Movie Day
മുണ്ടുടുത്തപ്പോള്‍ കൂവിയവരുണ്ട്; ഇവള്‍ക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ എന്ന് ചോദിച്ച് വാര്‍ത്ത നല്‍കിയ ചാനലുണ്ട്: കനി കുസൃതി
താനൊരു സോഷ്യല്‍ ആക്ടിവിസ്റ്റല്ലെന്നും വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ പോലും ആക്ടിവിസം എന്ന നിലയില്‍ താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും നടി കനി കുസൃതി.
മൈത്രേയനും ജയശ്രീയും ജീവിക്കുന്ന അതേ രീതിയില്‍ താനും ജീവിക്കണമെന്നില്ലെന്നും ഒരു കാര്യത്തിലും ഒരു ലീഡര്‍ഷിപ്പൊന്നും എടുക്കുന്ന ആളല്ല താനെന്നും കനി കുസൃതി പറഞ്ഞു.
മൊട്ടയടിച്ചതിന്റെ പേരിലും മുണ്ടുടുത്തതിന്റെ പേരിലും തനിക്ക് നേരെ കൂവിവിളിച്ചവരുണ്ടെന്നും ഇവള്‍ക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലേയെന്ന് ചോദിച്ച് വാര്‍ത്ത കൊടുത്ത ചാനലുകളുണ്ടെന്നും കനി കുസൃതി പറഞ്ഞു. വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കനി.
‘വസ്ത്രധാരണത്തിന്റെ കാര്യം പറയുകയാണെങ്കില്‍ ‘ഞാന്‍ മുണ്ടുടുത്ത് നടക്കാം, ഇവിടെയൊന്നും ആരും അങ്ങനെ നടക്കുന്നില്ലല്ലോ’ എന്ന് കരുതി ചെയ്യുന്നതല്ല. ഞാന്‍ ഒരു ദിവസം ഈ കൈലി നോക്കുമ്പോള്‍ നല്ല തുണിയാണെന്ന് എനിക്ക് തോന്നി. ഇതെങ്ങനെയാണ് നമ്മള്‍ ഉടുക്കാതിരിക്കുന്നത്. ആ തുണിയോടുള്ള ഇഷ്ടം കൊണ്ടാണ് അത് ഉടുക്കുന്നത്. അല്ലാതെ ഒരു റിബലാവാം എന്നാന്നും ആലോചിച്ചിട്ടില്ല.
ആദ്യമായി 2003ല്‍ മൊട്ടയടിച്ചാണ് ഞാന്‍ ഫിലിം ഫെസ്റ്റിവലിന് പോകുന്നത്. അന്ന് കൈരളി ടി.വിയിലെ സാക്ഷിയില്‍ ഇവള്‍ക്കൊന്നും ചോദിക്കാനും പറയാനും ആളില്ലേ എന്നും പറഞ്ഞ് എന്നെ കാണിച്ചിട്ടുണ്ട്.
എന്റെ ഒരു സുഹൃത്താണ് അന്ന് ആ വീഡിയോ എഡിറ്റ് ചെയ്യുന്നത്. കനീ, ഇത് ടെലികാസ്റ്റ് പോകുമെന്ന് പറഞ്ഞു. എന്തെങ്കിലും ആകട്ടെ എന്ന് ഞാനും പറഞ്ഞു. അങ്ങനെയൊക്കെ പറഞ്ഞവര്‍ ഇപ്പോള്‍ കുറേ മാറിയിട്ടുണ്ട്. ഞാന്‍ പറയുന്നത് അന്നും ഞാന്‍ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതും ഇഷ്ടപ്പെട്ട കാര്യം പറയുന്നതുമൊക്കെ വളരെ വ്യക്തിപരമായ കാര്യത്തിലാണ്.
നമുക്ക് വ്യക്തിപരമായി ഈ രാജ്യവും ഭരണഘടനയും അനുവദിച്ചു തരുന്ന സ്വാതന്ത്ര്യമുണ്ടല്ലോ. അവിടെ ഞാന്‍ എന്റെ ഇഷ്ടം പറയുന്നു. ഇത് ഞാന്‍ പറയുന്നതുകൊണ്ട് ഇവിടെ എന്തെങ്കിലും ഇംപാക്ട് ഉണ്ടാക്കുമെന്നോ അല്ലെങ്കില്‍ ചിലര്‍ക്ക് ദേഷ്യം വരുമെന്നോ ഒന്നും ഞാന്‍ ആലോചിക്കുന്നില്ല.
