അടുത്തിടെ മലയാളികളെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ചിന്തിപ്പിച്ച സിനിമയാണ് ജയ ജയ ജയ ജയ ഹേ. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ബേസില്‍ ജോസഫും ദര്‍ശനയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പോലെ തന്നെ ആളുകള്‍ ഏറ്റെടുത്ത കഥാപാത്രമാണ് വിലാസിനിയമ്മ. കനകമ്മ എന്ന നാടക ആര്‍ട്ടിസ്റ്റാണ് സ്വതസിദ്ധമായ അഭിനയം കൊണ്ട് കഥാപാത്രത്തെ ഭംഗിയാക്കിയത്.
ജയ ജയ ജയ ജയ ഹേയിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടതിനേക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും പറയുകയാണ് കനകമ്മ. കുശുമ്പിയായ അമ്മായി അമ്മയാണെങ്കിലും ദര്‍ശന അവതരിപ്പിച്ച കഥാപാത്രത്തോട് സ്‌നേഹം കാണിക്കുന്ന കഥാപാത്രം തന്നെയാണ് വിലാസിനിയെന്നും സിനിമയുടെ കഥ എന്താണെന്ന് അഭിനയിക്കുമ്പോള്‍ താന്‍ ചോദിച്ചിട്ടില്ലെന്നും കനകമ്മ പറഞ്ഞു.
”കുശുമ്പൊക്കെ ഉള്ള അമ്മായി അമ്മയാണെങ്കിലും രാജേഷ് ആ കുഞ്ഞിനെ ഉപദ്രവിക്കുകയും വഴക്ക് പറയുമ്പോഴെല്ലാം അവന്റെ അമ്മ മകളെ സ്‌നേഹിക്കുന്നുണ്ട്. കാരണം തന്റെ മകളും ആ വീട്ടില്‍ വന്ന് നില്‍ക്കുന്നുണ്ടല്ലോ.
പക്ഷേ എത്ര പറഞ്ഞാലും സ്വന്തം മകനോടായിരിക്കുമല്ലോ സ്‌നേഹം. അവന്‍ ദേഷ്യപ്പെടുമ്പോഴൊക്കെ വഴക്കിടുമെങ്കിലും അവന്റെ സൈഡ് ആയിരിക്കും. എത്രയൊക്കെ ദുഷ്ട കഥാപാത്രമായാലും ഒരമ്മക്ക് മകനോട് സ്‌നേഹമായിരിക്കും.
ജയ ജയ ജയ ജയ ഹേ എന്റെ ആദ്യത്തെ സിനിമയാണ്. വിലാസിനി ആയപ്പോള്‍ എനിക്ക് കഥ ഒന്നും അറിയില്ലായിരുന്നു. ഞാന്‍ ചോദിക്കാനും പോയിട്ടില്ല. കഥ അറിഞ്ഞാല്‍ അത് നമ്മളെ വേറെ റൂട്ടിലേക്ക് കൊണ്ട് പോകും. സിറ്റുവേഷന്‍ അനുസരിച്ച് ഡയലോഗ് പറയുക അത് ചെയ്യുക ശേഷം അവര്‍ കോര്‍ത്തിണക്കിക്കോളും.
നല്ലൊരു അമ്മ വേഷം വേണമെന്ന് പറഞ്ഞപ്പോള്‍ ബിജുവാണ് എന്നെ പരിചയപ്പെടുത്തിയത്. നാടകത്തിലൂടെയാണ് ഞങ്ങള്‍ പരിചയത്തിലായത്. വലിയ ബുദ്ധിമുട്ടിലായിരുന്നു അന്ന് ഞാന്‍ കാരണം നാടകത്തിന് ഒരു പരിധിയുണ്ട് സാമ്പത്തികമായി ലോക്ക് ഡൗണ്‍ വന്നതോടെ ആകെ പെട്ടുപോയ അവസ്ഥയായിരുന്നു.
അപ്പോഴും കലയുണ്ടല്ലോ കയ്യില്‍ എങ്ങനെ എങ്കിലും രക്ഷപ്പെടും എന്ന ചിന്തയുണ്ടായിരുന്നു. എനിക്ക് ഭയങ്കര നാച്ചുറല്‍ അഭിനയമാണെന്നാണ് എല്ലാവരും പറയുന്നത്. അതിനിപ്പോ കുറച്ച് ഓവറാണെന്ന് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല,” കനകമ്മ പറഞ്ഞു.
വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയഹേ ഈ മാസം 28ന് ആണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ദിനം മുതല്‍ തന്നെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. വീടിനകത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ഡൊമസ്റ്റിക് വയലേഷനും വിവേചനങ്ങളും തുറന്ന് കാണിച്ച് ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പറവൂര്‍, ഹരീഷ് പേങ്ങന്‍, നോബി മാര്‍ക്കോസ്, ശരത് സഭ, ആനന്ദ് മന്മഥന്‍, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുത്തുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണിത്.
content highlight: actress kanakamma shares her experience in the movie jaya jaya jaya jaya hey