'അവസരം ചോദിച്ച് ഒരുപാട് സംവിധായകരുടെ കാലുപിടിച്ചു, അമ്പലങ്ങളിലും പള്ളികളിലും പ്രാര്‍ത്ഥിച്ചു'
Entertainment news
'അവസരം ചോദിച്ച് ഒരുപാട് സംവിധായകരുടെ കാലുപിടിച്ചു, അമ്പലങ്ങളിലും പള്ളികളിലും പ്രാര്‍ത്ഥിച്ചു'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th February 2023, 8:52 am

ജയ ജയ ജയ ജയഹേ എന്ന ഒറ്റ സിനിമയിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കനകം. സിനിമയില്‍ ബേസില്‍ ജോസഫ് അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രത്തിന്റെ അമ്മയായിട്ടാണ് കനകം അഭിനയിച്ചത്. സിനിമയിലെ പ്രകടനത്തിന് താരത്തിന് ഒരുപാട് പ്രശംസകളും ലഭിച്ചിരുന്നു.

സിനിമയിലെത്തിയതിനെ കുറിച്ചും അതിന് മുമ്പുള്ള ജീവിതത്തെ കുറിച്ചുമൊക്കെ പറയുകയാണ് കനകം. സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി ഒട്ടേറെ സംവിധായകരുടെ കാലുപിടിച്ചിട്ടുണ്ടെന്നും കവിയൂര്‍ പൊന്നമ്മ ചെയ്തതുപോലെയുള്ള അമ്മ കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് ആഗ്രഹമെന്നും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കവെ കനകം പറഞ്ഞു.

‘ഈ വല്ലിയില്‍നിന്നു ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ എന്ന് തുടങ്ങുന്ന ‘പൂമ്പാറ്റ’ എന്നൊരു പദ്യമില്ലേ. കുട്ടിക്കാലത്ത് അതുപോലുള്ള പാട്ടൊക്കെ പാടി നടന്നിരുന്നു. കുറച്ചങ്ങനെ മുമ്പോട്ട് പോയപ്പോള്‍ സംഗീതം ഒക്കില്ലെന്ന് തോന്നി. പക്ഷെ ജീവിതത്തില്‍ ഒറ്റപ്പെട്ടപ്പോള്‍ കലയാണ് കൂട്ടായത്.

ഇപ്പോള്‍ ഡാന്‍സും പാട്ടും അഭിനയവും പയറ്റി ജീവിക്കുന്നു. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ കൊട്ടിയം സംഘം തിയേറ്റേഴ്‌സിന്റെ ‘രാമായണത്തിലെ സീത’ എന്ന നാടകത്തിലാണ് ആദ്യം അഭിനയിച്ചത്.

ആദ്യമൊക്കെ ഒട്ടേറെ സംവിധായകരുടെ കാലുപിടിച്ച് അവസരം ചോദിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറണമെങ്കില്‍ സിനിമതന്നെ വേണം. ഇപ്പോള്‍ ഇത്രയും അഭിനന്ദനം കിട്ടുന്നുണ്ടെങ്കിലും അതില്‍ അതിരറ്റ ആഹ്ലാദമില്ല.

അഭിനയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നും സിനിമ ഒരു സ്വപ്നമായിരുന്നു. അതിനുവേണ്ടി പല അമ്പലങ്ങളിലും പള്ളികളിലും പോയി പ്രാര്‍ഥിച്ചു. നല്ലൊരു അമ്മ കഥാപാത്രം ചെയ്യണമെന്നത് ആഗ്രഹമായിരുന്നു. കവിയൂര്‍ പൊന്നമ്മയൊക്കെ ചെയ്തിരുന്നത് പോലെ.

ഇപ്പോള്‍ ഞാന്‍ താമസിക്കുന്നത് വാടക വീട്ടിലാണ്. അച്ഛനും അമ്മയുമൊക്കെ മരിച്ചുപോയി. നാട്ടില്‍ രണ്ടോ മൂന്നോ സെന്റ് സ്ഥലം വാങ്ങി സ്വന്തമായി ഒരു വീട് പണിയണം. എന്റെ വലിയ ആഗ്രഹമാണത്,’ കനകം പറഞ്ഞു.

content highlight: actress kanakam about her acting career