| Saturday, 25th June 2022, 4:40 pm

ഈ സിനിമ എങ്ങനെ അവസാനിപ്പിക്കുമെന്ന് വരെ എനിക്ക് തോന്നി; ശരിക്കും ഞാന്‍ വെള്ളം കുടിച്ചു: വാശിയെ കുറിച്ച് കീര്‍ത്തി സുരേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ് കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് വാശി. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ ചിത്രീകരണ വിശേഷം പങ്കുവെക്കുകയാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച കീര്‍ത്തി സുരേഷ്. എഫ്.ടി.ക്യു വിത്ത് രേഖാ മേനോന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കീര്‍ത്തി. കോടതി രംഗങ്ങള്‍ ചിത്രീകരിച്ചപ്പോഴുണ്ടായ ചില വെല്ലുവിളികളെ കുറിച്ചാണ് താരം സംസാരിക്കുന്നത്.

‘ ആദ്യത്തെ ദിവസം അത്ര ബുദ്ധിമുട്ട് തോന്നിയില്ല. രണ്ടാമത്തെ ദിവസമാണ് ടൊവി ജോയിന്‍ ചെയ്തത്. നാളെ മുതല്‍ കോടതി രംഗങ്ങളാണ് ഷൂട്ട് ചെയ്യേണ്ടത് എന്ന് പറഞ്ഞപ്പോള്‍ കോടതിയാണെങ്കില്‍ പോലും തുടങ്ങുന്ന സ്ഥിതിയ്ക്ക് ലൈറ്റ് ആയിട്ടായിരിക്കുമെന്ന് വിചാരിച്ചിരുന്നു. പക്ഷേ കോടതിയില്‍ വന്നിട്ട് ഞാന്‍ നല്ല രീതിയില്‍ വെള്ളം കുടിച്ചു (ചിരി).

കാരണം അങ്ങനെ പ്രിപ്പറേഷനൊന്നും സമയം ഉണ്ടായിരുന്നില്ല. നന്നായി ബുദ്ധിമുട്ടി. പിന്നെ മലയാളം ദിവസവും സംസാരിക്കുന്ന ഭാഷയാണെങ്കിലും കോടതി ഭാഷ ഭയങ്കര വ്യത്യസ്തമാണ്. മാത്രമല്ല സ്‌ക്രീനില്‍ ഞാന്‍ മലയാളം സംസാരിക്കുന്നതും വലിയ ഇടവേളയ്ക്ക് ശേഷമാണ്.

എളുപ്പമുള്ള ഭാഗമായിരുന്നു ആദ്യം എടുത്തതെങ്കില്‍ ഞാന്‍ ‘ഇതാ’ എന്ന് പറഞ്ഞ് ചെയ്‌തേനെ. പക്ഷേ രണ്ടാമത്തെ ദിവസം തന്നെ കടുത്ത കുറേ വാക്കുകളും പ്രയോഗങ്ങളും എല്ലാം വന്നപ്പോള്‍ ഞാന്‍ പെട്ടെല്ലോ എന്ന് കരുതി. ഈ സിനിമ എങ്ങനെ അവസാനിപ്പിക്കുമെന്ന് പോലും തോന്നി. ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

ഭാഷ മാത്രമല്ല രണ്ടാമത്തെ ദിവസം കോടതി രംഗങ്ങള്‍ എടുത്തു തുടങ്ങുകയാണ്. ക്യാരക്ടറുമായി ഒന്ന് ഇണങ്ങുന്നതിന് മുന്‍പ് തന്നെ, കഥാപാത്രത്തെ മനസിലാക്കിയെടുക്കുന്നതിന് മുന്‍പ് തന്നെയാണ് ഇതെന്ന് ഓര്‍ക്കണം. മാത്രമല്ല അഡ്വക്കേറ്റാണ്. എന്തൊക്കെ ചെയ്യാം ചെയ്യാന്‍ പാടില്ല. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ നോക്കുന്നതിനിടെയാണ് ഇത്. കോടതി ഭാഷ തന്നെയായിരുന്നു വലിയ വെല്ലുവിളി.

