| Tuesday, 18th May 2021, 10:12 am

അന്ന് ഞാന്‍ എന്നെത്തന്നെ വെറുത്തു, പരിഹസിച്ചു: കുട്ടിക്കാലം മുതല്‍ നേരിട്ട ബോഡി ഷെയിമിങ്ങിനെ കുറിച്ച് വെളിപ്പെടുത്തി നടി കാര്‍ത്തിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വണ്ണമുള്ള ശരീരമായതിന്റെ പേരില്‍ കുട്ടിക്കാലം തൊട്ടേ ബോഡി ഷെയ്മിങിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി കാര്‍ത്തിക മുരളീധരന്‍. സിനിമയില്‍ എത്തിയപ്പോള്‍ ഇത്തരം പരിഹാസങ്ങള്‍ കൂടിയെന്നും നടി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

ശരീരഭാരം കുറച്ച ശേഷമുള്ള മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു താന്‍ ജീവിതത്തില്‍ നേരിട്ട വലിയ പ്രതിസന്ധിയെ കുറിച്ചും അതിനെ അതിജീവിച്ചതിനെ കുറിച്ചും എഴുതിയത്.

‘ചെറുപ്പം മുതല്‍ ഞാന്‍ തടിച്ച ശരീരമുള്ള പെണ്‍കുട്ടിയായിരുന്നു. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇക്കാര്യം ഞാന്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്. ശരീരം വണ്ണമുള്ളതായതുകൊണ്ടുള്ള പരിഹാസം അന്ന് മുതല്‍ ഈ അടുത്തകാലം വരെ ഞാന്‍ അനുഭവിച്ചതാണ്.

എന്നാല്‍ അത്തരം പരിഹാസങ്ങളെ കുട്ടിക്കാലത്ത് ഞാന്‍ നേരിട്ട രീതി വളരെ വിചിത്രമായിരുന്നു. ഞാന്‍ എന്നെ തന്നെ പരിഹസിച്ചും വെറുത്തുമാണ് അത്തരം കുറ്റപ്പെടുത്തലുകളോട് പ്രതികരിച്ചത്. പക്ഷേ അതിലൂടെ ഞാന്‍ കൂടുതല്‍ ഭാരം വയ്ക്കുക മാത്രമാണ് ചെയ്തത്.

മാത്രമല്ല വളരെ അനാരോഗ്യകരമായ സൗന്ദര്യ സങ്കല്‍പ്പങ്ങളുള്ള സിനിമാ മേഖലയില്‍ എത്തിയപ്പോഴാകട്ടെ ഈ പരിഹാസം എനിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനും അപ്പുറമായിരുന്നു. വെറും കളിയാക്കലുകള്‍ മാത്രമായിരുന്നില്ല, തടിയെ ലൈംഗികമായ രീതിയിലും ചിലര്‍ പരിഹസിച്ചു.

ഞാനും എന്റെ ശരീരവും നിരന്തരം സംഘര്‍ഷത്തിലായി. ഞാന്‍ യുദ്ധത്തില്‍ തളരാന്‍ തുടങ്ങി. ഞാന്‍ എങ്ങനെയാണോ അങ്ങനെ തന്നെ എന്നെ സ്വീകരിക്കണമെന്ന് ഈ ലോകത്തെ ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞില്ല. എന്തിന് എനിക്ക് പോലും എന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.

ഈ സമയത്ത് ലോ കാബ് ഡയറ്റ്, കീറ്റോസ തുടങ്ങിയ പല ഡയറ്റുകളും ഞാന്‍ കുറച്ച് കാലത്തേക്ക് പരീക്ഷിച്ചു. എന്നാല്‍ ഒന്നും ശരിയായില്ല. കാരണം എന്താണെന്ന് വച്ചാല്‍ ഞാന്‍ ഇതെല്ലാം ചെയ്യുന്നത് എന്റെ ശരീരത്തോടുള്ള വെറുപ്പ് മുന്‍നിര്‍ത്തിയായിരുന്നു.

എന്നാല്‍ എന്താണ് ഞാന്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നമെന്നും എന്റെ ശരീരം എന്താണെന്നും ഞാന്‍ മനസ്സിലാക്കി തുടങ്ങിയപ്പോഴാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. പതുക്കെ പതുക്കെ ഞാന്‍ എന്റെ ഭക്ഷണശീലവും ശരീരത്തോടുള്ള എന്റെ സമീപനവും ചിന്താഗതിയും മാറ്റി.

ഭാരം കുറക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ് യോഗ ചെയ്യാന്‍ ആരംഭിച്ചത്. എന്നാല്‍ എന്റെ മനസ്സിനും ശരീരത്തിനും ചിന്തകള്‍ക്കും യോഗ നല്‍കിയ കരുത്ത് എന്നെ ആകെ മാറ്റി മറച്ചു, കാര്‍ത്തിക ട്വിറ്ററില്‍ എഴുതി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Karthika Muraleedharan On Her Weight Loss Journey and Body Shamming

We use cookies to give you the best possible experience. Learn more