മോളേ ആറ്റിറ്റിയൂഡും ജാഡയും ഇനിയും വേണം എന്ന് അവര്‍ പറഞ്ഞു കൊണ്ടേയിരുന്നു; എനിക്ക് ഇത്രയേ വരൂ സാര്‍ എന്ന് ഞാനും: കല്യാണി
Movie Day
മോളേ ആറ്റിറ്റിയൂഡും ജാഡയും ഇനിയും വേണം എന്ന് അവര്‍ പറഞ്ഞു കൊണ്ടേയിരുന്നു; എനിക്ക് ഇത്രയേ വരൂ സാര്‍ എന്ന് ഞാനും: കല്യാണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th August 2022, 4:08 pm

ടൊവിനോ-കല്യാണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തല്ലുമാല റിലീസിന് ഒരുങ്ങുകയാണ്. വന്‍ ഹൈപ്പിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ടൊവിനോയുടെയും കല്യാണിയുടേയും കരിയറിലെ അല്‍പ്പം ചലഞ്ചിങ്ങായ റോളുകള്‍ തന്നെയാണ് തല്ലുമാലയിലേയും. തന്നെ സംബന്ധിച്ച് ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ഏറ്റവും ചാലഞ്ചിങ് തല്ലുമാലയിലെ ബീപാത്തു ആയിരുന്നുവെന്നാണ് കല്യാണി പറയുന്നത്. തന്റെ സ്വഭാവവുമായി ഒട്ടും സാമ്യമില്ലാത്തയാളാണ് ബീപാത്തുവെന്നും ആ കഥാപാത്രമാകാന്‍ കുറച്ചധികം സ്ട്രഗിള്‍ ചെയ്യേണ്ടി വന്നുവെന്നുമാണ് കല്യാണി പറയുന്നത്.

ആദ്യത്തെ ഒന്നു രണ്ടു ദിവസമൊക്കെ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആറ്റിറ്റിയൂഡും ജാഡയുമൊന്നും ഇത്ര പോരെന്ന് ഖാലിദ് പറയുമായിരുന്നെന്നും കല്യാണി പറയുന്നു.

‘ബീപാത്തു വളരെ കളര്‍ഫുളാണ്. ജാഡയുള്ള ക്യാരക്ടറാണ്. എന്റെ കരിയറില്‍ ഞാന്‍ ഏറ്റവും സ്ട്രഗിള്‍ ചെയ്‌തൊരു കഥാപാത്രമാണ് തല്ലുമാലയിലെ ബീപാത്തു. അതിന് കാരണം എന്റെ പേഴ്‌സണാലിറ്റിയും അവളുടെ പേഴ്‌സണാലിറ്റിയും രണ്ട് എക്‌സ്ട്രീമാണ് എന്നതാണ്. എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് ആദ്യത്തെ ഒന്ന് രണ്ട് ദിവസത്തെ ഷൂട്ട്. റഹ്‌മാന്‍ എന്റെ അടുത്ത് വന്നിട്ട് ആറ്റിറ്റിയൂഡ് ഇനിയും വേണം സ്വാഗ് ഇനിയും വേണം ജാഡ ഇനിയും വേണം എന്ന് പറഞ്ഞോണ്ടിരിക്കുകയാണ്. എനിക്ക് ഇത്രയേ വരുള്ളൂ ഇതില്‍ കൂടുതല്‍ വരൂല്ലാന്ന് ഞാനും. ആദ്യത്തെ ദിവസമൊക്കെ കുറേ സ്ട്രഗിള്‍ ചെയ്തു, കല്യാണി പറഞ്ഞു.

ബീപാത്തു ദുബായ്ക്കാരിയായതുകൊണ്ട് തന്നെ സിനിമയിലെ തന്റെ ആക്‌സന്റ് പ്രശ്‌നമായില്ലെന്നും കല്യാണി പറഞ്ഞു.

തല്ലുമാലയിലേക്ക് വരാന്‍ തന്നെ പ്രേരിപ്പിച്ച ചില ഘടകങ്ങളുണ്ടെന്നും കല്യാണി അഭിമുഖത്തില്‍ പറഞ്ഞു. നമ്മള്‍ ഒരു സിനിമയില്‍ ഒരു കഥാപാത്രം ചെയ്ത് അത് വിജയിച്ചു കഴിഞ്ഞാല്‍ അതേ ജോണറിലുള്ള നിരവധി കഥകളുമായി ആളുകള്‍ വരും. ആ മാനറിസം തന്നെ വേണമെന്ന് പറഞ്ഞാണ് ഇവര്‍ വരുന്നത്.

അങ്ങനെ വരുമ്പോള്‍ നമ്മള്‍ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ തല്ലുമാലയിലെ ഈ കഥാപാത്രം വന്നപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ഞാന്‍ സമ്മതം പറഞ്ഞു. എന്റെ പേഴ്‌സണാലിറ്റിയല്ല ബീപാത്തുവിന്. ഞാന്‍ ധരിക്കുന്നതുപോലത്തെ വസ്ത്രങ്ങളല്ല അവള്‍ ധരിക്കുന്നത്. എല്ലാം വ്യത്യസ്തമായിരുന്നു.

തല്ലുമാല വെറും മാസ് മസാല സിനിമ അല്ല. ഇതൊരു കമേഴ്ഷ്യല്‍ സിനിമയാണ്. ഖാലിദ് റഹ്‌മാന്‍ കമേഴ്ഷ്യല്‍ ഫിലിം എന്ന് പറയുന്നതായിരിക്കും കുറച്ചുകൂടി നന്നാവുക. അദ്ദേഹം ഒരു സീന്‍ എക്‌സ്‌പ്ലെയ്ന്‍ ചെയ്യുന്നതുപോലും ഭയങ്കര രസമാണ്. ആ ഒരു വിഷ്വല്‍ ടെല്ലിങ് ഉണ്ട്. അത് ഭയങ്കര ഭംഗിയാണ്.

പാത്തുവിന്റെ സ്റ്റൈലും സ്വാഗും വരുന്ന ഇന്‍ട്രോ സീന്‍ ഷൂട്ട് ചെയ്യാന്‍ പോകുന്ന സമയത്ത്, മോളേ ഫുള്‍ സ്വാഗ് ആണ് വേണ്ടതെന്ന് എന്നോട് പറഞ്ഞു. ദുബായിലായിരുന്നു ഷൂട്ട്. അവിടെ ഒരു റൂമില്‍ ഫുള്‍ ബാഗും ഷൂസുമൊക്കെയിട്ട് കവര്‍ ചെയ്തിരിക്കുകയാണ്. അവിടെ ഒരു സ്‌പേസുണ്ടായിരുന്നു. ഞാന്‍ ടച്ച് അപ്പ് ചെയ്യുമ്പോള്‍ ഖാലിദ് റഹ്‌മാനും ആഷിഖ് ഉസ്മാനും തമ്മില്‍ സംസാരിച്ചോണ്ടിരിക്കുകയാണ്. ‘ അപ്പോള്‍ അത് കിട്ടൂലേ, വരൂല്ലേ എന്നൊക്കെ അവര്‍ പരസ്പരം ചോദിക്കുന്നുണ്ട്. അല്ല ചിലപ്പോള്‍ കുട്ടീനെ കടിക്കുമെന്നൊക്കെ പറയുന്നതും കേള്‍ക്കുന്നുണ്ട്.

കാര്യം ചോദിച്ചപ്പോള്‍ ഏയ് ഒന്നുമില്ലെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ നോക്കുമ്പോള്‍ ആ മുറിയിലെ എല്ലാ സ്‌പേസും ബാഗും ഷൂസുമൊക്കെ വെച്ച് കവര്‍ ചെയ്തുകഴിഞ്ഞു. ഒരു സൈഡില്‍ ഒരു ചെറിയ സ്‌പേസ് കാണുന്നുണ്ട്. ഇതെന്തിനാണെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറയുകയാ, അല്ല അവിടെ ഒരു ബ്ലാക്ക് പാന്‍ദര്‍ (black panther dog) വരുമെന്ന്. അത് ഇന്ന് വരുമെന്ന് വിചാരിച്ചു. പക്ഷേ ആള്‍ ഇത്തിരി അഗ്രസീവാണ്. അതുകൊണ്ട് തത്ക്കാലം അതിനെ തനിച്ച് ഷൂട്ട് ചെയ്ത് ഇവിടെ പ്ലേസ് ചെയ്യാമെന്ന് പറഞ്ഞു. ഇങ്ങനെയൊക്കെ ആരാണ് ആലോചിക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചുപോയി (ചിരി), കല്യാണി പറയുന്നു.

Content Highlight: Actress Kalyani Priyadarshan about Thallumala Movie First Day Shoot and Dirtector Khalid Rahman