കോടതി രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ പത്ത് ദിവസമാണ് എടുത്തത്. അത് ആദ്യം എടുത്തത് നന്നായെന്ന് പിന്നീട് തോന്നി. കാരണം. ബുദ്ധിമുട്ടുള്ള പാര്‍ട്ട് കഴിഞ്ഞല്ലോ. അതിന് ശേഷം എല്ലാം ലൈറ്റായിരുന്നു. ഫാമിലി സീന്‍, റൊമാന്റിക് സീന്‍ എല്ലാം എളുപ്പത്തില്‍ ചെയ്യാനായി.
സ്വാഭാവികമായും ബുദ്ധിമുട്ടുള്ള പാര്‍ട്ട് കഴിഞ്ഞാല്‍ പിന്നെ എല്ലാം എളുപ്പമായിരിക്കുമല്ലോ.

കോടതി രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് എല്ലാവരും അതില്‍ മുഴുകിയിരിക്കുകയാണ്. ഡെഡ് ലൈന്‍ ഉണ്ട്. ഇടവേളയില്ല. സംസാരിക്കാന്‍ പോലും പറ്റില്ല. ഇങ്ങനെ ആലോചിച്ചുകൊണ്ടിരിക്കുകയാണ് എല്ലാവരും. കോടതി സീന്‍ കഴിഞ്ഞപ്പോഴേക്ക് തന്നെ എല്ലാവരും കൂളായി. അപ്പോഴേക്കും ഞാന്‍ മാധവിയായി മാറിയിരുന്നു.

ചിത്രത്തിലെ ക്ലൈമാക്‌സ് സ്വീകന്‍സിലെ ഡയലോഗ് ഇപ്പോള്‍ ചോദിച്ചാല്‍ പോലും ഞാന്‍ കണ്ണടച്ച് പറയും. അത്രയ്ക്ക് ഹൃദ്യസ്ഥമാക്കിയിട്ടുണ്ട്.
രണ്ട് തവണ ആ രംഗം എടുത്തിട്ടുണ്ട്. അതില്‍ സന്തോഷമേയുള്ളൂ. പറയുന്ന സാധനം മനസിലാക്കി അര്‍ത്ഥത്തോടെ പറയണം. നല്ല രീതിയില്‍ രണ്ടാമത്തെ തവണ ഷൂട്ട് ചെയ്തപ്പോള്‍ ഇംപ്രൂവ് ചെയ്യാന്‍ പറ്റി.

പിന്നെ വലിയ ഡയലോഗ് പറയുമ്പോഴുള്ള പ്രശ്‌നം എന്താണെന്നാല്‍ നമുക്ക് എല്ലാം അറിയാം. ഡയലോഗ് പറഞ്ഞ് തീരാറാവുമ്പോള്‍ ഹാവൂ കഴിയാറായല്ലോ എന്ന് കരുതി ഇരിക്കുമ്പോള്‍ മൈന്‍ഡ് ഒന്ന് ചെറുതായി ഫ്‌ളക്‌ച്വേറ്റ് ആയാല്‍ അവിടെ പോകും. അങ്ങനെ ഇവിടേയും സംഭവിച്ചു. ഒരു വാക്കില്‍ ഞാന്‍ സ്റ്റക്കായി. പറയുമ്പോള്‍ ഒട്ടും ബുദ്ധിമുട്ടില്ലാത്ത വാക്കാണ്. കണ്‍ക്ലൂഷന്‍ ആയിരുന്നു. എന്റെ മൈന്‍ഡ് ബ്ലോക്ക് ചെയ്തതാണ്. എങ്കിലും പിന്നീട് അത് കറക്ട് ചെയ്തു, കീര്‍ത്തി സുരേഷ് പറഞ്ഞു.

Content highlight: Actress Keerthy Suresh about Vaashi shooting and the challenges she faced

We use cookies to give you the best possible experience. Learn more