| Monday, 14th February 2022, 7:00 pm

'ഈ ഇതിഹാസത്തോടും ജോലിയോടുമുള്ള പ്രണയം'; വാലന്റൈന്‍സ് ദിനത്തില്‍ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കനിഹ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സി.ബി.ഐ സീരിസിലെ അഞ്ചാം ചിത്രം. ഒരേ കഥാപാത്രത്തെ നായകനാക്കി അഞ്ചാം ഭാഗമിറങ്ങുന്ന മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണിത്.

മമ്മൂട്ടി കെ. മധു-എസ്.എന്‍. സ്വാമി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള കാഴ്ചകള്‍ ഇതിനോടകം സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ വാലന്റൈന്‍സ് ദിനത്തില്‍ സി.ബി.ഐ അഞ്ചിലെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി കനിഹ.

സെറ്റില്‍വെച്ച് മമ്മൂട്ടിയോടൊപ്പമുള്ള ചിത്രമെടുക്കാന്‍ പറ്റിയ ഏറ്റവും അനിയോജ്യമായ നിമിഷം കണ്ടെത്തിയിരിക്കുന്നു എന്നാണ് കനിഹ ചിത്രം പങ്കുവെച്ച് തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടില്‍ എഴുതിയിരിക്കുന്നത്.

‘ഇതിഹാസത്തിനൊപ്പം സെറ്റില്‍വെച്ച് ചിത്രമെടുക്കാനുള്ള ശരിയായ നിമിഷം ഒടുവില്‍ കണ്ടെത്തിയിരിക്കുകയാണ്.

ജോലിയോടുള്ള പ്രണയത്തിന്, ഈ ഇതിഹാസത്തോടുള്ള പ്രണയത്തിന്.
ഹാപ്പി വാലന്റൈന്‍സ് ഡേ!,’ എന്ന അടിക്കുറിപ്പോയൊണ് കനിഹ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മമ്മൂട്ടിയോടൊപ്പം കനിഹ അഭിനയിക്കുന്ന ഏഴാമത്തെ ചിത്രമാണ് സി.ബി.ഐ 5. പഴശിരാജ, ദ്രോണ, കോബ്ര, ബാവൂട്ടിയുടെ നാമത്തില്‍ അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം എന്നിവയാണ് മമ്മൂട്ടിയോടൊപ്പം കനിഹ അഭിനയിച്ച ചിത്രങ്ങള്‍. നേരത്തെ ചിത്രത്തിന്റെ ഭാഗമാകുകയാണെന്ന് കനിഹ തന്നെ അറിയിച്ചിരുന്നു.

‘ലെജന്‍ഡറി തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും കെ. മധുവിനും ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. സി.ബി.ഐ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. ഇഷ്ട നടനൊപ്പം ഒരിക്കല്‍കൂടി അഭിനയിക്കാന്‍ കാത്തിരിക്കുന്നു.’ എന്നായിരുന്നു സംവിധായകന്‍ കെ. മധുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കനിഹ അറിയിച്ചിരുന്നത്.

സേതുരാമയ്യരായി മമ്മൂട്ടി വീണ്ടമെത്തുമ്പോള്‍ രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ഇത്തവണ കൂട്ടിനുണ്ടാവും. സായ്കുമാര്‍, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്.

1988 ല്‍ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യം സി.ബി.ഐയുടെ വരവ്. സിനിമക്ക് വന്‍ സ്വീകാര്യത ലഭിച്ചതോടെ 1989 ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാമതും സി.ബി.ഐ എത്തി.

ജാഗ്രതയും ബോക്സോഫീസ് ഹിറ്റായിരുന്നു. പിന്നീട് ഒരു ഇടവേളക്ക് ശേഷമാണ് സി.ബി.ഐ വരുന്നത്. 2004ല്‍ സേതുരാമയ്യര്‍ സി.ബി.ഐ എന്ന പേരിലായിരുന്നു അത്.

തൊട്ടടുത്ത വര്‍ഷം നേരറിയാന്‍ സി.ബി.ഐയും എത്തി. എല്ലാ സി.ബി.ഐ കഥാപാത്രങ്ങളെയും ഇരുകൈയ്യും നീട്ടിയാണ് മലയാളികള്‍ ഏറ്റെടുത്തത്.

നാലു ഭാഗങ്ങളും ഒരുപോലെ പ്രദര്‍ശന വിജയം നേടി എന്നൊരു പ്രത്യേകത കൂടെ സി.ബി.ഐക്കുണ്ട്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഇപ്പോള്‍ ഒരുങ്ങുന്നത്.

CONTENT HIGHLIGHTS: Actress Kaniha shares a picture with Mammootty from CBI 5th location on Valentine’s Day

We use cookies to give you the best possible experience. Learn more