|

ആ രാത്രി അവന്‍ മരണപ്പെട്ടേക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു, ഞാന്‍ ദൈവത്തെ വിളിച്ച് ഒരുപാട് പ്രാര്‍ത്ഥിച്ചു: കനിഹ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ മകനുണ്ടായ ദിവസം തന്നെ അവന്‍ മരിച്ച് പോകുമെന്ന് ഡോക്ടര്‍ പറഞ്ഞുവെന്ന് നടി കനിഹ. തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ദിവസങ്ങളായിരുന്നു അതെന്നും താരം പറഞ്ഞു. ആ ദിവസങ്ങളില്‍ താന്‍ ഒരുപാട് തവണ ദൈവത്തെ വിളിച്ചെന്നും, ആദ്യമായിട്ടാണ് ഒരു ജീവന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതെന്നും താരം പറഞ്ഞു.

‘ഋഷി എന്നാണ് എന്റെ മകന്റെ പേര്. അവനിപ്പോള്‍ പതിനൊന്ന് വയസാകുന്നു. കല്യാണം കഴിഞ്ഞ് ഞാന്‍ ഭര്‍ത്താവിനൊപ്പം അമേരിക്കയിലായിരുന്നു താമസം. അതുകൊണ്ട് തന്നെ അവന്‍ ജനിച്ചത് അവിടെയായിരുന്നു. ശരിക്കും എന്റേത് ഒരു പെര്‍ഫക്ട് പ്രഗ്‌നന്‍സിയായിരുന്നു. എനിക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല.

ഒന്‍പതാം മാസത്തില്‍ പൊതുവെ പറയുമല്ലോ, എപ്പോള്‍ വേണമെങ്കിലും ഇനി ഡെലിവറി നടക്കുമെന്ന്. ആ സ്റ്റേജിലായിരുന്നു ഞാനും. അത് കാരണം നേരത്തെ തന്നെ ഞങ്ങള്‍ ഹോസ്പ്പിറ്റലില്‍ പോകാന്‍ എല്ലാം പാക്ക് ചെയ്ത് വെച്ചിരുന്നു. അങ്ങനെ പെയിന്‍ വന്നപ്പോള്‍ ആ രാത്രിയില്‍ തന്നെ ഞങ്ങള്‍ ഹോസ്പ്പിറ്റലില്‍ പോയി. പ്രസവ ശേഷം എന്ത് സംഭവിച്ചുവെന്ന് എനിക്കറിയില്ല, കുഞ്ഞിനെ എനിക്ക് കാണിച്ചു തന്നില്ല.

ഏഷ്യന്‍ കുഞ്ഞുങ്ങള്‍ക്ക് ബിലിറൂബന്‍ കുറവായിരിക്കുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ അങ്ങനെ കാരണം എന്തോ കാര്യത്തിന് കുഞ്ഞിനെ കൊണ്ടു പോയതായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. അതുകൊണ്ട് തന്നെ ഞാന്‍ കരുതി ഞാന്‍ വളരെ കൂളായിട്ടാണിരുന്നത്. വൈകുന്നേരം ആറ്, ആറര മണിക്കായിരുന്നു എന്റെ പ്രസവം. സമയം ഏതാണ്ട് അര്‍ധരാത്രിയായപ്പോള്‍ ഒരു ഡോക്ടര്‍ പേനയും പുസ്തകവുമൊക്കെയായി റൂമിലേക്ക് വന്നു.

അദ്ദേഹം ആ കടലാസില്‍ ഒരു ഹാര്‍ട്ട് വരച്ചിട്ട് എന്നോട് പറഞ്ഞു, ക്ഷമിക്കണം നിങ്ങളുടെ കുഞ്ഞിന് ഹാര്‍ട്ടിന് ചെറിയ പ്രശ്നമുണ്ട്, ചിലപ്പോള്‍ ഈ രാത്രി തന്നെ അവന്‍ മരണപ്പെട്ടേക്കുമെന്ന്. അത് കേട്ടതും എന്റെ കൈയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി. എങ്ങനെ റിയാക്ട് ചെയ്യണമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഡെലിവറി കഴിഞ്ഞ അവസ്ഥയില്‍ നിന്ന് ശരീരം റിക്കവറിയായിട്ട് പോലുമുണ്ടായിരുന്നില്ല.

പിന്നെ അവിടെ നിന്ന് ഞാന്‍ ഒരുപാട് ദൈവങ്ങളെ വിളിച്ച് പ്രാര്‍ത്ഥിച്ചു. എട്ട് മണിക്കൂര്‍ നീണ്ട് ഒരു സര്‍ജറി അവന് നടത്തി. അതുവരെ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം പ്രാര്‍ത്ഥിച്ചിരുന്ന ഞാന്‍, ജീവിതത്തില്‍ ആദ്യമായി ഒരു ജീവന് വേണ്ടി പ്രാര്‍ത്ഥിച്ചു. അതും എന്റെ മകന് വേണ്ടി. എന്നെ സംബന്ധിച്ച് ജീവിതം തന്നെ മാറിയ നിമിഷമായിരുന്നു അത്. അതിന് ശേഷം ജീവിതത്തില്‍ എന്ത് സംഭവിച്ചാലും നേരിടാനുള്ള ധൈര്യം എനിക്ക് ഉണ്ടായി,’ കനിഹ പറഞ്ഞു.

content highlight: actress kaniha talks about her son

Latest Stories