| Monday, 6th March 2023, 10:46 am

എട്ടാം വയസില്‍ അച്ഛനില്‍ നിന്നും ലൈംഗികാതിക്രമത്തിന് ഇരയായി, മകളെ ഉപദ്രവിക്കുന്നത് ജന്മാവകാശമായിട്ടാണ് അയാള്‍ കണ്ടത്: ഖുശ്ബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എട്ട് വയസ് മാത്രം പ്രായമുള്ളപ്പോള്‍ തന്റെ പിതാവില്‍ നിന്നും ലൈംഗികാതിക്രമത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് നടി ഖുശ്ബു. ഈ വിവരങ്ങള്‍ തന്റെ അമ്മയെ അറിയിക്കാന്‍ പോലും തനിക്ക് ഭയമായിരുന്നു എന്നും ഖുശ്ബു പറഞ്ഞു.

ഭാര്യയെയും മകളെയും തല്ലുന്നതും മകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ജന്മാവകാശമായി കണ്ടിരുന്ന ഒരാളാണ് തന്റെ പിതാവെന്നും നടി പറഞ്ഞു. തന്റെ പതിനഞ്ചാമത്തെ വയസ് മുതലാണ് അയാളെ എതിര്‍ക്കാന്‍ തുടങ്ങിയതെന്നും ബര്‍ക്ക ദത്തുമായി നടത്തിയ അഭിമുഖത്തില്‍ ഖുശ്ബു വ്യക്തമാക്കി.

‘ ഒരു കുട്ടി ലൈംഗികാതിക്രമത്തിന് ഇരയാകേണ്ടി വന്നാല്‍, ആ സംഭവത്തിന്റെ മുറിവ് ആ കുട്ടിയുടെ ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകും. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അങ്ങനെ തന്നെയാണ്. എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്. ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമായി കണ്ടിരുന്ന ഒരാളായിരുന്നു എന്റെ അച്ഛന്‍.

എന്നെ ഇത്തരത്തില്‍ അയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ എനിക്ക് എട്ട് വയസ് മാത്രമായിരുന്നു പ്രായം. എന്റെ പതിനഞ്ചാമത്തെ വയസിലാണ് അയാള്‍ക്കെതിരെ സംസാരിക്കാന്‍ എനിക്ക് ധൈര്യമുണ്ടായത്. ഞാന്‍ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞാലും എന്റെ അമ്മ എന്നെ വിശ്വസിക്കില്ല എന്ന ഭയം എനിക്കുണ്ടായിരുന്നു. കാരണം എന്തൊക്കെ സംഭവിച്ചാലും ഭര്‍ത്താവ് തന്റെ ദൈവമാണെന്ന ചിന്താഗതിയുള്ള ഒരാളായിരുന്നു അമ്മ.

പക്ഷെ എനിക്ക് ഏതാണ്ട് 15 വയസുള്ളപ്പോള്‍ മുതല്‍ ഞാന്‍ അയാള്‍ക്കെതിരെ പോരാടാന്‍ തുടങ്ങി. എന്റെ പതിനാറാമത്തെ വയസില്‍ അയാള്‍ ഞങ്ങളെ ഉപേഷിച്ച് പോയി,’കുശ്ബു പറഞ്ഞു.

നടി, നിര്‍മാതാവ്, രാഷ്ട്രീയ പ്രവര്‍ത്തക എന്നീ നിലകളില്‍ അറിയപ്പെടുന്ന കുശ്ബു ദേശീയ വനിതാ കമ്മീഷനില്‍ നോമിനേറ്റഡ് മെമ്പറാണ്.

content highlight: actress khooshbu sundar share a bad experience in her childhood

We use cookies to give you the best possible experience. Learn more