സിനിമ മേഖലയില്‍ ശരീര ഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ കളിയാക്കല്‍ നേരിട്ടിരുന്നുവെന്ന് ബോളിവുഡ് താരം കാജോള്‍.
കരിയറിന്റെ ആദ്യ വര്‍ഷങ്ങളില്‍ ആളുകള്‍ തന്റെ തടിയുടെയും നിറത്തിന്റെയും പേരില്‍ കളിയാക്കിയപ്പോള്‍ അത് തന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചുവെന്നും കാജോള്‍ പറഞ്ഞു. ഹ്യൂമന്‍സ് ഓഫ് ബോംബെക്ക് നല്‍കിയ അഭിമുഖത്തിലാണ് കാജോള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”അവള്‍ ഇരുണ്ടതാണ്, തടിച്ചവളാണ്, എല്ലായ്‌പ്പോളും കണ്ണട ധരിക്കുന്നു തുടങ്ങി ഞാന്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ കേട്ട ചില കളിയാക്കലുകളാണ് ഇവ. ഞാന്‍ അവ ശ്രദ്ധിക്കാറില്ലായിരുന്നു.
എനിക്കറിയാമായിരുന്നു ഞാന്‍ മിടുക്കിയും ശാന്തയുമാണെന്ന്. എന്നെക്കുറിച്ച് നെഗറ്റീവുകള്‍ പറയുന്നവരേക്കാളും മികച്ചവളാണ് ഞാന്‍ എന്ന ബോധ്യം എനിക്കുണ്ടായിരുന്നു.
എന്നാല്‍ ഇരുണ്ട നിറമാണെങ്കിലും ഭംഗിയുള്ള പെണ്‍കുട്ടിയാണ് ഞാനെന്ന് വിശ്വസിക്കാന്‍ പാടുപെട്ടിരുന്നു. ഏകദേശം 32-33 വയസൊക്കെയായപ്പോഴാണ് ഞാന്‍ കണ്ണാടിയില്‍ എന്നെ ശരിക്കും നോക്കാന്‍ പോലും തുടങ്ങിയതും ഞാന്‍ ഭംഗിയുള്ളയാളാണെന്ന് സ്വയം പറയാന്‍ തുടങ്ങിയതും.
അതിനാല്‍, ഞാന്‍ ഞാനായിത്തന്നെ തുടര്‍ന്നു. സമയമെടുത്താലും കളിയാക്കലും ബോഡിഷെയിമിങ്ങും കൊണ്ട് എന്നെ വേദനിപ്പിക്കാന്‍ കഴിയില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഞാന്‍ ആരാണെന്നത് ലോകം അംഗീകരിച്ചു,” കാജോള്‍ പറഞ്ഞു.
1992ലാണ് ബോളിവുഡിന്റെ നായികയായി കജോള്‍ എത്തുന്നത്. 17 വയസ് മാത്രം പ്രായമുള്ളപ്പോള്‍ താരം 1993ല്‍ ‘ബാസിഗര്‍’ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാന്റെ നായികയായി. തുടര്‍ന്ന് പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറുകയായിരുന്നു കാജോള്‍.
content highlight: actress kajol about bad experience