കൊവിഡ് വെറും ജലദോഷപ്പനിയല്ല, രോഗം ഭേദമാകുന്ന സമയം ഏറെ ശ്രദ്ധിക്കണം: വിവാദ പ്രസ്താവന തിരുത്തി കങ്കണ
Entertainment
കൊവിഡ് വെറും ജലദോഷപ്പനിയല്ല, രോഗം ഭേദമാകുന്ന സമയം ഏറെ ശ്രദ്ധിക്കണം: വിവാദ പ്രസ്താവന തിരുത്തി കങ്കണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th June 2021, 1:49 pm

ന്യൂദല്‍ഹി: കൊവിഡ് വെറും ജലദോഷപ്പനിയാണെന്ന തന്റെ പ്രസ്താവന തിരുത്തി ബോളിവുഡ് നടി കങ്കണ റണൗത്ത്. കൊവിഡ് ഒരു ജലദോഷപ്പനിയായിട്ടാണ് ആദ്യം തനിക്ക് അനുഭവപ്പെട്ടതെന്നും രോഗം ഭേദമായതിന് ശേഷം നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും കങ്കണ പറഞ്ഞു. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കങ്കണയുടെ അഭിപ്രായം.

ജലദോഷപ്പനി പോലെയാണ് കൊവിഡ് തനിക്ക് അനുഭവപ്പെട്ടതെന്നും എന്നാല്‍ രോഗം ഭേദമാകുന്ന സമയത്ത് ഇതുവരെ അനുഭവിക്കാത്തതൊക്കെ തനിക്ക് വന്നുവെന്നും കങ്കണ പറയുന്നു.

കൊവിഡിന്റെ കാര്യത്തില്‍ രോഗമുക്തിയ്ക്ക് ശേഷമാണ് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നമ്മളെ തേടിവരികയെന്നും അങ്ങനെയാണ് തനിക്കനുഭവപ്പെട്ടതെന്നും കങ്കണ വീഡിയോയില്‍ പറഞ്ഞു.

 

 

‘ കൊവിഡ് രോഗം ഭേദമായതിനെക്കുറിച്ച് സംസാരിക്കാനാണ് ഞാന്‍ ഇന്ന് നിങ്ങള്‍ക്കു മുന്നില്‍ എത്തിയത്. ഒരു ജലദോഷപ്പനി. അതാണ് കൊറോണ എന്നായിരുന്നു എനിക്ക് തോന്നിയത്. എന്നാല്‍ രോഗം ഭേദമാകുന്ന ഘട്ടത്തില്‍ എനിക്കുണ്ടായ അനുഭവങ്ങള്‍ ആ ധാരണ തിരുത്തി. ഇതിനു മുമ്പ് സംഭവിക്കാത്ത പലതും എന്റെ ശരീരത്തെ ബാധിച്ചു,’ കങ്കണ പറയുന്നു.

എന്തെങ്കിലും രോഗം നമ്മുടെ ശരീരത്തെ ബാധിച്ചാല്‍ അവയ്‌ക്കൊക്കെ രോഗമുക്തി വളരെ എളുപ്പം സാധിക്കുമെന്നും എന്നാല്‍ കൊറോണയുടെ കാര്യത്തില്‍ നേരെ തിരിച്ചാണ് നടക്കുന്നതെന്നും കങ്കണ പറഞ്ഞു.

‘രോഗം ഭേദമായി എന്ന് വൈറസ് നമ്മുടെ ശരീരത്തെ പറഞ്ഞു വിശ്വസിപ്പിക്കും. ആ ബോധത്തോടെ നമ്മള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കഠിനമായ ക്ഷീണവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകും. എനിക്കും ഇത് സംഭവിച്ചു. രോഗം ഭേദമായ ശേഷവും ജലദോഷവും പനിയും തൊണ്ട വേദനയും വന്നിരുന്നു. രണ്ടു മൂന്നു തവണ ഇതാവര്‍ത്തിക്കുകയും ചെയ്തു,’ കങ്കണ വീഡിയോയില്‍ പറഞ്ഞു.

രോഗം ഭേദമാകുന്ന സമയം ഏറെ ശ്രദ്ധിക്കണമെന്നും വൈറസ് ശരീരത്തെ തളര്‍ത്തുന്ന സമയമാണ് അതെന്നും കങ്കണ വീഡിയോയില്‍ പറയുന്നു.

കൊവിഡ് സ്ഥിരീകരിച്ച സമയത്ത് കങ്കണ രോഗത്തെപ്പറ്റി നടത്തിയ ചില പ്രസ്താവനകള്‍ക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

കൊവിഡിനെ വെറും ജലദോഷപനിയെന്ന് വിളിച്ച കങ്കണ മാധ്യമങ്ങള്‍ അനാവശ്യ ശ്രദ്ധ നല്‍കുന്നതിനാലാണ് ജനങ്ങള്‍ പരിഭ്രാന്തരാവുന്നതെന്നും അഭിപ്രായപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Actress Kangana Ranuat Speaks About Covid 19