Entertainment news
കൂടെ വര്‍ക്ക് ചെയ്യാത്തവര്‍ക്കാണ് അദ്ദേഹം ഭയങ്കര സ്ട്രിക്റ്റ്; സത്യത്തില്‍ പഞ്ചപാവമാണ്: ജോമോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 31, 10:16 am
Wednesday, 31st May 2023, 3:46 pm

വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി ജോമോള്‍. തിരിച്ചുവരവില്‍ അഭിനയത്തിന് പകരം സബ്‌ടൈറ്റിലിങ്ങിലാണ് താരം കഴിവ് തെളിയിച്ചിരിക്കുന്നത്. ജാനകി ജാനേ എന്ന സിനിമയുടെ സബ്‌ടൈറ്റിലിങ്ങിലൂടെയാണ് ജോമോള്‍ വീണ്ടും മലയാള സിനിമയില്‍ സജീവമായിരിക്കുന്നത്.

ജോമോളുടെ സിനിമ കരിയറിലെ വഴിത്തിരിവായ സിനിമയായിരുന്നു 1998ല്‍ പുറത്തിറങ്ങിയ എം.ടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ‘എന്ന് സ്വന്തം ജാനകിക്കുട്ടി’. ഈ സിനിമയുടെ സംവിധായകന്‍ ഹരിഹരനോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണിപ്പോള്‍ ജോമോള്‍. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജോമോള്‍ ഹരിഹരനെ കുറിച്ചും എന്ന് സ്വന്തം ജാനകിക്കുട്ടിയുടെ ലൊക്കേഷനിലെ അനുഭവങ്ങളെ കുറിച്ചും പറയുന്നത്.

ഹരിഹരനെ കുറിച്ച്, അദ്ദേഹം വളരെ സ്ട്രിക്റ്റാണ് എന്നുള്ള അഭിപ്രായമാണ് ചിലര്‍ക്കുള്ളത് എന്നും എന്നാല്‍ തന്നെ സംബന്ധിച്ച് അദ്ദേഹം പഞ്ചപാവമാണെന്നും ജോമോള്‍ പറയുന്നു. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാത്തവര്‍ക്കാണ് ഈ അഭിപ്രായമുള്ളതെന്നും ജോമോള്‍ പറഞ്ഞു. ഹരിഹരന്‍ സമയനിഷ്ഠപാലിക്കുന്ന സംവിധായകനാണ് എന്നും ജോമോള്‍ അഭിമുഖത്തില്‍ പറയുന്നു.

‘എനിക്ക് ഹരിഹരന്‍ സാറിന്റെ സ്‌കൂളില്‍ നിന്ന് ലഭിച്ചുള്ള ഒരു ക്വാളിറ്റി സമയനിഷ്ഠയാണ്. സമയത്തിന് ഒരുപാട് വില കല്‍പ്പിക്കുന്ന ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാത്തവര്‍ക്കുള്ള ഒരു ധാരണയാണ് ഹരിഹരന്‍ ഭയങ്കര സ്ട്രിക്റ്റാണ്‌ എന്നുള്ളത്. പക്ഷെ, സാര്‍ പഞ്ചപാവമാണ്. കോഴിക്കോടായിരുന്നു എന്റെ വീട്. അതുകൊണ്ട് ഞാന്‍ വീട്ടില്‍ നിന്നായിരുന്നു ഷൂട്ടിങ്ങിനൊക്കെ പൊയ്‌ക്കൊണ്ടിരുന്നത്.

സീനുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാ ആര്‍ട്ടിസ്റ്റുകളും 8 മണിക്ക് തന്നെ ലൊക്കേഷനിലെത്തണമായിരുന്നു. അതും ഫുള്‍ മേക്കപ്പോടെ. അതുകൊണ്ട് തന്നെ നമ്മള്‍ ഏഴ് മണിക്ക് ലൊക്കേഷനിലെത്തുമായിരുന്നു. എന്നിട്ട് ബ്രേക്ക് ഫാസ്റ്റ് കഴിച്ച്, മേക്കപ്പ് ഇട്ട് ഇരിക്കും. എനിക്ക് പക്ഷെ ഈ സിനിമയില്‍ മേക്കപ്പ് ഉണ്ടായിരുന്നില്ല. ഏതെങ്കിലും ഒരു ഡ്രസ് ഇട്ട്, കണ്ണട വെച്ച് ഞാന്‍ അവിടെ ഇരിക്കും. ഹരിഹരന്‍ സാര്‍ വരുമ്പോള്‍ എല്ലാവരും ആ സെറ്റില്‍ ഉണ്ടായിരിക്കണം.

നമുക്ക് ഫസ്റ്റ് ഷോട്ട് ആണോ, സെകന്റ് ഷോട്ട് ആണോ എന്നതൊന്നും വിഷയമല്ല. സമയത്തിന് ലൊക്കേഷനില്‍ ആളുണ്ടായിരിക്കണം. അത് സാറിന് നിര്‍ബന്ധമായിരുന്നു. ഞാന്‍ അഭിനയിച്ചിരുന്ന സമയത്ത് ഒരു ദിവസം തന്നെ അഞ്ച് സീനൊക്കെ എടുക്കുമായിരുന്നു,’ ജോമോള്‍ പറഞ്ഞു.

content highlights: Actress Jomol about director Hariharan