അമ്മയുടെ ഇലക്ഷനില്‍ മത്സരിക്കണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നുവെന്ന് ജോമോള്‍. ഇത്തവണത്തെ ഇലക്ഷനിലും മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ജോമോള്‍ പറഞ്ഞു.
ആരെങ്കിലും മത്സരിക്കുന്നുണ്ടോയെന്ന് ചോദിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും താന്‍ നില്‍ക്കുമായിരുന്നെന്നും അപ്പോഴും തോല്‍ക്കുമോയെന്ന ഭയം ഉള്ളിലുണ്ടെന്നും ജോമോള്‍ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോമോള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”പതിനായിരം രൂപക്കായിരുന്നു ഞാന്‍ അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുത്തത്. ഇപ്പോള്‍ രണ്ടര ലക്ഷം രൂപയാണ്. ഞാന്‍ 72ാമത് മെമ്പറാണെന്ന് തോന്നുന്നു. അമ്മയിലെ ഇലക്ഷനില്‍ മത്സരിക്കാന്‍ താത്പര്യ കുറവൊന്നുമില്ലായിരുന്നു. പക്ഷെ ആരും ചോദിച്ചിട്ടില്ല.
ഇത്തവണത്തെ വോട്ടിങ്ങിന് ഞാന്‍ ഇല്ലായിരുന്നു. അന്നും എനിക്ക് മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷെ തോക്കുമോയെന്ന ഭയം ഉണ്ടായിരുന്നു. വേണമെങ്കില്‍ എനിക്ക് മത്സരിക്കാമായിരുന്നു. ആരെങ്കിലും പറഞ്ഞാല്‍ തീര്‍ച്ചയായും ഞാന്‍ മത്സരിക്കുമായിരുന്നു.
ആശാ ശരത്ത്, ഹണി റോസ് തുടങ്ങി കുറേ താരങ്ങള്‍ തോറ്റുപോയി. തോല്‍ക്കുന്നത് നമുക്ക് വിഷമമുള്ള കാര്യമാണല്ലോ. കോവിഡിന് ശേഷമുള്ള വലിയ ഗ്യാപ്പിനും വിവാദങ്ങള്‍ക്ക് ഇടയിലുമൊക്കെയാണ് ഇലക്ഷന്‍ നടന്നത്.
അമ്മക്കുള്ളില്‍ എനിക്ക് അങ്ങനെ ഒരു സെറ്റ് ഓഫ് ആള്‍ക്കാര്‍ ഇല്ല. എല്ലാവരെയും കാണുന്നു ചിരിക്കുന്നു എന്നല്ലാതെ കൂട്ടമായിട്ടൊന്നും നില്‍ക്കാറില്ല,” ജോമോള്‍ പറഞ്ഞു.
മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന ജോമോള്‍ ബിഗ് സ്‌ക്രീനില്‍ നിന്നും ഇടവേള എടുത്തിട്ട് വര്‍ഷങ്ങളാകുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന താരം ഇപ്പോള്‍ സിനിമകള്‍ക്ക് ഇംഗ്ലീഷ് സബ് ടൈറ്റില്‍ തയ്യാറാക്കി കൊണ്ട് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.
content highlight: actress jomol about a.m.m.a election