national news
ആര്യന്‍ ഖാന് ജാമ്യം ലഭിക്കാന്‍ 1 ലക്ഷം രൂപയുടെ ബോണ്ട് ഒപ്പിട്ട് നല്‍കി ജൂഹി ചൗള
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 29, 12:28 pm
Friday, 29th October 2021, 5:58 pm

മുംബൈ: ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം ലഭിക്കാനായി ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പിട്ട് നടി ജൂഹി ചൗള.

ബോംബെ ഹൈക്കോടതിയിലെത്തിയാണ് ജൂഹി ചൗള ബോണ്ട് ഒപ്പിട്ടുനല്‍കിയത്. ജാമ്യനടപടികള്‍ വേഗത്തിലാക്കാന്‍ ജൂഹിയുടെ ഇടപെടല്‍ സഹായിച്ചെന്നാണ് റിപ്പോര്‍ട്ട്.

‘ജൂഹി ചൗളയ്ക്ക് ആര്യനെ ചെറുപ്പക്കാലം മുതല്‍ അറിയാം, ജൂഹി ബോണ്ടില്‍ ഒപ്പിടുകയാണ്’, ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ പറഞ്ഞു.

ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്താണ് ജൂഹി ചൗള. ഇരുവരും നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

ഐ.പി.എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലും ഇരുവര്‍ക്കും സഹപങ്കാളിത്തമുണ്ട്.

ആഡംബരകപ്പലിലെ ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന് ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

അറസ്റ്റിലായി 24 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്. കേസിലെ മറ്റ് പ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുണ്‍ ധമേച്ച എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

മുതിര്‍ന്ന അഭിഭാഷകനും ഇന്ത്യയുടെ മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ആര്യന്‍ ഖാന് വേണ്ടി കോടതിയില്‍ ഹാജരായത്. മജിസ്ട്രേറ്റും സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഖാന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം തേടിയത്.

ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍.സി.ബി കസ്റ്റഡിയില്‍ വിട്ടു.

ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതിവരേയും ആര്യന്റെ കസ്റ്റഡി നീട്ടി.

ആര്യനൊപ്പം കേസില്‍ പ്രതികളായ ഏഴ് പേരെയും കസ്റ്റഡിയില്‍ വിട്ടിരുന്നു. ഏഴാം തീയതി വീണ്ടും ആര്യനെ എന്‍.സി.ബി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

ഒക്ടോബര്‍ 20 ന് വീണ്ടും ആര്യന് ജാമ്യം നിഷേധിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Juhi Chawla signs 1 lakh bond for Aryan Khan’s bail