ബോളിവുഡ് സിനിമയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായ ചിത്രമായിരുന്നു ‘ദി ഡേര്‍ട്ടി പിക്ചര്‍’. തെന്നിന്ത്യന്‍ താരം സില്‍ക് സ്മിതയുടെ ജീവിതം പറഞ്ഞ സിനിമയില്‍ നായികയായെത്തിയത് വിദ്യ ബാലന്‍ ആയിരുന്നു. വിദ്യ ബാലന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രം കൂടിയായിരുന്നു അത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ആ സിനിമയിലൂടെ താരത്തെ തേടിയെത്തിയിരുന്നു.
എന്നാല്‍ ഇത്രയേറെ പ്രശംസകള്‍ നേടിയ സിനിമ കാണാന്‍ സേയ്ഫ് അലി ഖാന് പേടിയായിരുന്നു എന്ന് അദ്ദേഹത്തിന്റെ പങ്കാളിയും നടിയുമായ കരീന കപൂര്‍ പറയുന്ന പഴയ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്. ആ സിനിമ കാണാന്‍ പല തവണ സേയ്ഫിനോട് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അദ്ദേഹം അതിന് തയാറായിട്ടില്ലെന്നും കരീന വീഡിയോയില്‍ പറഞ്ഞു.
ആ സിനിമയില്‍ അഭിനയിച്ച വിദ്യ ബാലനെ കരീന അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. താന്‍ ആയിരുന്നുവെങ്കില്‍ അത്തരമൊരു സിനിമ ചെയ്യുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അല്ലെങ്കില്‍ ഷാരൂഖ് ഖാനോ സല്‍മാന്‍ ഖാനോ നായകന്മാരായി വരേണ്ടി വരുമെന്നും കരീന പറഞ്ഞു.
“ദി ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമ കാണണമെന്ന് ഞാന്‍ എപ്പോഴും സെയ്ഫിനെ നിര്‍ബന്ധിക്കുമായിരുന്നു. അദ്ദേഹത്തോട് ആ സിനിമ കാണാന്‍ പറയുമ്പോഴെല്ലാം കാണാം കാണാം എന്നായിരുന്നു മറുപടി. പക്ഷെ സെയ്ഫ് ആ സിനിമ കണില്ലായിരുന്നു. ചിലപ്പോള്‍ അതുപോലെയുള്ള കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്താലോ എന്ന പേടികൊണ്ടായിരിക്കും (ചിരിച്ച് കൊണ്ട്).
ശരിക്കും വിദ്യ ബാലന്‍ 2011ലെ ഹീറോയാണ്. ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ ഞാന്‍ റിസ്‌ക്കെടുക്കുമായിരുന്നോ എന്ന് എന്നോട് ചോദിച്ചാല്‍ എനിക്ക് ഇപ്പോഴും ഉത്തരമില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ തന്നെ സിനിമയില്‍ സല്‍മാന്‍ ഖാനോ ഷാരൂഖ് ഖാനോ ഉണ്ടെന്ന് ഉറപ്പുവരുത്തി അത് ബാലന്‍സ് ചെയ്യുമായിരുന്നു. ഒരുപക്ഷെ സിനിമ എങ്ങാനും പരാജയപ്പെട്ടാല്‍ അതിനെ ബാലന്‍സ് ചെയ്യാന്‍ എന്തെങ്കിലും വേണമല്ലോ,’ കരീന കപൂര്‍ പറഞ്ഞു.
2011ല്‍ പുറത്തിറങ്ങിയ ദി ഡേര്‍ട്ടി പിക്ചര്‍ എന്ന സിനിമയില്‍ രേഷ്മ എന്ന കഥാപാത്രമായിട്ടാണ് വിദ്യ അഭിനയിച്ചത്. ഇമ്രാന്‍ ഹാഷ്മി. നസ്‌റുദ്ദീന്‍ ഷാ തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. സില്‍ക് സ്മിയതയുടെ ജന്മദിനത്തിനായിരുന്നു സിനിമ തിയേറ്ററിലെത്തിയത്.
content highlight: actress kareena kapoor about vidhya balan