സിനിമയില്‍ തിരിച്ചുവരണമെന്ന ആഗ്രഹവുമായി നടി കനക. ചില കാരണങ്ങള്‍ക്കൊണ്ട് തനിക്ക് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നെന്നും എന്നാല്‍ ഇപ്പോഴും അഭിനയരംഗത്തേക്ക് മടങ്ങിവരാന്‍ ആഗ്രഹമുണ്ടെന്നുമാണ് കനക പറയുന്നത്.
തിരിച്ചുവരവിനെ കുറിച്ച് കനക സംസാരിക്കുന്ന സെല്‍ഫി വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
മുപ്പത് വര്‍ഷം മുമ്പ് അഭിനയരംഗത്തേക്ക് കടന്നുവന്ന തനിക്ക് ഇപ്പോള്‍ 50 വയസിനോടടുത്ത് പ്രായമായി കഴിഞ്ഞെന്നും എങ്കിലും സിനിമയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്നുമാണ് കനക പറയുന്നത്.
മേക്കപ്പും വസ്ത്രങ്ങളും മുതല്‍ സംസാരവും അഭിനയരീതിയും വരെ സിനിമയില്‍ ഏറെ മാറിക്കഴിഞ്ഞെന്നും താന്‍ നേരത്തെ ചെയ്തിരുന്നതെല്ലാം വളരെ പഴഞ്ചനായ രീതികളായി മാറിക്കഴിഞ്ഞുവെന്ന് അറിയാമെന്നും കനക കൂട്ടിച്ചേര്‍ക്കുന്നു.
‘ഒരു പത്ത് വര്‍ഷത്തിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങളെയല്ലേ പുതിയതെന്ന് പറയാന്‍ കഴിയൂ. ഇക്കാലയളവില്‍ ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ല. ചില വ്യക്തിപരമായ കാര്യങ്ങളായിരുന്നു അതിനു കാരണം.
ഇതെല്ലാമാണെങ്കിലും ഈ പ്രായത്തിലും കഷ്ടപ്പെട്ടോ എളുപ്പത്തിലോ എങ്ങനെയെങ്കിലും ഇതെല്ലാം പഠിച്ചെടുക്കാനും വീണ്ടും നിങ്ങളുടെ പ്രിയങ്കരിയായി മാറാനും ആഗ്രഹമുണ്ട്.
ചെറിയ പ്രായത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതുപോലെയാകില്ല ഇപ്പോഴെന്ന് അറിയാം. വയസായകാലത്താണോ ഈ ബോധമുദിക്കുന്നതെന്ന് ചിലര്‍ ചോദിച്ചേക്കാം. പിന്നെ പഠിക്കാന്‍ പറ്റിയില്ലെങ്കിലും ആരും ചോദിക്കാനും വരില്ലല്ലോ,’ കനക വീഡിയോയില്‍ പറയുന്നു.
കനകയുടെ വീഡിയോ തമിഴ് – മലയാളം സിനിമാപ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. നടിക്ക് തിരിച്ചുവരാന്‍ അവസരം ഒരുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
1989ല്‍ കരഗാട്ടക്കാരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ കനക മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, മുകേഷ് തുടങ്ങി പ്രമുഖതാരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടിയുടെ അവസാന ചിത്രം 2000ത്തിലിറങ്ങിയ ഈ മഴ തേന്മഴയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actress Kanaka says she wants to come back to films in new video