുള്ള പ്രണയമാണ് എനിക്കും ജീവിതത്തില്‍ വേണ്ടത്. വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇതുപോലെ കൂടെ നിന്ന് പ്രണയിക്കാന്‍ പറ്റുന്ന ഒരാളെ വിവാഹം കഴിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്.

അതുകൊണ്ട് മാരേജില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് എനിക്കും മാതാപിതാക്കളുടേത് പോലെയുള്ള ഫാമിലി വേണം. അത് സംഭവിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,” കിയാര പറഞ്ഞു.

content highlight: actress kiyara adwani about her parents love