| Friday, 5th February 2021, 6:02 pm

പുതിയ തലമുറയുമായി കണക്ട് ചെയ്യണമെങ്കില്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ കൂടിയേ തീരു: കാജല്‍ അഗര്‍വാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെന്നിന്ത്യന്‍ സിനിമകളിലും ബോളിവുഡിലും ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് കാജല്‍ അഗര്‍വാള്‍. ഇപ്പോള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ കൂടി ശക്തമായ സാന്നിധ്യമായി മാറുകയാണ് നടി. വെബ് സീരിസുകളെയും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെക്കുകയാണ് കാജല്‍.

വ്യത്യസ്തമായ പ്ലാറ്റ്‌ഫോമുകളിലേക്ക് കടന്നുവരുന്നത് അഭിനേതാക്കളുടെ സ്വാഭാവികമായ വളര്‍ച്ചയുടെ ഭാഗമാണെന്നും പുതിയ തലമുറയുമായി ബന്ധപ്പെടണമെങ്കില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ കൂടിയേ തീരുവെന്നും കാജല്‍ പറഞ്ഞു. ലൈവ് ടെലികാസ്റ്റ് എന്ന തന്റെ ആദ്യ സീരിസിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഡിജിറ്റല്‍ ലോകത്ത് നിങ്ങളുടെ സാന്നിധ്യം മാര്‍ക്ക് ചെയ്യുക എന്നത് ഇന്നത്തെ കാലത്ത് ഏറെ പ്രധാനപ്പെട്ടതാണ്. മില്ലേനിയല്‍സുമായി കണക്ട് ചെയ്യണമെങ്കില്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ കൂടിയേ തീരു. ഞാന്‍ വെബ് സീരിസുകള്‍ ചെയ്യാനായി കാത്തിരിക്കുകയായിരുന്നു. ലൈവ് ടെലികാസ്റ്റ് പെര്‍ഫെക്ട് അവസരമായിരുന്നു.’ കാജല്‍ അഗര്‍വാള്‍ പറയുന്നു.

വെങ്കട്ട് പ്രഭുവാണ് ലൈവ് ടെലികാസ്റ്റ് സംവിധാനം ചെയ്തിരിക്കുന്നത്. വെങ്കട്ട് പ്രഭു അതീവ ശ്രദ്ധയോടെയാണ് ഈ സീരിസ് ചെയ്തിരിക്കുന്നതും ചെറിയ കാര്യങ്ങളില്‍ വരെ വലിയ ശ്രദ്ധ നല്‍കിയിരുന്നെന്നും കാജല്‍ പറഞ്ഞു.

ഈ ഴോണറിലുള്ള വര്‍ക്കുകള്‍ ചെയ്യാന്‍ എനിക്ക് വലിയ താല്‍പര്യം ഉണ്ടായിരുന്നു. വെങ്കട്ട് സാറിനോടൊപ്പം അദ്ദേഹത്തിന്റെ സംവിധാനത്തില്‍ തന്നെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഏറ്റവും മികച്ച അവസരമായിരുന്നെന്നും കാജല്‍ പറഞ്ഞു.

ഡിസ്‌നി-ഹോട്ട്‌സ്റ്റാറിലെത്തുന്ന ലൈവ് ടെലികാസ്റ്റ് ഹൊറര്‍ സീരിസാണ്. പ്രേതഭവനമെന്ന പേരില്‍ കുപ്രസിദ്ധി നേടിയ വീട്ടില്‍ ടി.വി ഷോ ചെയ്യാനായെത്തുന്ന ടെലിവിഷന്‍ സംഘത്തിന്റെ കഥയാണ് സീരിസ്. ഈ ടി.വി ഷോയുടെ സംവിധായികയായ ജെന്നി എന്ന കേന്ദ്ര കഥാപാത്രമായാണ് കാജല്‍ അഗര്‍വാള്‍ എത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Kajal Aggarwal about web series, OTT platforms and new series Live Telecast

We use cookies to give you the best possible experience. Learn more