ന്യൂദല്‍ഹി: നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് ദല്‍ഹി ഹൈക്കോടതി. രാജ്യത്ത് 5ജി സേവനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി.
നടിയുടേത് മാധ്യമശ്രദ്ധ നേടാനുള്ള നീക്കമാണെന്ന് ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
മതിയായ പഠനങ്ങള്‍ നടത്താതെ 5 ജി രാജ്യത്ത് നടപ്പാക്കുന്നതിനെ ചോദ്യംചെയ്താണ് ജൂഹി ചൗള ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. 5 ജി തരംഗങ്ങള്‍ ഉണ്ടാക്കുന്ന റേഡിയേഷന്‍ മനുഷ്യനും മറ്റുജീവികള്‍ക്കും എങ്ങനെയൊക്കെ ദോഷമുണ്ടാക്കും എന്നത് സംബന്ധിച്ച പഠനം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം ഹരജിയിലെ വെര്‍ച്വല്‍ ഹിയറിംഗിനിടെ ജൂഹി അഭിനയിച്ച സിനിമകളിലെ പാട്ടുകള്‍ പാടി ഓരാള്‍ രംഗത്തെത്തിയിരുന്നു.
മൂന്ന് തവണയാണ് ഒരാള്‍ പാട്ടുകള്‍പാടി വെര്‍ച്വല്‍ ഹിയറിങ് തടസപ്പെടുത്തിയത്.
ആദ്യം രംഗത്തെത്തിയ അയാള്‍ 1993 ല്‍ പുറത്തിറങ്ങിയ ‘ഹം ഹേ രഹി പ്യാര്‍ കേ’ സിനിമയിലെ ‘ഖൂന്‍ഗത് കി ആദ് സേ’ എന്ന പാട്ടാണ് പാടിയത്. പിന്നീട് അപ്രത്യക്ഷനായ ഇയാള്‍ രണ്ട് തവണ വീണ്ടും രംഗത്തെത്തി ജൂഹിയുടെ സിനിമകളിലെ പാട്ടുകള്‍ പാടി.
ഇതോടെ വെര്‍ച്വല്‍ ഹിയറിങ് നിര്‍ത്തിവച്ചു. അയാളെ നീക്കംചെയ്തശേഷമാണ് നടപടികള്‍ പുനരാരംഭിച്ചത്.