| Monday, 13th March 2023, 11:48 am

ഇന്ത്യന്‍ സ്ത്രീകളാണ് ഏറ്റവും മികച്ചവരെന്നതിന്റെ സാക്ഷ്യമാണിത്; ദീപിക പദുക്കോണിനെ പ്രശംസിച്ച് കങ്കണ റണാവത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓസ്‌കാര് വേദിയില് അവതാരികയായി തിളങ്ങിയ നടി ദീപിക പദുക്കോണിനെ പ്രശംസിച്ച് നടി കങ്കണ റണാവത്ത്. ദീപിക നാട്ടു നാട്ടു ഗാനത്തിന്റെ ലൈവ് പെര്‍ഫോമന്‍സിനെ വേദിയിലേക്ക് അനൗണ്‍സ് ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് ദീപികയെ കങ്കണ പ്രശംസിച്ചത്.

ഇന്ത്യന്‍ സ്ത്രീകളാണ് ഏറ്റവും മികച്ചവരെന്നതിന്റെ സാക്ഷ്യമാണ് ദീപികയെന്നും താരത്തെ കാണാന്‍ മനോഹരമായിരിക്കുന്നു എന്നുമാണ് കങ്കണ കുറിച്ചത്.

‘ ദീപികയെ കാണാന്‍ എത്ര മനോഹരമായിരിക്കുന്നു. മുഴുവന്‍ രാജ്യത്തെയും ഒരുമിച്ച് നിര്‍ത്തി അതിന്റെ പ്രതിച്ഛായയും പ്രശസ്തിയും ചുമലുകളില്‍ വഹിച്ച് വളരെ മാന്യമായും ആത്മവിശ്വാസത്തോടെയും സംസാരിക്കുക എന്നത് എളുപ്പമല്ല. ഇന്ത്യന്‍ സ്ത്രീകളാണ് ഏറ്റവും മികച്ചത് എന്നതിന്റെ സാക്ഷ്യമാണ് ദീപിക,” കങ്കണ പറഞ്ഞു.

നാട്ടു നാട്ടു വേദിയില്‍ അനൗണ്‍സ് ചെയ്യുമ്പോള്‍ പ്രേക്ഷകരുടെ കൈയടിയും ആവേശവും കാരണം ഒന്നിലധികം തവണ ദീപികക്ക് നിര്‍ത്തേണ്ടിവന്നു. ഇതിന് ശേഷമാണ് ആര്‍.ആര്‍.ആറിലെ ഈ ഗാനത്തിന് മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്‌കാര്‍ ലഭിച്ചത്. ചന്ദ്രബോസിന്റെ വരികള്‍ക്ക് എം.എം. കീരവാണി ഈണം പകര്‍ന്ന നാട്ടു നാട്ടു 2022 മാര്‍ച്ചിലാണ് പുറത്തിറങ്ങിയത്. റിലീസായ ഉടന്‍ തന്നെ ഗാനം ഏറെ ജനപ്രീതി നേടി.

ഇതു രണ്ടാം തവണയാണ് ഇന്ത്യന്‍ ഗാനം തിരഞ്ഞെടുക്കപ്പെടുന്നത്. സ്ലംഡോഗ് മില്യനയര്‍ ചിത്രത്തില്‍ എ.ആര്‍. റഹ്‌മാന്‍ സംഗീതം പകര്‍ന്നു ലോകപ്രസിദ്ധമായ ‘ജയ് ഹോ’ ഗാനം 2009 ലെ ഓസ്‌കര്‍ ചടങ്ങില്‍ അവതരിപ്പിച്ചിരുന്നു.

ആദ്യ റൗണ്ട് പ്രഖ്യാപനങ്ങളില്‍ അവതാരകരില്‍ ഒരാളായ ദീപിക പദുക്കോണ്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹാലി ബെറി, ജോണ്‍ ട്രാവോള്‍ട്ട, ഹാരിസണ്‍ ഫോര്‍ഡ് തുടങ്ങിയവരാണ് പുരസ്‌കാര വേദിയിലെ മറ്റ് അവതാരകര്‍. ഹാസ്യനടന്‍ ജിമ്മി കിമ്മല്‍ ആണ് പരിപാടിയുടെ അവതാരകന്‍.

കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത് ഗുനീത് മോംഗ നിര്‍മ്മിച്ച ദ എലിഫന്റ് വിസ്പറേഴ്‌സിന് 95-ാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച ഡോക്യുമെന്ററി ഷോട്ട് ഫിലിം പുരസ്‌കാരം നേടിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഓസ്‌കാര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് ദ എലിഫന്റ് വിസ്പറേഴ്‌സ്. 14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ഓസ്‌കാര്‍ എത്തുന്നത്.

1969ലും 1979-ലും മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ആയി മത്സരിച്ച ദി ഹൗസ് ദാറ്റ് ആനന്ദ ബില്‍റ്റ്, ആന്‍ എന്‍കൗണ്ടര്‍ വിത്ത് ഫേസസ് എന്നിവയ്ക്ക് ശേഷം നോമിനേറ്റ് ചെയ്യപ്പെടുന്ന മൂന്നാമത്തേ ചിത്രമാണ് ദ എലിഫന്റ് വിസ്പറേഴ്സ്.

content highlight: actress kangana ranaut praises deepika padukkon

We use cookies to give you the best possible experience. Learn more