Movie Day
ഹൗ ആര്‍ യു എലിമുരുകന്‍; ഞാന്‍ എലിമുരുകാ എന്നേ വിളിക്കൂ: കമാലിനി
മലയാള സിനിമയുടെ ആദ്യ നൂറ് കോടി ഹിറ്റായിരുന്നു മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍. ചിത്രത്തില്‍ മുരുകന്റെ നായിക മൈനയായി എത്തിയത് നടി കമാലിനി മുഖര്‍ജിയായിരുന്നു.
മലയാളത്തില്‍ വേറെയും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികളുടെ മനസില്‍ മൈനയെന്ന കഥാപാത്രമായാണ് കമാലിനി ജീവിക്കുന്നത്. ചിത്രത്തില്‍ പുലിമുരുകനെ എലിമുരുകനെന്ന് വിളിക്കാന്‍ ധൈര്യപ്പെടുന്ന ഒരേയൊരു കഥാപാത്രവും മൈനയുടേതാണ്. പുലിമുരുകന്റെ ഭാര്യയായ മൈനയായി വെള്ളിത്തരയില്‍ മികച്ച പ്രകടനവും താരം കാഴ്ചവെച്ചിരുന്നു.
പുലിമുരുകന്‍ എന്ന സിനിമയില്‍ എത്തിയതിനെ കുറിച്ചും ഭാഷ പഠിച്ചെടുക്കാന്‍ ഉണ്ടായ ബുദ്ധിമുട്ടിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കമാലിനി. അമൃത ടി.വിയില്‍ നടന്‍ മോഹന്‍ലാലിനൊപ്പം പുലിമുരുകന്‍ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരം.
ആ കാട്ടിലെ ഹീറോയായിരുന്നു മുരുകന്‍. ഒരുപാട് പേരെ വിറപ്പിച്ച ആളാണ്. അദ്ദേഹത്തിന് പുലിമുരുകന്‍ എന്നാണ് നാട്ടുകാര്‍ പേരിട്ടിരുന്നത്. എന്നാല്‍ ആ പുലിമുരുകനെ വിറപ്പിക്കുന്ന ആളായിരുന്നു മൈന. പുലിമുരുകനെ എലിമുരുകന്‍ എന്ന് വിളിച്ച ആളാണ് മൈനയെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.
എന്നാല്‍ ഈ വേദിയില്‍ വെച്ച് പുലിമുരുകാ എന്ന് മൈനയെ കൊണ്ട് വിളിപ്പിക്കാം എന്ന് അവതാരക പറഞ്ഞപ്പോള്‍ ‘ഹൗ ആര്‍ യു എലിമുരുകന്‍’ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള കമാലിയുടെ ചോദ്യം.
മൈന എന്ത് പറഞ്ഞാലും തിരിച്ചുപറയാതെ അത് കേട്ടുനില്‍ക്കുന്ന ആളാണ് പുലിമുരുകനെന്നും അതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു എന്നും പറഞ്ഞ് ചിരിക്കുകയായിരുന്നു ഇതോടെ ലാല്‍. സ്‌നേഹത്തില്‍ നിന്നാണ് ആ വിളി വരുന്നതെന്ന് പറഞ്ഞ് ലാലിന്റെ അഭിപ്രായത്തിനൊപ്പം ചേരുകയായിരുന്നു കമാലിനി.
‘മൈന സ്നേഹത്തിന്റെ ആളാണ്. അവര്‍ മനോഹരമായി ആ കഥാപാത്രത്തെ ചെയ്തിട്ടുണ്ട്. ഷൂട്ട് കഴിയുന്നതു വരെ അവര്‍ മൈനയായിട്ടാണ് ഇരിക്കുന്നതും പെരുമാറുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം. വളരെ മനോഹരമായി അവര്‍ അത് ചെയ്തിട്ടുണ്ട്. അതിന് അവര്‍ ഒരു അഭിനന്ദനം അര്‍ഹിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഇത്രയും നല്ല വാക്കുകള്‍ പറഞ്ഞയാളെ എനിക്ക് പുലിമുരുകാ എന്ന് വിളിക്കണമെന്നായിരുന്നു കമാലിനി പറഞ്ഞത്.
മോഹന്‍ലാല്‍ സാറിനെപ്പോലുള്ള വ്യക്തികള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ നമ്മള്‍ക്ക് തീര്‍ച്ചയായും ഒരു പേടി തോന്നുമെന്നും എന്നാല്‍ നമ്മെ അത്രയേറെ കംഫര്‍ട്ടബിളാക്കി സ്വതന്ത്രമായി അഭിനയിക്കാനുള്ള ഒരു സ്‌പേസ് അദ്ദേഹം ഒരുക്കി നല്‍കുമെന്നും കമാലിനി പറഞ്ഞു.
