കേരളത്തിനൊപ്പം ഇപ്പോള്‍ നിന്നില്ലെങ്കില്‍ മനുഷ്യരെന്ന നിലയില്‍ നമ്മള്‍ തോറ്റുപോകും: ഖുശ്ബു
Kerala Flood
കേരളത്തിനൊപ്പം ഇപ്പോള്‍ നിന്നില്ലെങ്കില്‍ മനുഷ്യരെന്ന നിലയില്‍ നമ്മള്‍ തോറ്റുപോകും: ഖുശ്ബു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th August 2018, 10:33 am

ചെന്നൈ: പ്രളയക്കെടുതിയില്‍ വലയുന്ന കേരള ജനതയ്ക്ക് പിന്തുണയുമായി നടി ഖുശ്ബു. ഈയസരത്തിലെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ മനുഷ്യരെന്ന നിലയില്‍ നമ്മള്‍ തോറ്റുപോകുമെന്നായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.

അവര്‍ക്ക് നമ്മുടെ സഹായം ആവശ്യമുണ്ട്. ഓരോ തുള്ളികളാണ് വലിയ കടലാകുന്നത്. നിങ്ങള്‍ക്ക് കഴിയുന്ന എല്ലാ സഹായവും കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുക. ആഗ്രഹം ഉണ്ടെങ്കില്‍ അതിനുള്ള വഴിയും ഉണ്ടാകുമെന്നും ഖുശ്ബു ട്വീറ്റില്‍ പറഞ്ഞു.


“ഓരോ ദല്‍ഹി സ്വദേശിയും കേരളത്തിലെ ജനങ്ങള്‍ക്ക് ഒപ്പം”; പത്രപരസ്യത്തിലൂടെ കേരളത്തിന് സഹായമഭ്യര്‍ത്ഥിച്ച് ആം ആദ്മി സര്‍ക്കാര്‍


കേരളത്തിലെ ജനങ്ങളോടൊപ്പം തന്നെയാണെന്നും എന്ത് തന്നെ സംഭവിച്ചാലും ഇതെന്നും ദൈവത്തിന്റെ സ്വന്തം നാട് തന്നെയായിരിക്കുമെന്നും ധൈര്യമായിരിക്കൂവെന്നും ഖുശ്ബു ട്വീറ്റില്‍ പറഞ്ഞു.

ഉത്തരവാദിത്തമുള്ള പൗരന്മാരായി ഈ വിപത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നോട്ട് പോകണം എന്നും ഭൂമിയേയും പ്രകൃതിയേയും മാനിക്കണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

“ഈ അവസരത്തില്‍ കേരളത്തിനൊപ്പം നിന്നില്ലെങ്കില്‍, അടിസ്ഥാനപരമായുള്ള മാനുഷിക മൂല്യങ്ങളും വളര്‍ച്ചയുമുള്ള മനുഷ്യര്‍ എന്ന നിലയില്‍ നമ്മള്‍ പാടേ പരാജയപ്പെട്ട് പോകും. കേരളത്തിന് നമ്മളെ ആവശ്യമുണ്ട്. ചെറിയ ചെറിയ തുള്ളികളാണ് സമുദ്രമായി മാറുന്നത്. നിങ്ങളാല്‍ ആവുന്ന രീതിയില്‍ സഹായിക്കണം. ഇച്ഛാശക്തിയുണ്ടെങ്കില്‍ എന്തിനും ഒരു വഴിയുണ്ടാകും””. ഖുശ്ബു പറയുന്നു.

കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ സജീവമായി ട്വീറ്റ് ചെയ്യുന്ന വ്യക്തി കൂടിയാണ് ഖുശ്ബു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നാലാവുന്ന സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഖുശ്ബു അറിയിച്ചിരുന്നു.