അജിത്തും ശാലിനിയും തമ്മിലുള്ള പ്രണയം ഏറ്റവും അവസാനം അറിഞ്ഞത് ഞാനായിരിക്കും: ജോമോള്‍
Entertainment news
അജിത്തും ശാലിനിയും തമ്മിലുള്ള പ്രണയം ഏറ്റവും അവസാനം അറിഞ്ഞത് ഞാനായിരിക്കും: ജോമോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th January 2023, 9:48 am

നടന്‍ അജിത് കുമാറും നടി ശാലിനിയും തമ്മിലുള്ള പ്രണയത്തിന്റെ കാര്യം ഏറ്റവും അവസാനമറിഞ്ഞ വ്യക്തി താനാണെന്ന് നടി ജോമോള്‍. ആ സമയത്ത് പലരും ചിന്തിച്ചിരുന്നത് കുഞ്ചാക്കോ ബോബനും ശാലിനിയും തമ്മില്‍ വിവാഹം ചെയ്യുമെന്നാണെന്നും എന്നാല്‍ അവര്‍ സുഹൃത്തുക്കളാണെന്ന് നേരത്തെ തന്നെ തനിക്കറിയാമായിരുന്നു എന്നും ജോമോള്‍ പറഞ്ഞു.

നിറം സിനിമയുടെ തമിഴ് പതിപ്പില്‍ അഭിനയിക്കാന്‍ പോയ സമയത്താണ് ശാലിനിയും അജിത്തും തമ്മില്‍ പ്രണയത്തിലാണ് എന്ന കാര്യം താന്‍ അറിഞ്ഞതെന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഏറ്റവും അവസാനമറിയുന്നത് എന്നും താനാണെന്നും താരം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജോമോള്‍ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തത്.

‘പലരും ഓര്‍ത്ത് നടന്നിട്ടുണ്ട് എപ്പോഴാണ് ശാലിനിയും ചാക്കോച്ചനും കല്യാണം കഴിക്കുന്നതെന്ന്. എന്നാല്‍ അവര്‍ തമ്മില്‍ അത്തരത്തില്‍ പ്രണയമൊന്നുമില്ലായെന്ന് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാമായിരുന്നു. അതേസമയം അപ്പുറത്ത് മറ്റൊരു പ്രണയകഥയുണ്ടെന്നും ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാമായിരുന്നു.

എന്നാല്‍ അങ്ങനെയൊരു പ്രണയകഥ നടക്കുന്നുണ്ടെന്ന് ഞാന്‍ അറിയുന്നത് തമിഴില്‍ ഒരു സിനിമ ചെയ്യുമ്പോഴാണ്. നിറം സിനിമയുടെ തമിഴ് റീമേക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഈ കഥ അറിയുന്നത്. പൊതുവെ ഇങ്ങനത്തെ വാര്‍ത്തകളൊക്കെ ഏറ്റവും അവസാനം അറിയുന്ന വ്യക്തി ഞാനാണ്. പല കാര്യങ്ങളും ഇങ്ങനെ തന്നെയാണ്.

നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞിട്ട് അവര്‍ ചോദിക്കുമ്പോഴാണ് ഇങ്ങനെയൊരു സംഭവം നടന്നെന്ന് ഞാന്‍ അറിയുന്നത്. ഓഹോ അങ്ങനെയാണോ എന്ന് അവരോട് ഞാന്‍ ചോദിക്കേണ്ടി വരും. എന്റെ കാര്യം എപ്പോഴും അങ്ങനെയാണ്. എല്ലാം ഏറ്റവും അവസാനമറിയുന്നാളാണ് ഞാന്‍. തമിഴ് സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് അജിത്തിന്റെയും ശാലിനിയുടെയും പ്രണയത്തെ കുറിച്ചുള്ള വര്‍ത്തമാനം അവിടെ നടക്കുന്നുണ്ടായിരുന്നു.

ആ സമയത്ത് ശാലിനിക്ക് അജിത്തിന്റെ ഫോണോ മറ്റോ വരുകയെന്തോ ചെയ്തു. അങ്ങനെയാണ് ആ കാര്യം ഞാന്‍ അറിഞ്ഞത്. അതിന് മുമ്പ് തന്നെ ചാക്കോയും ശാലിനിയും നല്ല സുഹൃത്തുക്കളാണ് എന്ന കാര്യം നമുക്കറിയാമായിരുന്നു. അതില്‍ കൂടുതല്‍ ഒന്നും ഉണ്ടായിരുന്നില്ല. നിങ്ങളൊക്കെ വിചാരിച്ചത് പോലെ കല്യാണത്തിലേക്ക് പോകാന്‍ പാകത്തിലുള്ള ബന്ധമായിരുന്നില്ല അവരുടേത്,’ ജോമോള്‍ പറഞ്ഞു.

content highlight: actress jomol talks about shalini and ajith love story