ആസ്ത്മ എന്ന രോഗത്തെ കുറിച്ചും ആസ്ത്മാ രോഗികള്‍ ഉപയോഗിക്കുന്ന ശ്വസ്‌നസഹായിയായ ഇന്‍ഹെയ്‌ലറുകളെ കുറിച്ചും സമൂഹത്തില്‍ നിലനില്‍ക്കുന്ന അബദ്ധധാരണകള്‍ക്കെതിരെ ശബ്ദമുയര്‍ത്തി നടി കാജല്‍ അഗര്‍വാള്‍. അഞ്ചാം വയസ്സില്‍ ആസ്ത്മ സ്ഥിരീകരിച്ചതും തുടര്‍ന്ന് ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും രോഗത്തോട് പൊരുതി നിന്നതിനെ കുറിച്ചെല്ലാമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് കാജല്‍ രോഗത്തെ കുറിച്ച് സംസാരിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
‘അഞ്ചാമത്തെ വയസ്സിലാണ് എനിക്ക് ആസ്ത്മയുണ്ടെന്ന് സ്ഥിരീകരിക്കുന്നത്. അതോടെ ഭക്ഷണശീലങ്ങളില്‍ വന്ന വലിയ മാറ്റമായിരുന്നു ഞാന്‍ ആദ്യം ശ്രദ്ധിച്ചത്. പാലുല്‍പന്നങ്ങളും ചോക്ലേറ്റുമെല്ലാം പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വരുന്ന ഒരു കുട്ടിയുടെ അവസ്ഥ ആലോചിച്ചു നോക്കൂ.
വലുതായപ്പോള്‍ ഇതെല്ലാം ഭേദമായി എന്നല്ല. ഇപ്പോഴും മഞ്ഞുകാലത്തും യാത്ര പോകുമ്പോഴും പുകയോ പൊടിപടലങ്ങളോ (നമ്മുടെ രാജ്യത്തെ അത് ഏറേയുണ്ട് താനും) വരുമ്പോഴുമെല്ലാം എന്റെ രോഗലക്ഷണങ്ങള്‍ കൂടും. ഇതിനോടൊക്കെ പോരാടി നില്‍ക്കാനായാണ്, ഉള്ളതില്‍ ഏറ്റവും മികച്ച മാര്‍ഗമായ ഇന്‍ഹെയ്‌ലറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നത്. പെട്ടെന്ന് തന്നെ എനിക്ക് വ്യത്യാസം അറിയാനായി.
ഇപ്പോള്‍ എവിടെ പോയാലും ഇന്‍ഹെയ്‌ലര്‍ എടുത്തിട്ടുണ്ടെന്ന് ഞാന്‍ ഉറപ്പുവരുത്തും. ഇടക്കിടക്ക് ചില ചോദ്യങ്ങളും മുന്‍വിധി നിറഞ്ഞ് നോട്ടങ്ങളുമൊക്കെ എനിക്ക് നേരെ വരാറുണ്ട്. അത് എനിക്ക് ഒരു പ്രശ്‌നമേയല്ല. എന്നാല്‍ നമ്മുടെ രാജ്യത്തെ ലക്ഷകണക്കിന് ആളുകള്‍, സോഷ്യല്‍ സ്റ്റിഗ്മ മൂലം ഇന്‍ഹെയ്‌ലറുകള്‍ ഉപയോഗിക്കാതിരിക്കുകയാണ്. പൊതുസ്ഥലങ്ങളിലോ വീടുകള്‍ക്കുള്ളിലോ ആവട്ടെ, ഇന്‍ഹെയ്‌ലറുകള്‍ ഉപയോഗിക്കുന്നതിന് ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല,’ കാജലിന്റെ പോസ്റ്റില്‍ പറയുന്നു.
നിരവധി പേരാണ് കാജലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തും പോസിറ്റീവ് കമന്റുകള്‍ നല്‍കിയും രംഗത്തെത്തിയത്. ആസ്ത്മ രോഗത്തെ തുടര്‍ന്ന് സമൂഹത്തില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ തുറന്നുപറഞ്ഞും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക