|

ആ തുറന്ന് പറച്ചിലില്‍ എനിക്കൊരു നാണക്കേടും തോന്നുന്നില്ല, നാണക്കേട് ഉണ്ടാകേണ്ടത് കുറ്റവാളിക്കാണ്: ഖുശ്ബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എട്ട് വയസുള്ളപ്പോള്‍ തന്റെ പിതാവില്‍ നിന്നും ലൈംഗികാതിക്രമത്തിന് ഇരയാകേണ്ടി വന്നു എന്ന് നടി ഖുശ്ബു കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ആ കാര്യങ്ങള്‍ താന്‍ സത്യസന്ധമായി തന്നെയാണ് പറഞ്ഞതെന്നും ആ തുറന്ന് പറച്ചില്‍ ഒരു മോശം കാര്യമായി തനിക്ക് തോന്നിയിട്ടില്ലെന്നും പറയുകയാണ് ഖുശ്ബു. പി.ടി.ഐയോട് സംസാരിക്കവെയാണ് ഖുശ്ബു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാനൊരു ഞെട്ടിക്കുന്ന പ്രസ്താവനയൊന്നും നടത്തിയിട്ടില്ല. എന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യം സത്യസന്ധമായിട്ടാണ് ഞാന്‍ പറഞ്ഞത്. ആ തുറന്ന് പറച്ചിലില്‍ എനിക്കൊരു നാണക്കേടും തോന്നിയിട്ടില്ല. സത്യത്തില്‍ എനിക്കല്ല കുറ്റവാളിയായിട്ടുള്ള വ്യക്തിക്കാണ് നാണക്കേട് തോന്നേണ്ടത്. എനിക്ക് സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ തുറന്ന് പറയുന്നത് വഴി പല സ്ത്രീകള്‍ക്കും അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പങ്കുവെക്കാന്‍ സാധിക്കും.

സ്ത്രീകള്‍ എപ്പോഴും ശക്തരാണെന്ന് സ്വയം വിശ്വസിക്കണം. ഒരു കാര്യങ്ങളും നിങ്ങളെ വീഴ്ത്തികളയരുത്. ഇത്തരത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍ ജീവിതത്തിന്റെ അവസാനമാണെന്ന് കരുതുകയും ചെയ്യരുത്. എനിക്ക് സംഭവിച്ച ഒരു കാര്യം തുറന്ന് സംസാരിക്കാന്‍ എനിക്ക് ഇത്രയും വര്‍ഷം വേണ്ടി വന്നു. എല്ലാ സ്ത്രീകളും അവര്‍ക്ക് സംഭവിക്കുന്ന ഇത്തരം കാര്യങ്ങള്‍ തുറന്ന് സംസാരിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. എന്തായാലും എന്റെ യാത്ര തുടരും,’ ഖുശ്ബു പറഞ്ഞു.

തന്റെ പിതാവില്‍ നിന്നും അനുഭവിക്കേണ്ടി വന്ന അതിക്രമത്തെ കുറിച്ചുള്ള നടിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. ഭാര്യയെയും മകളെയും തല്ലുന്നതും മകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ജന്മാവകാശമായി കണ്ടിരുന്ന ഒരാളാണ് തന്റെ പിതാവെന്നാണ് നടി നേരത്തെ പറഞ്ഞത്. തന്റെ പതിനഞ്ചാമത്തെ വയസ് മുതലാണ് അയാളെ എതിര്‍ക്കാന്‍ തുടങ്ങിയതെന്നും ബര്‍ക്ക ദത്തുമായി നടത്തിയ അഭിമുഖത്തില്‍ ഖുശ്ബു വ്യക്തമാക്കിയിരുന്നു.

“ഒരു കുട്ടി ലൈംഗികാതിക്രമത്തിന് ഇരയാകേണ്ടി വന്നാല്‍, ആ സംഭവത്തിന്റെ മുറിവ് ആ കുട്ടിയുടെ ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകും. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അങ്ങനെ തന്നെയാണ്. എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്. ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമായി കണ്ടിരുന്ന ഒരാളായിരുന്നു എന്റെ അച്ഛന്‍.

എന്നെ ഇത്തരത്തില്‍ അയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ എനിക്ക് എട്ട് വയസ് മാത്രമായിരുന്നു പ്രായം. എന്റെ പതിനഞ്ചാമത്തെ വയസിലാണ് അയാള്‍ക്കെതിരെ സംസാരിക്കാന്‍ എനിക്ക് ധൈര്യമുണ്ടായത്. ഞാന്‍ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞാലും എന്റെ അമ്മ എന്നെ വിശ്വസിക്കില്ല എന്ന ഭയം എനിക്കുണ്ടായിരുന്നു. കാരണം എന്തൊക്കെ സംഭവിച്ചാലും ഭര്‍ത്താവ് തന്റെ ദൈവമാണെന്ന ചിന്താഗതിയുള്ള ഒരാളായിരുന്നു അമ്മ.

പക്ഷെ എനിക്ക് ഏതാണ്ട് 15 വയസുള്ളപ്പോള്‍ മുതല്‍ ഞാന്‍ അയാള്‍ക്കെതിരെ പോരാടാന്‍ തുടങ്ങി. എന്റെ പതിനാറാമത്തെ വയസില്‍ അയാള്‍ ഞങ്ങളെ ഉപേഷിച്ച് പോയി,’ഖുശ്ബു പറഞ്ഞു.

content highlight: actress khushboo talks about sexual abuse she faced in childhood

Latest Stories

Video Stories