ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി നടി കങ്കണ റണൗത്ത്. രാജ്യത്തെ ഐക്യം തകര്‍ക്കാനെത്തിയ തീവ്രവാദികളാണ് കര്‍ഷകരെന്നാണ് കങ്കണയുടെ വിവാദ പരാമര്‍ശം.
കര്‍ഷകരെ സമരം ആഗോളതലത്തില്‍ ചര്‍ച്ചയാകുന്ന പശ്ചാത്തലത്തിലാണ് കങ്കണയുടെ വിദ്വേഷ പരാമര്‍ശം. കൊടുംതണുപ്പുപോലും വകവെയ്ക്കാതെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പോപ് ഗായിക റിഹാനയും രംഗത്തെത്തിയിരുന്നു. റിഹാനയുടെ ട്വീറ്റിന് മറുപടിയായിട്ടായിരുന്നു കങ്കണയുടെ ട്വീറ്റ്.
‘ആരും ഇതേപ്പറ്റി സംസാരിക്കുന്നില്ല. അവര്‍ കര്‍ഷകരല്ല. തീവ്രവാദികളാണ്. രാജ്യത്തിന്റെ ഐക്യം തകര്‍ത്ത് ഭിന്നതയുണ്ടാക്കാനെത്തിയ തീവ്രവാദികള്‍. ഐക്യം തകര്‍ന്നാല്‍ ചൈനയ്ക്ക് ഏറ്റവും എളുപ്പത്തില്‍ ഇന്ത്യയില്‍ ആധിപത്യമുറപ്പിക്കാം. ഇന്ത്യയെ ഒരു ചൈനീസ് കോളനിയാക്കാം അമേരിക്കയെ പോലെ. നിങ്ങളെ പോലെ മാതൃരാജ്യത്തെ വിറ്റ് തിന്നുന്നവരല്ല ഞങ്ങള്‍’, കങ്കണ ട്വിറ്ററിലെഴുതി.
കര്‍ഷക സമരം ശക്തമാകുന്ന സാഹചര്യത്തിലാണ് കര്‍ഷകരെ പിന്തുണച്ച് പോപ് ഗായിക റിഹാന രംഗത്തെത്തിയത്. സമരം നടക്കുന്ന ദല്‍ഹി അതിര്‍ത്തിയിലും മറ്റ് പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് വിഛേദിച്ച നടപടിയെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ട് മാസത്തിലേറെയായി തെരുവില്‍ പ്രതിഷേധിക്കുകയാണ് കര്‍ഷകര്‍. ഇതുവരെയും കാര്‍ഷിക നിയങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് അന്തിമമായ ഒരു തീരുമാനം കേന്ദ്രം എടുത്തിട്ടില്ല.
No one is talking about it because they are not farmers they are terrorists who are trying to divide India, so that China can take over our vulnerable broken nation and make it a Chinese colony much like USA…
Sit down you fool, we are not selling our nation like you dummies. https://t.co/OIAD5Pa61a— Kangana Ranaut (@KanganaTeam) February 2, 2021
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ച സാഹചര്യത്തിലും തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകമായൊരു ബജറ്റ് നടത്തണമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം കര്‍ഷകര്‍ക്ക് കൂടുതല്‍ പിന്തുണയുമായി പഞ്ചാബ് സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ദല്‍ഹി പൊലീസ് കേസ് ചുമത്തിയ കര്‍ഷകര്‍ക്ക് നിയമസഹായം വേഗത്തില്‍ നല്‍കാനുള്ള നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു. ഇതിനായി 70 അഭിഭാഷകരുടെ ഒരു സംഘത്തെ ദല്‍ഹിയില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ദല്‍ഹിയിലെ ട്രാക്ടര്‍ റാലിക്കിടെ കാണാതായ കര്‍ഷകരുടെ പ്രശ്‌നത്തില്‍ നേരിട്ട് ഇടപെടുമെന്നും ഈ വ്യക്തികള്‍ സുരക്ഷിതമായി വീട്ടിലെത്തുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹായത്തിനായി 112 എന്ന നമ്പറില്‍ വിളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക പ്രതിഷേധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അമരീന്ദര്‍ സിംഗ് ചൊവ്വാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Kangana Ranuat Slams Farmers Protest