| Tuesday, 21st February 2023, 4:47 pm

നെപ്പോ കിഡുകള്‍ അവാര്‍ഡുകള്‍ തട്ടിയെടുക്കുന്നു; മികച്ച നടി മൃണാളെന്ന് കങ്കണ; ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ പുരസ്‌കാര ജേതാക്കള്‍ക്കെതിരെ താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ പുരസ്‌കാരത്തില്‍ അതൃപ്തിയുമായി നടി കങ്കണ റണാവത്ത്. മികച്ച നടനും നടിക്കും ക്രിട്ടിക്‌സ് ബെസ്റ്റ് ആക്ടറിനുമുള്ള പുരസ്‌കാരം യഥാക്രമം രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, വരുണ്‍ ധവാന്‍ എന്നിവര്‍ നേടിയതിന് പിന്നാലെയാണ് കങ്കണ വിമര്‍ശനവുമായി രംഗത്ത് വന്നത്.

ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ തന്റെ അവാര്‍ഡ് ലിസ്റ്റും കങ്കണ പോസ്റ്റ് ചെയ്തിരുന്നു. ‘നെപ്പോ പ്രാണികള്‍ മാതാപിതാക്കളുടെ പേര് ഉപയോഗിച്ചാണ് ജീവിക്കുന്നത്. അവര്‍ക്ക് സിനിമ കിട്ടാന്‍ കരണ്‍ ജോഹറിനെ സന്തോഷിപ്പിക്കുന്നു. സ്വന്തം നിലയില്‍ ഉയര്‍ന്ന് വരുന്നവരുടെ കരിയര്‍ തകര്‍ക്കുന്നു. നിങ്ങളെയെല്ലാം നശിപ്പിക്കുകയാണ് എന്റെ ലക്ഷ്യം,’ എന്നാണ് ഇന്‍സ്റ്റ സ്റ്റോറിയില്‍ കങ്കണ കുറിച്ചത്.

ഇതിന് ശേഷം നെപ്പോ കിഡുകള്‍ അവാര്‍ഡ് തട്ടിയെടുക്കുന്നു എന്ന പറഞ്ഞ് 2022ലെ അവാര്‍ഡുകള്‍ എന്ന പേരില്‍ കങ്കണ ഒരു ലിസ്റ്റ് പങ്കുവെച്ചിരുന്നു. ഈ ലിസ്റ്റ് പ്രകാരം മികച്ച നടന്‍ – റിഷബ് ഷെട്ടി (കാന്താര), മികച്ച നടി- മൃണാള്‍ താക്കൂര്‍ (സീതാ രാമം), മികച്ച ചിത്രം – കാന്താര, മികച്ച സംവിധായകന്‍- എസ്.എസ്. രാജമൗലി (ആര്‍.ആര്‍.ആര്‍), മികച്ച സഹനടന്‍ – അനുപം ഖേര്‍ (കശ്മീര്‍ ഫയല്‍സ്), മികച്ച സഹനടി- തബു (ഭൂല്‍ ഭുലയ്യ) എന്നിങ്ങനെയാണ് പോകുന്നത്. അര്‍ഹരെന്ന് എനിക്ക് തോന്നുന്ന എല്ലാവരുടെയും ശരിയായ ലിസ്റ്റ് ഇനിയും ഉണ്ടാകുമെന്നും കങ്കണ കുറിച്ചിരുന്നു.

ഗംഗുഭായ് കത്യാവാഡി എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയ ഭട്ടിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ബ്രഹ്‌മാസ്ത്രയിലെ അഭിനയത്തിനാണ് രണ്‍ബീര്‍ കപൂറിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. കാന്താര സിനിമയിലെ പ്രകടനത്തിന് റിഷഭ് ഷെട്ടിക്ക് പ്രോമിസിങ് ആക്ടറിനുള്ള അവാര്‍ഡ് ലഭിച്ചു. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ദി കശ്മീര്‍ ഫയല്‍സിന് ലഭിച്ചു. ഫിലിം ഓഫ് ദി ഇയറായി തെരഞ്ഞെടുത്ത് ആര്‍.ആര്‍.ആറിനെയാണ്.

ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ മികച്ച പ്രതിനായകനുള്ള പുരസ്‌കാരം നേടി.

മറ്റ് അവാര്‍ഡുകള്‍

ക്രിട്ടിക്സ് ബെസ്റ്റ് ആക്ട്രസ് – വിദ്യാ ബാലന്‍ (ജല്‍സ)

മികച്ച സംവിധായകന്‍ – ആര്‍. ബാല്‍ക്കി (ചുപ്)

മികച്ച ഛായാഗ്രാഹകന്‍ – പി. എസ്. വിനോദ് (വിക്രം വേദ)

മികച്ച സഹനടന്‍ – മനീഷ് പോള്‍ (ജഗ്ഗ്ജഗ് ജിയോ)

മികച്ച പിന്നണി ഗായകന്‍ – സച്ചെ ടണ്ടന്‍ (മയ്യ മൈനു – ജേഴ്സി)

മികച്ച പിന്നണി ഗായിക – നീതി മോഹന്‍ (മേരി ജാന്‍ – ഗംഗുഭായ് കത്യാവാഡി)

മികച്ച വെബ് സീരീസ് – രുദ്ര: ദ എഡ്ജ് ഓഫ് ഡാര്‍ക്ക്നെസ് (ഹിന്ദി)

ബഹുമുഖ നടന്‍ – അനുപം ഖേര്‍ (കശ്മീര്‍ ഫയല്‍സ്)

ഈ വര്‍ഷത്തെ ടെലിവിഷന്‍ പരമ്പര – അനുപമ

മികച്ച നടന്‍ (ടെലിവിഷന്‍ സീരിസ്)- സെയ്ന്‍ ഇമാം (ഇഷ്‌ക് മേ മര്‍ജവാന്‍)

മികച്ച നടി (ടെലിവിഷന്‍ സീരിസ്)- തേജസ്വി പ്രകാശ് (നാഗിന്‍)

Content Highlight: Actress Kangana Ranaut is unhappy with the Dadasaheb Phalke International Festival award

We use cookies to give you the best possible experience. Learn more