ദേഷ്യം വരുമെന്ന് പിന്നീട് ഞാന്‍ മനസിലാക്കുന്നുണ്ട്. കാരണം ഞാന്‍ ആദ്യമായി മുണ്ടുടുത്ത് പോയപ്പോള്‍ ഉള്ളൂരും പാളയത്തുമൊക്കെയുള്ള ചില ചെക്കന്‍മാര്‍ കൂവുന്നുണ്ടായിരുന്നു. ബസിലാണ് ഞാന്‍ പോകുന്നത്. ഓട്ടോയ്ക്ക് പോകാന്‍ പൈസ പോലുമില്ല. ഇവര്‍ ശരിക്കും എന്നെ നോക്കി കൂവുകയാണ്.
പിന്നെ ഞാന്‍ മൊട്ടയടിച്ച് മുണ്ടുടുത്ത് പോയപ്പോള്‍ കൂവല്‍ നിന്നു. ഇതെവിടുന്നാണ്, ഇതാരാണ് എന്ന നിലയില്‍ ഒരു പേടി പോലെയായി. ഇവരെ പേടിപ്പിക്കണം അല്ലെങ്കില്‍ നമ്മല്‍ മറ്റുള്ളവരില്‍ നിന്ന് മാറി നടക്കണം എന്നൊന്നും വിചാരിച്ചല്ല ഇതൊന്നും ചെയ്യുന്നത്.
നമുക്ക് മുണ്ട് തരുന്ന ഒരു കംഫര്‍ട്ടുണ്ട്. എല്ലാവര്‍ക്കും മുണ്ട് തരുന്ന അതേ കംഫേര്‍ട്ടാണ് എനിക്കും കിട്ടുന്നത്. അതുപോലെ ചൂടുകാലത്ത് മൊട്ടയടിച്ചവര്‍ക്കറിയാം അതിന്റെ സുഖം. അത്തരത്തിലൊരു കംഫര്‍ട്ടിലേക്ക് ഞാന്‍ പോകുമ്പോള്‍, നമ്മുടെ നാട്ടില്‍ ആരും ഇങ്ങനെ നടക്കാറില്ല, അതുകൊണ്ട് ഇത് പാടില്ല എന്ന നിലയില്‍ ആളുകള്‍ പറയുമ്പോള്‍ അതിനെ ചെറുക്കും എന്നല്ലാതെ വേറൊന്നും അതിലില്ല.
ഓരോരുത്തര്‍ക്കും വ്യക്തിപരമായ ഇഷ്ടങ്ങള്‍ ഉണ്ടാവില്ലേ. ചിലപ്പോള്‍ എനിക്ക് മുടി ഇങ്ങനെ ചീകിവെക്കുന്നതായിരിക്കില്ല ഇഷ്ടം. പക്ഷേ ചില സ്ഥലങ്ങളില്‍ നമ്മള്‍ അത് ചെയ്യേണ്ടതായി വരും. കുട്ടിയായിരിക്കുമ്പോള്‍ തന്നെ എന്റെ ഉത്തരവാദിത്തത്തെ കുറിച്ച് മൈത്രേയനും ജയശ്രീ ചേച്ചിയും പറഞ്ഞുതന്നിട്ടുണ്ട്.
കുട്ടിയായിരിക്കുമ്പോള്‍ എനിക്ക് ചുളിഞ്ഞ വസ്ത്രങ്ങള്‍ ഇടാനാണ് ഇഷ്ടം. പക്ഷേ ഞങ്ങളുടെ കൂടെ വരുമ്പോള്‍ തേച്ച് വൃത്തിയായി വരണമെന്ന് അവര്‍ പറയും. 18 വയസൊക്കെ ആയിക്കഴിഞ്ഞാല്‍ നീ ചുളുങ്ങിയതോ എന്ത് വേണണെങ്കിലും ധരിച്ചോ എന്ന് പറയും.
നമ്മള്‍ ഒരു വീട് ഷെയര്‍ ചെയ്യുമ്പോള്‍ എല്ലാവരുടേയും പൊതുവായ ഒരു എഗ്രിമെന്റ് ഉണ്ടാവുമല്ലോ പൊതുവായ ശരിയും തെറ്റും. കുട്ടിയെന്ന നിലയില്‍ അതിലേക്ക് ഞാനും പോകണമായിരുന്നു. മരത്തില്‍ കയറേണ്ട കാര്യമാണെങ്കില്‍ കയറാം, കാല്‍ ഒടിഞ്ഞാല്‍ ആശുപത്രിയില്‍ പോകാം. ആ രീതിയിലായിരുന്നു വളര്‍ത്തിയത്. എന്നാല്‍ വലുതാകുമ്പോള്‍ ഇതിന്റെയൊക്കെ ഉത്തരവാദിത്തം നീ എടുക്കണം എന്ന് പറയുമായിരുന്നു.
അതുകൊണ്ട് തന്നെ അന്നൊക്കെ എന്റെ ഇഷ്ടം മുഴുവനായി അറിയാന്‍ എനിക്ക് സാധിച്ചിരുന്നു,’ കനി പറഞ്ഞു.
Content Highlight: Actress Kani Kusruti about His Chois and Freedom