അദ്ദേഹം നല്‍കുന്ന എനര്‍ജിയുണ്ട്. അത് നമ്മളെ മുന്നോട്ടു നയിക്കും. ഒരു നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും അദ്ദേഹം ഹംബിളാണ്. മറ്റുള്ളവരെ കൂടി പരിഗണിച്ചു മുന്നോട്ടു പോകുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തോട് നമുക്ക് എന്തും സംസാരിക്കാം. അദ്ദേഹത്തോടൊപ്പമുള്ള അഭിനയത്തില്‍ ഒരുപാട് പഠിക്കാനായിട്ടുണ്ട്. അത് എന്നെ സംബന്ധിച്ച് വലിയ എക്‌സ്പീരിയന്‍സായിരുന്നു, കമാലിനി പറഞ്ഞു.
മലയാളത്തില്‍ വര്‍ക് ചെയ്യുമ്പോള്‍ സന്തോഷമാണെന്നും നല്ല കഥകളാണ് മലയാളത്തില്‍ തനിക്ക് ലഭിച്ചതെന്നും താരം പറഞ്ഞു. ഇവിടെ നമുക്ക് കിട്ടുന്ന ഒരു ഫ്രീഡമുണ്ട്. സ്ത്രീകള്‍ക്ക്, പ്രത്യേകിച്ച് ഒരു നടിമാര്‍ക്ക് സ്വതന്ത്രമായി അഭിനയിക്കാനുള്ള അവസരമുണ്ട്.
പുലിമുരുകനെ കുറിച്ച് പറഞ്ഞാല്‍ ഞാന്‍ ഒരു കാട്ടിലും ഇതുവരെ പോയിട്ടില്ല. ഞാനൊരു അര്‍ബന്‍ ഗേളാണ്. ഈ സിനിമ ചെയ്യണമെന്ന് വൈശാഖ് പറയുമ്പോള്‍ അദ്ദേഹം ജോക്ക് പറയുകയാണെന്നാണ് ആദ്യം തോന്നിയത്. മൈനയായി എന്നെ കാണേനെ പറ്റിയിരുന്നില്ല. എന്നാല്‍ ആ കോസ്റ്റിയൂമില്‍ വന്നപ്പോള്‍ മൈനയാണെന്ന തോന്നല്‍ എനിക്കും ഉണ്ടായി. ആദ്യ സമയത്ത് ഭാഷ ഒരു പ്രശ്‌നമായിരുന്നു. പിന്നെ അത് മാറിത്തുടങ്ങി. അതിന് ശേഷം മൈനയില്‍ നിന്ന് പുറത്തുവരാന്‍ ബുദ്ധിമുട്ടായി. കാട്ടിലൂടെ നടക്കാനും ഓടാനുമൊക്കെ തോന്നി.
വലിയ സ്‌ക്രീനില്‍ ഈ സിനിമ കാണുമ്പോള്‍ നമുക്ക് അതെല്ലാം യാഥാര്‍ത്ഥ്യമായാണ് അനുഭവപ്പെട്ടത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന ഭാഗ്യമാണ് ഇത്തരം സിനിമ. എന്നെ സംബന്ധിച്ച് ചാലഞ്ചിങ് തന്നെയായിരുന്നു ആ വേഷം.
ഈ സിനിമയൊക്കെ കഴിഞ്ഞ ശേഷം തനിക്ക് മൈനയെ കാണാന്‍ യു.എസിലെ ഹൂസ്റ്റന്‍ വരെ പോകേണ്ടി വന്നു എന്നായിരുന്നു ഇതോടെ മോഹന്‍ലാല്‍ പറഞ്ഞത്. അവിടെ വെച്ച് സാറിനെ കണ്ടത് അത്ഭുതമായിരുന്നെന്നും അദ്ദേഹവും ഭാര്യയും എനിക്ക് നല്ല ഭക്ഷണമുണ്ടാക്കി തന്നെന്നും ഒരു ഷെഫ് എന്ന രീതിയിലും ലാല്‍ സാര്‍ റോക്കിങ് ആണെന്ന് തനിക്ക് മനസിലായെന്നുമായിരുന്നു കമാലിനിയുടെ മറുപടി.
Content Highlight: Actress kamalini Mukherjee about pulimurugan movie and mohanlal