ഒരുപാട് നായകന്മാര്‍ക്കൊപ്പം അഭിനയിച്ചു, എന്നാല്‍ മമ്മൂട്ടി സാറിനൊരു പ്രത്യേകതയുണ്ട്: ജ്യോതിക
Film News
ഒരുപാട് നായകന്മാര്‍ക്കൊപ്പം അഭിനയിച്ചു, എന്നാല്‍ മമ്മൂട്ടി സാറിനൊരു പ്രത്യേകതയുണ്ട്: ജ്യോതിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th November 2023, 12:56 pm

മമ്മൂട്ടി കമ്പനിക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതില്‍സന്തോഷമുണ്ടെന്ന് നടി ജ്യോതിക. ഒരുപാട് നായകന്മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് വളരെ സ്‌പെഷ്യലാണെന്നും ജ്യോതിക പറഞ്ഞു. ഈ നിലയിലെത്തിയിട്ടും അദ്ദേഹം പരീക്ഷണങ്ങള്‍ക്ക് തയാറാവുകയാണെന്നും ജ്യോതിക പറഞ്ഞു. കാതല്‍ ദി കോര്‍ സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘മമ്മൂട്ടി കമ്പനിക്കൊപ്പം വര്‍ക്ക് ചെയ്യുന്നതില്‍ വളരെ സന്തോഷമുണ്ട്. കഴിഞ്ഞ ആഴ്ചയാണ് കണ്ണൂര്‍ സ്‌ക്വാഡ് കണ്ടത്. എന്ത് തരം സിനിമയാണ് അവര്‍ നിര്‍മിച്ചിരിക്കുന്നത് എന്ന് അത്ഭുതം തോന്നി.

ഒരു കാര്യം തുറന്ന് പറയുകയാണെങ്കില്‍ ഒരുപാട് ഹീറോസിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടി സാര്‍ വളരെ സ്‌പെഷ്യലായി തോന്നി. വെറുതേ അദ്ദേഹത്തിനൊപ്പം ഇരിക്കുന്നതുകൊണ്ട് പറയുന്നതല്ല. ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഘട്ടത്തിലും അദ്ദേഹം പരീക്ഷണങ്ങള്‍ ചെയ്യാന്‍ തയാറാണ്. ഒരുപാട് വ്യത്യസ്തമായ സിനികള്‍ ചെയ്യുന്നു. ഇത്ര വലിയ ഘട്ടത്തിലെത്തിയിട്ടും പരീക്ഷണം ചെയ്യുന്നവരാണ് യഥാര്‍ത്ഥ ഹീറോ.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമയുടെ വലിയ ആരാധികയാണ് ഞാന്‍. ആ സിനിമ കണ്ട് ഞാന്‍ ഷോക്കായി പോയി. മലയാളം സിനിമ വളരെ പ്രോഗ്രസീവാണെന്ന് എനിക്ക് അറിയാം. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സംവിധായകന്റെ പടമാണ്. വളരെ കുറച്ച് ഡയലോഗുകളും എക്‌സ്ട്രാ ഓര്‍ഡിനറി പെര്‍ഫോമന്‍സുകളുമാണ് ആ ചിത്രത്തിലുള്ളത്. എന്നെ കാസ്റ്റ് ചെയ്തതിന് വളരെ നന്ദി,’ ജ്യോതിക പറഞ്ഞു.

നവംബര്‍ 23നാണ് കാതല്‍ ദി കോര്‍ റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച ഈ സിനിമ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റര്‍ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ. തോമസാണ് നിര്‍വഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജ്.

Content Highlight: Actress Jyothika says she is is happy to work with Mammootty company