അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ താരമാണ് കല്യാണി പ്രിയദര്‍ശന്‍. മലയാളത്തിന്റെ തിളങ്ങുന്ന താരമായിരുന്ന ലിസിയും പ്രിയദര്‍ശനും സിനിമയെ അത്ര കണ്ട് അടുത്തറിഞ്ഞവരായിരുന്നു. അതുകൊണ്ട് തന്നെ കല്യാണിയുടെ കുട്ടിക്കാലവും സിനിമയുടെ വെള്ളിവെളിച്ചത്തെ ചുറ്റിപ്പറ്റിയായിരുന്നു.
ഒടുവില്‍ അച്ഛനമ്മമാരുടെ അതേ പാതയില്‍ മകളും സിനിമയില്‍ എത്തി. എന്നാല്‍ താന്‍ സിനിമയിലെത്തിയതിന് ഒരു കാരണമുണ്ടെന്ന് പറയുകയാണ് കല്യാണി. അത് എല്ലാവരും കരുതുന്നതുപോലെ സിനിമയെന്ന ഗ്ലാമര്‍ലോകം കണ്ടിട്ടല്ലെന്നും താരം പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തന്റെ സിനിമാ മോഹത്തെ കുറിച്ചും സിനിമയിലേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ചും താരം മനസുതുറന്നത്.
വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമായ ഹൃദയത്തിലാണ് കല്യാണി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള കുറിപ്പിലാണ് കല്യാണി തന്റെ സിനിമാ ജീവിതത്തെ കുറിച്ച് വാചാലയായത്.
‘ഇന്നലെ ഹൃദയം സിനിമയിലുള്ള എന്റെ ഭാഗങ്ങളുടെ ഷൂട്ടിങ് തീര്‍ന്നു. ഞാനെന്തുകൊണ്ടാണ് സിനിമാ ഇന്‍ഡസ്ട്രിയുടെ ഭാഗമാവാന്‍ ആഗ്രഹിച്ചതെന്ന് പലര്‍ക്കും അറിയില്ല. അത് എല്ലാവരും കരുതുന്ന പോലെ സിനിമയുടെ ഗ്ലാമറസായ ലോകം കണ്ടിട്ടല്ല.
എന്റെ അവധിക്കാലം കൂടുതലും ലൊക്കേഷനുകളില്‍ അച്ഛനെ കാണാനെത്താറുണ്ടായിരുന്നു. അവിടെ കണ്ട എന്റെ അച്ഛന്റെയത്ര സന്തോഷവാനായ മറ്റൊരാളേയും ഞാന്‍ കണ്ടിരുന്നില്ല. അദ്ദേഹമെപ്പോഴും തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം തമാശ പറയുകയും ചിരിക്കുകയും ചെയ്തു. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സന്തുഷ്ടരായ മനുഷ്യര്‍ അവരായിരുന്നു. ആ നിമിഷങ്ങളിലാണ് സിനിമയെന്ന സ്വപ്നം എന്നില്‍ രൂപപ്പെട്ടത്. ഇതുപോലൊരു ജീവിതം നയിക്കാന്‍ ഞാനും ആഗ്രഹിച്ചു.
കഴിഞ്ഞ രണ്ട് മാസം അച്ഛന്‍ എങ്ങനെ രസകരമായി തന്റെ ജോലി ചെയ്തോ അതേ കാര്യം അനുഭവിക്കാന്‍ എനിക്കുമായി. അതിനൊപ്പം
എന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. കുടുംബം എന്ന തോന്നലുണ്ടാക്കുന്ന ആളുകള്‍ക്കൊപ്പം, എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളായിരുന്നു കടന്നുപോയത്. സെറ്റിലെ ഓരോരുത്തരെയും ഞാന്‍ മിസ് ചെയ്യും.’.. കല്യാണി കുറിക്കുന്നു.
കല്യാണിയും പ്രണവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹൃദയം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലാണ് ഇരുവരും നേരത്തെ അഭിനയിച്ചത്.
മെറിലാന്റ് സിനിമാസ് ആന്‍ജ് ബിഗ് ബാങ് എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യനാണ് ഹൃദയം നിര്‍മിക്കുന്നത്. നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മെറിലാന്റ് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക