അഭിമുഖങ്ങളില്‍ വര്‍ക്ക് റിലേറ്റഡായി സംസാരിക്കുന്നതാണ് ഇഷ്ടം, വ്യക്തിപരമായ ചോദ്യങ്ങളോട് താല്‍പര്യമില്ല: കനി കുസൃതി
Film News
അഭിമുഖങ്ങളില്‍ വര്‍ക്ക് റിലേറ്റഡായി സംസാരിക്കുന്നതാണ് ഇഷ്ടം, വ്യക്തിപരമായ ചോദ്യങ്ങളോട് താല്‍പര്യമില്ല: കനി കുസൃതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th June 2022, 7:44 pm

അഭിമുഖങ്ങളില്‍ വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ താല്‍പര്യമില്ലെന്ന് നടി കനി കുസൃതി. ഏത് പ്രൊഫഷണിലുള്ള ആളുകളാണെങ്കിലും അവരുടെ ജോലി സംബന്ധമായ കാര്യങ്ങള്‍ കേള്‍ക്കാനാണ് താല്‍പര്യമെന്നും എന്നാല്‍ പൊതുസമൂഹത്തിന് വ്യക്തിപരമായ കാര്യങ്ങളില്‍ താല്‍പര്യമുണ്ടാവുമെന്നും വണ്ടര്‍വാള്‍ മീഡിയയില്‍ ഗായിക സിത്താര കൃഷ്ണ കുമാര്‍ നടത്തിയ അഭിമുഖത്തില്‍ കനി പറഞ്ഞു.

‘ഏത് പ്രൊഫഷണിലുള്ളവരുടെ അഭിമുഖമാണെങ്കിലും അവരുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേള്‍ക്കാനാണ് ഞാന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നത്. ഞാന്‍ ഒരു അഭിമുഖത്തിന് പോയാലും സംസാരിക്കാന്‍ ആഗ്രഹിക്കുന്നത് അതാണ്. ഭൂരിപക്ഷ സമൂഹത്തില്‍ നിന്നും എന്തെങ്കിലും മാറ്റത്തോടെ ജീവിക്കുന്നവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടാവും.

അല്ലെങ്കില്‍ ലൈം ലൈറ്റില്‍ നില്‍ക്കുന്ന സിനിമാക്കാരുടെ പേഴ്‌സണല്‍ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ താല്‍പര്യമുണ്ടാവും. പക്ഷേ അതാണ് പ്രധാനപ്പെട്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ എന്റെ ചുറ്റുപാടുമുള്ളവര്‍ക്കും എന്റെ സുഹൃത്തുക്കള്‍ക്കും പ്രധാനപ്പെട്ടതാവും.

പിന്നെ സാമൂഹിക സേവനം ചെയ്യുന്ന ആളുകള്‍, രാഷ്ട്രീയക്കാര്‍, എന്റെ ജീവിതമാണ് എന്റെ രാഷ്ട്രീയം എന്ന് പറഞ്ഞ് ജീവിക്കുന്ന മനുഷ്യര്‍ അവരുടെ ഓട്ടോ ബയോഗ്രഫി വായിക്കുകയാണെങ്കിലോ അവരുടെ അഭിമുഖം കാണുകയാണെങ്കിലോ എനിക്ക് കേള്‍ക്കാന്‍ താല്‍പര്യമുണ്ട്.

എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നത് കൊണ്ടോ, കുറച്ച് പ്രശസ്തരാണെന്നുള്ളത് കൊണ്ടോ, അവരെവിടെ പോയി എന്ത് ഉടുപ്പിട്ടു ആരുടെ കൂടെയാണ് നടക്കുന്നത് എന്നതിലൊക്കെ പ്രധാന്യമുണ്ടോ എന്നറിയില്ല. ആളുകള്‍ ഇഷ്ടപ്പെടുന്നത് കൊണ്ട് എനിക്ക് വിരോധമൊന്നുമില്ല. എന്റെ ജീവിതം അറിയുന്നതുകൊണ്ട് കൊണ്ട് എന്തെങ്കിലും സംഭാവന കേരളത്തിനോ ഇന്ത്യക്കോ കൊടുക്കാനുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല,’ കനി പറഞ്ഞു.

‘കല്യാണം കഴിക്കാതെ ഒരു പാര്‍ട്ണറിന്റെ കൂടെ ജീവിക്കുക, എന്റെ അച്ഛനും അമ്മയും കല്യാണം കഴിച്ചിട്ടില്ല, അങ്ങനെ ചില വ്യത്യാസങ്ങള്‍ ഉള്ളത് കൊണ്ട് അതെന്താ അങ്ങനെ എന്നൊരു കൗതുകം ആളുകള്‍ക്ക് ഉണ്ടാവാം. അല്ലെങ്കില്‍ ഞാന്‍ എന്തെങ്കിലും സാമൂഹിക പ്രവര്‍ത്തനം ചെയ്യണമല്ലോ. അങ്ങനെ ഞാന്‍ ചെയ്തതായി തോന്നിയിട്ടില്ല.

ഞാന്‍ ഒരു നടി മാത്രമാണ്. കുറച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടുതലും നാടകത്തിലാണ് അഭിനയിച്ചിട്ടുള്ളത്. അതിന്റെ ക്രാഫ്റ്റിനെ പറ്റി സംസാരിക്കാനാണ് കൂടുതല്‍ താല്‍പര്യം. വലിയ അഭിനേതാക്കളെ വെച്ച് നോക്കുമ്പോള്‍ അതില്‍ എനിക്കെന്തെങ്കിലും കൂടുതല്‍ പറയാനുള്ളതായി തോന്നിയിട്ടില്ല,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlifgt: Actress Kani Kusruthi said that she is  not interested in talking about personal matters ininterviews