പത്രങ്ങളും ചാനലുകളും അതിസങ്കീര്‍ണമായ വാര്‍ത്തകള്‍കൊണ്ടു നിറഞ്ഞിരിക്കുകയാണെന്നും ജീവഹാനിയെ കുറിച്ചും അതീവ ഗുരുതരമായ സാഹചര്യങ്ങളെ കുറിച്ചുമുള്ള കഥകള്‍ മാത്രമാണ് ചുറ്റും കേള്‍ക്കാനുള്ളതെന്നും നടി കനിഹ.
ഈ സമയത്ത് വീട്ടില്‍ താമസിക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യമായി കണക്കാക്കണമെന്നും എങ്കില്‍ പോലും നിലവിലെ നമ്മുടെ സാഹചര്യം ഒരാളുടെ മാനസികവും ശാരീരികവുമായ അവസ്ഥയെ സാരമായി ബാധിക്കുമെന്ന വസ്തുത നിഷേധിക്കരുതെന്നും കനിഹ ഇ ടൈംസിനോട് പറഞ്ഞു.
അതിനാല്‍ തന്നെ ഓരോരുത്തരും സ്വന്തം കാര്യത്തിനായി കുറച്ചു സമയം നീക്കിവെക്കണമെന്നും ഈ അനിശ്ചിത കാലഘട്ടത്തില്‍ അത്തരമൊരു സമയത്തിന് പ്രാധാന്യമുണ്ടെന്നും കനിഹ പറഞ്ഞു.
‘ നമ്മള്‍ നമുക്കായി കുറച്ചു സമയം നീക്കിവയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്. ഇതാണ് എനിക്ക് നിങ്ങളുമായി പങ്കുവെക്കാനുള്ളത്. നമ്മുടെ മനസിന് സന്തോഷം തോന്നുന്ന ചില കാര്യങ്ങളില്‍ മുഴുകുക. ശാരീരികവും മാനസികവുമായ സങ്കീര്‍ണതകള്‍ കുറയ്ക്കാന്‍ അത് ഉപകാരപ്പെടും.
ഇത് ഒരു സിക്‌സ് പായ്ക്ക് നേടാനോ അല്ലെങ്കില്‍ നല്ല ശരീരം ലഭിക്കാനോ മാത്രമല്ല. കുറച്ചുസമയം നമ്മള്‍ നമുക്കായി ചിലവഴിക്കുന്നത് നിങ്ങളെ പല തരത്തില്‍ സഹായിക്കും,’ കനിഹ പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം ശക്തമാവുകയാണെന്നും വര്‍ദ്ധിച്ചുവരുന്ന കേസുകള്‍ കാരണം ആശുപത്രികളില്‍ കിടക്കകള്‍ പോലു ഇല്ലാത്ത അവസ്ഥയാണെന്നും ഈ ഘട്ടത്തില്‍ വൈറസ് പടരാതിരിക്കാന്‍ ഓരോ വ്യക്തിയും പരമാവധി ശ്രമിക്കണമെന്നും പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്ത് സര്‍ക്കാരിന്റെ കൊവിഡിനെതിരായ പോരാട്ടത്തിനൊപ്പം പങ്കുചേരണമെന്നും കനിഹ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശമായ അവസ്ഥയിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. അന്ന് നമ്മള്‍ എന്ത് ചെയ്‌തോ അതേ കാര്യങ്ങള്‍ ഇപ്പോഴും തുടരണം. നിലവിലെ അവസ്ഥയെക്കുറിച്ചുള്ള ഒരു ആശ്വാസകരമായ കാര്യം എന്നത് ഇപ്പോള്‍ ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം എന്നതാണ്. കഴിഞ്ഞ വര്‍ഷം ഇത് നമുക്ക് ഒരു പുതിയ അനുഭവമായിരുന്നു. എന്തുചെയ്യണമെന്ന് നമുക്ക് അറിയില്ലായിരുന്നു.
പക്ഷേ, എന്നാല്‍പ്പോലും നമ്മളില്‍ പലരും അല്‍പം അലസത കാണിക്കുകയും ഞാനടക്കമുള്ളവര്‍ കാര്യങ്ങള്‍ നിസ്സാരമായി കാണുകയും ചെയ്തു. അതിനുള്ള തിരിച്ചടിയാണ് നമുക്ക് ലഭിക്കുന്നത്. അതേസമയം വലിയൊരു വിഭാഗം ആളുകളും പ്രതിരോധ കുത്തിവെപ്പെടുത്ത് സുരക്ഷിതരായിട്ടുണ്ടെന്നും വാക്‌സിന്‍ എടുക്കാനുള്ളവര്‍ എത്രയും പെട്ടെന്ന് അതിന് തയ്യാറകണമെന്നും കനിഹ അഭ്യര്‍ത്ഥിച്ചു.
എല്ലാവരും വീട്ടില്‍ തന്നെ തുടരുകയും സുരക്ഷിതരായിരിക്കുകയും ചെയ്യുക. മെച്ചപ്പെട്ട ഒരു അവസ്ഥയിലേക്ക് നമുക്ക് മടങ്ങണമെങ്കില്‍ എല്ലാവരും വാക്‌സിനുകള്‍ എടുക്കാന്‍ തയ്യാറാകണമെന്നും കനിഹ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക