ടൊവിനോ-കല്യാണി എന്നിവരെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാല തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്.
ചിത്രത്തിലെ ഓരോ താരങ്ങളുടേയും പ്രകടനം പ്രശംസിക്കപ്പെടുന്നുണ്ട്. അതേസമയം നായിക കല്യാണി പ്രിയദര്‍ശന്റെ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ചില വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ആ കഥാപാത്രം അര്‍ഹിക്കുന്ന രീതിയില്‍ ഒരു സ്വാഗ് കൊടുക്കാന്‍ കല്യാണിക്ക് കഴിഞ്ഞില്ലെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം കല്യാണി മികച്ച രീതിയില്‍ കഥാപാത്രത്തെ അവതരിപ്പിച്ചു എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.
മലയാളം സിനിമ ചെയ്യാനുള്ള തന്റെ പേടിയെ കുറിച്ചും പ്രിയദര്‍ശന്റെ മകള്‍ക്ക് മലയാളം അറിയില്ലെന്ന് ആളുകള്‍ പറയുന്നത് തന്റെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണെന്നും പറയുകയാണ് കല്യാണി. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് മലയാളം സിനിമയെ കുറിച്ചും പ്രേക്ഷകരെ കുറിച്ചുമൊക്കെ താരം സംസാരിക്കുന്നത്.
പഠിച്ച് ഡയലോഗ് പറയണം, അല്ലെങ്കില്‍ ആ സീന്‍ മുന്‍പേ കിട്ടി മനസിലാക്കി ചെയ്യണം എന്ന് തീരുമാനിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് താന്‍ ഒരു നല്ല അഭിനേത്രിയാണെന്ന് തനിക്ക് തന്നെ തോന്നിയിട്ടില്ലെന്നും ആ ഇന്‍സെക്യൂരിറ്റിയില്‍ നിന്നാണ് ഇത് വരുന്നതെന്നുമായിരുന്നു കല്യാണിയുടെ മറുപടി.
‘ഞാനൊരു എക്‌സ്ട്രാ എഫേര്‍ട്ട് ഇടാറുണ്ട്. കാരണം എന്റെ വിശ്വാസം മലയാളി ഓഡിയന്‍സ് മറ്റ് ഭാഷകളിലുള്ള ഓഡിയന്‍സിനേക്കാള്‍ കൂടുതല്‍ ക്രിട്ടിക്കലാണ് എന്നാണ്. പ്രിയദര്‍ശന്റെ മോള്‍ക്ക് മലയാളം വരില്ല എന്ന് അവര്‍ക്ക് തോന്നുന്നത് എന്നെ സംബന്ധിച്ച് വലിയ ഡീല്‍ ആണ്.
എന്റെ ആദ്യത്തെ സിനിമ ഞാന്‍ തെലുങ്കിലും തമിഴിലുമാണ് ചെയ്യുന്നത്. എനിക്ക് മലയാളം ഇന്‍ഡസ്ട്രിയിലേക്ക് വരാന്‍ വലിയ പേടിയായിരുന്നു. ഒരു എസ്‌ക്ട്രാ പെര്‍ഫോമന്‍സ് മലയാളത്തില്‍ കാണിക്കണമെന്നുണ്ട്,’കല്യാണി പറഞ്ഞു.
തല്ലുമാലയുടെ കാര്യം പറഞ്ഞാല്‍ ആദ്യത്തെ ദിവസം തന്നെ എനിക്ക് കുറച്ച് സ്ട്രഗിള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. ആ ഒരു വൈബ് പിടിക്കാന്‍ ബുദ്ധിമുട്ടി. പിന്നെ ഇക്കാര്യത്തില്‍ ടൊവിയോട് നന്ദി പറയേണ്ടതുണ്ട്. ക്ലോസ് ഷോട്ട്‌സില്‍ പോലും ടൊവി ഇല്ലാത്ത സീനാണ് എടുക്കേണ്ടതെങ്കിലും ടൊവി അവിടെ വന്ന് നിന്ന് എനിക്ക് റിയാക്ഷന്‍ തന്നിരുന്നു. അത് എന്റെ വളരെ സഹായിച്ചിരുന്നു, കല്യാണി പറഞ്ഞു.
ആദ്യത്തെ ദിവസമൊക്കെ ഷൂട്ടില്‍ താന്‍ കുറച്ച് ബുദ്ധിമുട്ടിയിരുന്നെന്നും ആ സ്വാഗും ആറ്റിറ്റിയൂഡും തനിക്ക് കിട്ടിയിരുന്നില്ലെന്നും കല്യാണി നേരത്തെ ചില അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.
Content Highlight: Actress Kalyani Priyadarshan about her malayalam dialogues and fear