| Thursday, 27th April 2023, 10:40 pm

എന്റെ നിറത്തിന്റെ പേരില്‍ അമ്മയേയാണ് അവര്‍ ടോര്‍ച്ചര്‍ ചെയ്തത്, കുറേ കുത്തുവാക്കുകള്‍ കേട്ടു: ജുവല്‍ മേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിറത്തിന്റെ പേരില്‍ ബോഡിഷെയ്മിങ്ങ് ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്ന് അവതാരകയും നടിയുമായ ജുവല്‍ മേരി. ഇന്‍ഡസ്ട്രിയില്‍ വന്നതിന് ശേഷം പല ഡോക്ടര്‍മാരും തന്നോട് ഇങ്ങോട്ട് വെളുക്കാനുള്ള മരുന്ന് തരട്ടെയെന്ന് ചോദിക്കാറുണ്ടെന്നാണ് ജുവല്‍ പറഞ്ഞത്.

ശരിരം മെലിഞ്ഞതിന്റെ പേരിലും നിറത്തിന്റെ പേരിലും കുട്ടിക്കാലത്ത് പലരും തന്റെ അമ്മയെ കുറ്റപ്പെടുത്താറുണ്ടെന്നും അതിന്റെ പേരില്‍ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേസിന് നല്‍കിയ അഭിമുഖത്തിലാണ് ജുവല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വന്നതിന് ശേഷം പല ഡോക്ടര്‍മാര് വരെ എന്നോട് ചോദിക്കും ഗ്ലൂട്ടാ തൈലം തരട്ടെ വെളുപ്പിക്കട്ടെ വെളുപ്പിക്കട്ടെയെന്ന്. വേണ്ട വേണ്ട എന്നാണ് ഞാന്‍ എല്ലാവരോടും പറയുക. ഈ കളര്‍ കൊണ്ട് എനിക്ക് ഭയങ്കര സന്തോഷമാണ്. എന്റെ ശരീരത്തിന്റെ നിറം എനിക്ക് ഇഷ്ടമാണ്.

ചെറുപ്പത്തില്‍ ഞാന്‍ ഇതിലും കറുത്തിട്ടായിരുന്നു. കാരണം നമ്മള്‍ വെയിലത്ത് ഒക്കെയാണ് കളിക്കുക. എനിക്ക് ഈ അടങ്ങി ഒതുങ്ങി ഇരിക്കുന്നത് ഇഷ്ടമല്ല. സൈക്കിള്‍ എടുത്ത് കറങ്ങി നടക്കുന്നത് കൊണ്ട് നമുക്ക് നല്ല കറുപ്പാണ്.

എന്റെ അനിയത്തി നല്ല വെളുത്ത കുട്ടിയാണ്. അതുകൊണ്ട് ഈ ബന്ധുജനങ്ങളായവരും നാട്ടുകാരും പള്ളിക്കാരും എല്ലാരും വന്നിട്ട് എന്റെ അമ്മയെ ഇങ്ങനെ വധിക്കും.

അന്ന് ഞാന്‍ ഭയങ്കര മെലിഞ്ഞിട്ടാണ്. ആ ഒരു പ്രായം വരെ മെലിഞ്ഞതിന്റെ പേരിലായിരുന്നു ബോഡി ഷെയിമിങ്ങ്. അത് കഴിഞ്ഞപ്പോള്‍ പിന്നെ നിറത്തിന്റെ പേരിലായി. അമ്മയുടെ അടുത്ത് വന്ന് ഈ പെണ്‍കുട്ടി എന്താണ് ഇങ്ങനെ ഇരിക്കുന്നത് എന്നായിരുന്നു പലരുടെയും ചോദ്യം.

ഇതിന് ഒന്നും തിന്നാന്‍ കൊടുക്കുന്നില്ലെ, ഇതിന്റെ മുഖത്ത് എന്തെങ്കിലും തേച്ച് കൊടുക്കു എന്നായിരുന്നു എല്ലാവരുടെയും ഉപദേശം. അതിന്റെ പേരില്‍ പാവം അമ്മയെ അവര്‍ ടോര്‍ച്ചര്‍ ചെയ്യും. അനിയത്തി വെളുത്തതായത് കൊണ്ട് അങ്ങനെയും താരതമ്യം ചെയ്യും. കുറേ കുത്തുവാക്കുകള്‍ കേട്ടതാണ്,” ജുവല്‍ മേരി പറഞ്ഞു.

content highlight: actress juval meri about her family

We use cookies to give you the best possible experience. Learn more